ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി: ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ലഭ്യമാക്കാന്‍ നടപടികളുമായി കേന്ദ്രം. ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം കോവിഡ് ക്ഷാമം നേരിടാന്‍ വ്യോമ, നാവിക സേനയും രംഗത്തുണ്ട്. വിദേശത്തുനിന്ന് ഓക്‌സിജന്‍ ഉല്‍പ്പാദന ഉപകരണങ്ങള്‍ എത്തിക്കുവാന്‍ വ്യോമസേനയുടെ ചരക്കുവിമാനങ്ങള്‍ അയച്ചു. ഒരു മിനുട്ടില്‍ 40 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാവുന്ന 23 ഉപകരണങ്ങളാണ് ജര്‍മനിയില്‍നിന്ന് എത്തിക്കുക. ഓക്‌സിജന്‍ നീക്കത്തിനാവശ്യമായ കണ്ടെയ്‌നറുകളും രാജ്യത്തെത്തിക്കും.

അതേസമയം വിവിധ രാജ്യങ്ങളില്‍നിന്നായി 50,000 ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കാനാണ് കേന്ദ്രമൊരുങ്ങുന്നത്. ഇതിനായി നാവിക സേനയുടെ കപ്പലുകളെയാണ് അയക്കുക.
കൂടാതെ സിംഗപ്പൂരില്‍ നിന്നും യുഎഇയില്‍ നിന്നും ഉയര്‍ന്ന ശേഷിയുള്ള ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച അവലോകനം ചെയ്തതിന് ശേഷമാണ് ഈ നടപടി.
ഓരോ സംസ്ഥാനങ്ങളോടും ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കാനും ഓക്‌സിജന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ തടസമില്ലാത്ത വിതരണവും ഗതാഗതവും ഉറപ്പാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
കൈത്താങ്ങുമായി ടാറ്റ
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ രാജ്യത്തിന് കൈത്താങ്ങുമായി ടാറ്റ ഗ്രൂപ്പ്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് ഓക്‌സിജന്‍ നീക്കത്തിന് 24 ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ടാറ്റ സോഷ്യല്‍ മീഡയിലൂടെ വ്യക്തമാക്കി.


Related Articles
Next Story
Videos
Share it