നോർക്ക പുനരധിവാസ പദ്ധതി: ഇനി 10 ഓളം സ്ഥാപനങ്ങളിലൂടെ പ്രവാസികൾക്ക് വായ്പ സേവനം

നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനഃരധിവാസ പദ്ധതി വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്കുമായും കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായും നോര്‍ക്ക റൂട്ട്സ് ധാരണാ പത്രം ഒപ്പുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് (NDPREM) പദ്ധതിയ്ക്കായുള്ള ധാരണാ പത്രം കൈമാറിയത്.

ഇതോടെ 10 ഓളം ധനകാര്യ സ്ഥാപനങ്ങളുടെ 4,000ല്‍ പരം ശാഖകളിലൂടെ പുനരധിവാസ പദ്ധതിയുടെ വായ്പ സേവനം പ്രവാസികള്‍ക്ക് ലഭ്യമാകും. ഫെഡറല്‍ ബാങ്കിന്‍റെ ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളിലൂടെയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ശാഖകളിലൂടെയും പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കും.

നിലവില്‍ നോര്‍ക്ക റൂട്ട്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സിന്റിക്കേറ്റ് ബാങ്ക്, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എന്നിവ മുഖാന്തിരം വായ്പ അനുവദിക്കുന്നുണ്ട്.

നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് പദ്ധതിരേഖ തയാറാക്കുന്നതിനും മറ്റും നോര്‍ക്ക റൂട്ട്സിന്റെ സഹായം ലഭിക്കും.

ഇതോടൊപ്പം പ്രവാസി നിക്ഷേപങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുവാൻ സഹായകമായ നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററും (എന്‍.ബി.എഫ്.സി) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യവസായ സംരംഭക സാദ്ധ്യതകള്‍ സംരംഭകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യം ഒരുക്കുകയാണ് സെന്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങാനുളള സാങ്കേതികവും സാമ്പത്തികവുമായ സഹായവും ഉപദേശവും സെന്റര്‍ ഒരുക്കും.

പൊതുമേഖലാ ബാങ്കുകള്‍, സിഡ്കോ, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് പ്രവാസികളിലേയ്ക്ക് എത്തിക്കുന്നതിനുളള നടപടികളും എന്‍.ബി.എഫ്.സി മുഖേന സ്വീകരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it