ഇന്ത്യക്ക് 5-6 ലക്ഷം കോടിയുടെ രക്ഷാ പാക്കേജ് വൈകരുതെന്ന് സാമ്പത്തിക വിദഗ്ധര്‍

കോവിഡ് ബാധ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയെ പിടിച്ചുലച്ച സാഹചര്യത്തില്‍ സമഗ്രമായ സാമ്പത്തിക രക്ഷാ പാക്കേജ് ആവ്ഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം പരിഹരിക്കാനാകാത്ത നഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന്്് സാമ്പത്തിക വിദഗ്ധര്‍. ദുരിതബാധിതര്‍ക്കു താല്‍ക്കാലികാശ്വാസം നല്‍കുന്ന ചെറു പാക്കേജുകളല്ല എല്ലാ മേഖലകള്‍ക്കും പടിച്ചുനില്‍ക്കാന്‍ കരുത്തു പകരുന്ന സൂക്ഷ്മ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വന്‍ പദ്ധതിയാണുണ്ടാകേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈന ബൃഹത്തായ രക്ഷാ പദ്ധതികളിലേക്ക് കടന്നുകഴിഞ്ഞു.യു.കെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വീണ്ടെടുക്കല്‍ പാക്കേജ് ആണ് ഇന്ത്യന്‍ വംശജനായ ധനമന്ത്രി പുറത്തിറക്കിയത്; ജര്‍മ്മനി 'പരിധിയില്ലാത്ത സര്‍ക്കാര്‍ ധനസഹായവുമായി' മുന്നോട്ട് പോകുമ്പോള്‍ അമേരിക്ക ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വീണ്ടെടുക്കല്‍ പാക്കേജിന് അന്തിമരൂപം നല്‍കുന്നു. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലാന്റ്‌സ് എന്നിവ അര ട്രില്യണ്‍ ഡോളര്‍ വീതമുള്ള പദ്ധതിക്കു തുടക്കമിട്ടതും ഇന്ത്യ കാണേണ്ടിയിരിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
.
അമേരിക്കയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജോലി നഷ്ടപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കിയാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിവാര തൊഴില്‍ നഷ്ടമാണു കാണാനാകുന്നത്. വികസിതമായ ഈ സമ്പദ്വ്യവസ്ഥകള്‍ പോലും മന്ദഗതിയിലാകുകയല്ല, മറിച്ച് പ്രതിസന്ധി നേരിടുന്നു. നെഗറ്റീവ് വളര്‍ച്ച അനുഭവിക്കുകയും ചെയ്യും. ആരോഗ്യപരമായ ആഘാതത്തേക്കാള്‍ വളരെ വേദനാജനകവും ദൈര്‍ഘ്യമേറിയതുമായിരിക്കും സാമ്പത്തിക നാശം. അനിവാര്യമായ സാമ്പത്തിക പ്രഹരം മയപ്പെടുത്തുന്നതിനായി ഉടനടി നടപടികളിലേക്ക് നീങ്ങുകയെന്നതാണ്് വിവേകപൂര്‍ണ്ണമായ കാര്യമെന്ന് പ്രമുഖ രാഷ്ട്രീയ സാമ്പത്തിക കാര്യ വിദഗ്ധനായ പ്രവീണ്‍ ചക്രവര്‍ത്തി ദേശീയ മാധ്യമത്തിലെ ലേഖനത്തില്‍ നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ റെസ്റ്റോറന്റുകളില്‍ മൂന്നിലൊന്ന് ഔപചാരിക മേഖലയില്‍ മാത്രം അടച്ചുപൂട്ടിയെന്നും 20 ലക്ഷത്തിലധികം ജോലികള്‍ ഇല്ലാതായെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓട്ടോമോട്ടീവ് മേഖല മുഴുവന്‍ അതിന്റെ ഫാക്ടറികള്‍ അടച്ചുപൂട്ടുകയാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ദശലക്ഷം ആളുകളുടെ വരുമാനം അപകടത്തിലാകുന്നു. ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍, മുഴുവന്‍ കുടുംബങ്ങളും കഷ്ടപ്പെടുന്നു, ഉപഭോഗം കുറയുന്നു, മൊത്തത്തിലുള്ള ഡിമാന്‍ഡ് കുറയുന്നു. ബിസിനസുകള്‍ അടയ്ക്കുമ്പോള്‍, അവരുടെ വാണിജ്യ ബാധ്യതകള്‍ ശൃംഖലയിലേക്കും അവരുടെ ധനകാര്യ സ്ഥാപനങ്ങളിലേക്കും പകരുന്നു. ഇത് സമ്പദ്വ്യവസ്ഥയിലെ വായ്പാ പ്രവാഹത്തെ മരവിപ്പിക്കുകയും ഉത്പാദനം നിര്‍ത്തുകയും ചെയ്യുന്നു. ഇതൊരു ആഗോള പ്രതിസന്ധിയായതിനാല്‍ ഇന്ത്യയ്ക്ക് സമഗ്രമായ ഒരു വീണ്ടെടുക്കല്‍ പാക്കേജ് ആവശ്യമാണ്. അത് ആദ്യം ആഘാതം കുറയ്ക്കണം. സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യണം.

മുന്‍ ധനമന്ത്രി പി. ചിദംബരവും സാമ്പത്തിക വിദഗ്ധരുമായുള്ള തന്റെ ചര്‍ച്ചയില്‍, നാല് തൂണുകളിലായുള്ള പാക്കേജ് ആണ് ആവശ്യമെന്ന അഭിപ്രായം ഏകകണ്ഠമായിരുന്നു. ദുരിതബാധിതര്‍ക്ക് സുരക്ഷാ വല നല്‍കല്‍, യഥാര്‍ത്ഥ സമ്പദ്വ്യവസ്ഥയിലെ തടസ്സങ്ങളെ അഭിസംബോധന ചെയ്യല്‍, സാമ്പത്തിക വ്യവസ്ഥയില്‍ വരാനിരിക്കുന്ന പണദൗര്‍ലഭ്യം ഒഴിവാക്കല്‍, വാണിജ്യ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയായിരിക്കണം അവ.

ജോലികള്‍, വരുമാനം, ഉപഭോഗം എന്നിവയുടെ നാശം മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രതിമാസം 3,000 രൂപ വീതം ആറ് മാസത്തേക്ക്, താഴെത്തട്ടിലുള്ള 12 കോടി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരിട്ട് കൈമാറ്റം ചെയ്യണം. കാര്‍ഷിക തൊഴിലാളികള്‍, കൃഷിക്കാര്‍, ദിവസ വേതനക്കാര്‍, അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 60 കോടി ഗുണഭോക്താക്കളിലേക്ക് ഈ തുക ലഭ്യമാകും. ഇതിന് 2.2 ലക്ഷം കോടി രൂപ ചെലവാകും. വരുമാനം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സുരക്ഷാ വലയും ആത്മവിശ്വാസവും നല്‍കുന്നതിന് ഇതുപകരുക്കുമെന്നത്് പ്രധാനമാണ്. 75,000 കോടി ബജറ്റുള്ള പിഎം കിസാന്‍ പരിപാടിയെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്താം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ജിഎ) വിപുലീകരിച്ച് ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഗ്രാമീണ റോഡുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായുള്ള പൊതുമരാമത്ത് പദ്ധതികളുമായി ബന്ധിപ്പിക്കണം. എംജിഎന്‍ആര്‍ജിഎയെ പ്രധാന്‍ മന്ത്രി ഗ്രാമ സദക് യോജനയും റോഡുകളും പാലങ്ങളും പ്രോഗ്രാമുമായി സംയോജിപ്പിച്ചുകൊണ്ട് ഇത് കാര്യക്ഷമമാക്കാന്‍ കഴിയും. ഈ മൂന്ന് പരിപാടികള്‍ക്കും ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ ബജറ്റ് ഉണ്ട്. ഇത് 3 ലക്ഷം കോടി രൂപയായി ഇരട്ടിപ്പിച്ച് തൊഴില്‍ ആവശ്യമുള്ള ഓരോ ഇന്ത്യക്കാരനും ഉതകുന്ന യഥാര്‍ത്ഥ 'തൊഴില്‍ അവകാശ' പദ്ധതിയായി പ്രവര്‍ത്തിപ്പിക്കുകയും വേണം.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ അധിക അരി, ഗോതമ്പ് എന്നിവ നിറയുന്നുണ്ട്. പൊതു വിതരണ സമ്പ്രദായത്തിലൂടെ ഓരോ ഇന്ത്യന്‍ കുടുംബത്തിനും സൗജന്യമായി 10 കിലോ അരിയും ഗോതമ്പും നല്‍കാന്‍ ആവശ്യമായ അധിക സ്റ്റോക്ക് ഇപ്പോള്‍ ഉള്ളതായാണ് കണക്ക്.

സ്വകാര്യമേഖലയിലൂടെ കുറഞ്ഞത് 20 കോടി ഇന്ത്യക്കാരുടെ കോവിഡ് 19 പരിശോധന, ചികിത്സ, മെഡിക്കല്‍ ഉപകരണ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1.5- ലക്ഷം കോടി ബജറ്റ് ഇതിന് ആവശ്യമാണ്. സ്വകാര്യ ആരോഗ്യ പരിപാലന മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.

റിസര്‍വ് ബാങ്ക് (ആര്‍ബിഐ) 1.5 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി ക്രെഡിറ്റ് ബാക്ക്‌സ്റ്റോപ്പ് സൗകര്യം പ്രഖ്യാപിച്ചത് വളരെ സ്വാഗതാര്‍ഹമാണ്. കൂടാതെ, റിസര്‍വ് ബാങ്ക് റെഗുലേറ്ററി സഹിഷ്ണുത കാണിക്കുകയും ദുരിതത്തിലായ വായ്പക്കാര്‍ക്കായി ഒരു ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്ഥാപിക്കുകയും വേണം. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പലിശനിരക്ക് ഗണ്യമായി കുറയ്ക്കണം. നാശനഷ്ടമുണ്ടായ കയറ്റുമതി, സേവന മേഖലകള്‍ക്കായി (എയര്‍ലൈന്‍സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദം, ലോജിസ്റ്റിക്‌സ്, തുണിത്തരങ്ങള്‍, തുകല്‍) രണ്ട് വര്‍ഷത്തെ നികുതി അവധി അനുവദിക്കുന്നതിനു പുറമേ ഉചിതമായ പ്രോത്സാഹന പദ്ധതിയും രൂപകല്‍പ്പന ചെയ്യണം. ഇതിന് ഖജനാവിന് ഒരു ലക്ഷം കോടി മുതല്‍ 2 ലക്ഷം കോടി വരെ ചെലവു വരും.

ഇവയെല്ലാം ചേരുമ്പോള്‍ വേണ്ടിവരുന്ന 5-6 ലക്ഷം കോടി എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം സ്വാഭാവികമായുയരും. ലക്ഷം കോടി രൂപ ക്രൂഡ് ഓയില്‍ വിലയിടിവു മൂലം ലാഭിക്കാന്‍ കഴിയുന്ന സാഹചര്യമാണ് അവിചാരിതമായി വന്നുചേര്‍ന്നിരിക്കുന്നത്. നിലവിലെ ബജറ്റില്‍ യുക്തിസഹമായ റീ അലോട്ട്‌മെന്റ് നടത്തിക്കൊണ്ടുതന്നെ ബാക്കി തുക കണ്ടെത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനസൗകര്യ വികസനത്തിനു മാറ്റിവച്ചിരിക്കുന്ന ഗണ്യമായ തുകയും മറ്റും തൊഴില്‍ വികസന പദ്ധതികളുമായി ബന്ധപ്പെടുത്തുന്നതോടെ ഇത് യുക്തിസഹമായി കൈകാര്യം ചെയ്യാനാകുമെന്നുമാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it