ക്രൂഡ് ഓയില്‍ വില താഴുന്നു

ഇറാഖിലെ എണ്ണ ഇടപാട് തടസ്സമില്ലാതെ തുടരുമെന്ന് ഒപെക്

ഇറാനുമായുള്ള സംഘര്‍ഷം മനപ്പൂര്‍വം ആളിക്കത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാകില്ലെന്ന സൂചനകള്‍ പുറത്തുവന്നതിന്റെ വെളിച്ചത്തില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നു. ഇറാഖിലെ യുഎസ് സൈനികര്‍ക്കെതിരെ ഇറാഖിലെ താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായുള്ള വാര്‍ത്ത ക്രൂഡ് ഓയില്‍ വിലയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയതിനു പിന്നാലെ തന്നെ വില 4 % ഇടിഞ്ഞു.

‘ഇറാന്‍ സംയമനം പാലിക്കുന്നതായി തോന്നുന്നു. ഇത് ബന്ധപ്പെട്ട എല്ലാവര്‍ക്കും ഒരു നല്ല കാര്യമാണ്. ലോകത്തിന് വളരെ ഗുണകരവും’- ട്രംപ് പറഞ്ഞതിങ്ങനെ. ഈ പ്രസ്താവനയെത്തുടര്‍ന്നാണ് ക്രൂഡ് വില ബാരലിന് 60 ഡോളറില്‍ താഴെയായത്. മിസൈല്‍ ആക്രമണ വാര്‍ത്തയ്ക്കുശേഷം 65.65 ഡോളറിലെത്തിയിരുന്നു വില. ആക്രമണത്തില്‍ ഒരു അമേരിക്കക്കാര്‍ക്കും പരിക്കില്ലെന്ന് ട്രംപ് സ്ഥിരീകരിച്ചു. സൈനിക നീക്കത്തിനുപകരം ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇറാന്റെ ആക്രമണം തുടക്കത്തില്‍ ഭയപ്പെട്ടത്ര വിനാശകരമായിരുന്നില്ല എന്ന് ലോകത്തിനു ബോധ്യമായിക്കഴിഞ്ഞു.

ഇറാഖിലെ എണ്ണ ഉത്പാദനവും വിതരണവും തടസ്സമില്ലാതെ നടക്കുമെന്ന് ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍ക്കിന്‍ഡോ അറിയിച്ചു.
യുദ്ധഭീതി അകന്നതോടെ രാജ്യാന്തര ഓഹരി വിപണികളും തിരിച്ചുകയറി. ഏഷ്യന്‍ വിപണികളിലെ നേട്ടം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചു. സ്വര്‍ണവിലയിലും കുറവുണ്ടായി.അതേസമയം, ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ രൂപ ദുര്‍ബലമായ ശേഷം അല്‍പ്പം മെച്ചപ്പെട്ടു. ഡോളറിനെതിരെ ആദ്യ ഇടപാടുകളില്‍ മൂല്യം 72 വരെ താഴ്‌ന്നെങ്കിലും വൈകിട്ട് 71.59 ആയി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here