അനുഗ്രഹങ്ങളുമായി അവരെത്തി; നിര്‍മല സീതാരാമന്റെ കന്നി ബജറ്റ് കാണാന്‍ മാതാപിതാക്കളും
രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനകാര്യ മന്ത്രിയായ നിര്‍മല സീതാരാമന്‍ ആദ്യമായി അവതരിപ്പിച്ച ബജറ്റിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളായ നാരായണന്‍ സീതാരാമനും സാവിത്രി സീതാരാമനും എത്തി.
1970 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ധനം വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നപ്പോഴാണ് ആദ്യമായി ഒരു വനിതാ മന്ത്രിയുടെ ബജറ്റ് അവതരണം നടന്നത്. എന്നാല്‍ ആദ്യമായാണ് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു മുഴുവന്‍ സമയ വനിതാ ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന ചരിത്ര മുഹൂര്‍ത്തം വന്നെത്തുന്നത്.
ഇതുവരെ പിന്‍തുടര്‍ന്നു പോന്നിരുന്ന ബഡ്ജറ്റ് ബ്രീഫ്‌കേസ് എന്ന പാഞ്ചാത്യ സംസ്‌കാരം മാറ്റി ചുവന്ന തുണിയില്‍ അശോകചക്രവുമായി ചേര്‍ത്തു വച്ചു കൊണ്ടാണ് ഭാരതത്തിന്റെ പ്രതീക്ഷകളെ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്.
ഇതും ചരിത്രത്തിലെ ആദ്യ സംഭവമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അസുലഭ സന്ദര്‍ഭത്തെ സാക്ഷ്യം വഹിക്കാന്‍ എത്തുകയായിരുന്നു മാതാപിതാക്കളും. ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനായിരുന്നു പിതാവ് നാരായണന്‍ സീതാരാമനും അമ്മ വീട്ടമ്മയും.
ശക്തമായ ശബ്ദവും സാഹിത്യം കൂട്ടിക്കലര്‍ത്തിയുള്ള അവതരണ മികവും അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ആദ്യമായാണ് ഒരു ധനകാര്യ മന്ത്രിയുടെ ബജറ്റ് അവതരണത്തിന് മാതാപിതാക്കള്‍ എത്തുന്നത്.
കുറിക്കുകൊള്ളുന്ന മറുപടികളും ഗൗരവതരമായ പെരുമാറ്റവും കൊണ്ട് വ്യത്യസ്തമായ വ്യക്തിത്വമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തുന്ന നിര്‍മലയുടെ ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ചരിത്രപ്രാധാന്യമായ ഈ ബജറ്റ് അവതരണം സുവര്‍ണ ലിപികളില്‍ തന്നെ എഴുതപ്പെടും.