പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇടിവ്

രാജ്യത്ത് പെട്രോള്‍ വില്‍പ്പന 61 ശതമാനവും ഡീസല്‍ വില്‍പ്പന 56.5 ശതമാനവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്. എന്നാല്‍ ഏപ്രില്‍ അവസാന ആഴ്ചകളില്‍ ലോക്ക് ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വില്‍പ്പന കൂടി വരുന്നുമുണ്ട്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീടിനകത്ത് ഒതുങ്ങുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങാതാവുകയും ചെയ്തതാണ് റെക്കോര്‍ഡ് വില്‍പ്പനയിടിവിലേക്ക് നയിച്ചത്.

പെട്രോള്‍ വില്‍പ്പന ഏപ്രില്‍ ആദ്യവാരങ്ങളില്‍ 64 ശതമാനം ഇടിഞ്ഞിരുന്നു. ഡീസല്‍ വില്‍പ്പന 61 ശതമാനവും. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവലിന്റെ വില്‍പ്പനയില്‍ 91.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാര്‍ഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തിയതും വിമാനത്തിലൂടെയുള്ള രക്ഷാദൗത്യങ്ങള്‍ ഉണ്ടായതും മൂലമാണ് ഏപ്രില്‍ ആദ്യവാരത്തെ 94 ശതമാനം ഇടിവില്‍ നിന്ന്, 91.5 ലേക്ക് ഇടിവ് കുറഞ്ഞത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയ്ല്‍ കമ്പനികളില്‍ നിന്നുള്ള വിവരങ്ങളാണിത്.

രാജ്യത്തെ ഓയല്‍ വില്‍പ്പനയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ കമ്പനികളാണ്. അതേസമയം എല്‍പിജിയുടെ വില്‍പ്പന 12 ശതമാനം വര്‍ധിക്കുകയാണുണ്ടായത്. റസ്‌റ്റൊറന്റുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും ഗാര്‍ഹിക ഉപഭോഗം കൂടിയതാണ് എല്‍പിജിക്ക് തുണയായത്.

ലോക്ക് ഡൗണ്‍ നീട്ടിയതോടെ വില്‍പ്പന സാധാരണ നിലയിലേക്ക് എത്താന്‍ കമ്പനികള്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. മിക്ക കമ്പനികളും 50 ശതമാനം പ്രവര്‍ത്തന ശേഷി മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. സ്‌റ്റോക്ക് നിറഞ്ഞതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഇന്ധന വില്‍പ്പന ഇടിയുന്നതിലൂടെ ഉണ്ടാകുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it