റെക്കോഡ് ബുക്കിലേക്ക് നിര്‍മലയുടെ ആറാം ബജറ്റ്, ജനങ്ങള്‍ക്ക് ആറാട്ടാകുമോ?

തുടര്‍ച്ചയായ ആറ് തവണ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡിലേക്ക് നടന്നു കയറുകയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഫെബ്രുവരി ഒന്നിന് രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതോടെ മുന്‍ഗാമികളെ പലരെയും നിര്‍മല പിന്നിലാക്കും.

നിലവില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡ് മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 1959 മുതല്‍ 64 വരെയുള്ള കാലയളവില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും മൊറാര്‍ജി ദേശായി അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളതും മൊറാര്‍ജി ദേശായിയാണ്. മൊത്തം പത്ത് ബജറ്റുകള്‍.

തുടര്‍ച്ചയായ അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ ധനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, പി.ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരെ പിന്നാലാക്കിയാണ് നിര്‍മല മൊറാര്‍ജി ദേശായിയുടെ റെക്കോഡിനൊപ്പമെത്തുക. എന്നാല്‍ തുടര്‍ച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിക്കുന്ന വനിതാ ധനമന്ത്രിയെന്ന നേട്ടം നിര്‍മലയ്ക്ക് മാത്രം സ്വന്തം.

1970-71 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ധിരാഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിച്ച ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍.

വരുന്ന മാര്‍ച്ച്-ഏപ്രിലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് മാത്രമായിരിക്കും നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെയുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് അനുമതി തേടുകമാത്രമാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. അതുകൊണ്ടിതിനെ വോട്ട് ഓൺ അക്കൗണ്ട് എന്നാണ് പറയുക. ഏപ്രില്‍-ജൂലൈ കാലയളവിലേക്കുള്ള സര്‍ക്കാരിന്റെ ചെലവഴിക്കലിന് പാര്‍ലമെന്റിന്റെ അനുമതി തേടുകയാണ് ചെയ്യുന്നത്. ജൂണോടെ പുതിയ സര്‍ക്കാര്‍ അധികരത്തിലേറുകയും ജൂലൈയില്‍ 2024-25 വര്‍ഷത്തേക്കുള്ള അന്തിമ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും.

ബജറ്റ് അവതരണത്തിലെ ചില മാറ്റങ്ങള്‍

2001ല്‍ എ.ബി വാജ്‌പേയി സര്‍ക്കാരിന്റെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ് വൈകിട്ട് അഞ്ചിന് ബജറ്റവതരിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തി രാവിലെയാക്കിയത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ധനമന്ത്രി. 2014-15 മുതല്‍ 2018-19 വരെ തുടര്‍ച്ചയായ അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച ജെയ്റ്റ്‌ലിയാണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനം ബജറ്റ് അവതരിപ്പിച്ചിരുന്ന കീഴ്‌വഴക്കം അവസാനിപ്പിച്ച് ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. 2017ലാണ് ആദ്യമായി ഫെബ്രുവരി ഒന്നിന് ബജറ്റവതിപ്പിച്ചത്. കൂടാതെ റെയില്‍വേ ബജറ്റ് പൊതു ബജറ്റിനൊപ്പമാക്കി തിരിച്ചു കൊണ്ടു വന്നതും ജെയ്റ്റ്‌ലിയാണ്.

ജെയ്റ്റ്‌ലിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് ധനകാര്യചുമതലയേറ്റെടുത്ത പീയൂഷ് ഗോയല്‍ 2019-20ലെ ഇടക്കാല ബെജറ്റ് 2019 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചു. ഇതേ ബജറ്റിലാണ് ശമ്പളക്കാരായ നികുതിദായകര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി വര്‍ധിപ്പിച്ചത്. കൂടാതെ അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരുടെ നികുതി റിബേറ്റ് 2,500 രൂപയില്‍ നിന്ന് 12,500 രൂപയാക്കുകയും ചെയ്തു. സാധാരണ ഇടക്കാല ബജറ്റില്‍ വന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാറില്ലെങ്കിലും പീയൂഷ് ഗോയലിന്റെ ഇടക്കാല ബജറ്റ് ഇത്തരം ചില മാറ്റങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി.

2019ലാണ് നിര്‍മല സീതാരാമന്‍ ധനമന്ത്രിയായി എത്തുന്നത്. ബജറ്റ് രേഖകള്‍ വഹിക്കാന്‍ പരമ്പരാഗാത ബജറ്റ് ബ്രീഫ്‌കേസ് ഉപയോഗിച്ചിരുന്നത് മാറ്റി ദേശീയ ചിഹ്ന്‌നത്തോടു കൂടിയ ചുവന്ന തുണി ഉപയോഗിച്ച് തുടങ്ങിയത് നിര്‍മലാ സീതാരാമനാണ്. ബജറ്റ് ആദ്യമായി ഡിജിറ്റല്‍ അഥവാ പേപ്പര്‍ലെസ് ആക്കിയതും നിര്‍മലയാണ്. ഇപ്പോള്‍ ബജറ്റ് അച്ചടിക്കാറില്ല. ഡിജിറ്റലായി ആപ്പ് വഴി ലഭിക്കും.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1947ല്‍ ധനമന്ത്രി ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ്. ആദ്യമായി ഔദ്യോഗികമായി ഇടക്കാല ബജറ്റ് എന്ന് വിളിച്ചത് ഈ ബജറ്റിനെയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it