ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതല ചര്‍ച്ച

ഇന്ത്യയിലെക്ക് രാജ്യാന്തര നിക്ഷേപം ആകര്‍ഷിക്കാന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വെര്‍ച്വല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റൗണ്ട് ടേബ്ള്‍ നടക്കും. ലോകത്തിലെ ഏറ്റവും വലിയ 20 പെന്‍ഷന്‍ ആന്‍ഡ് സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുടെ ഉന്നത പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്ക, യൂറോപ്പ്, കാനഡ, കൊറിയ, ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, ആസ്‌ത്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഈ ഫണ്ട് ഹൗസുകളുടെ മൊത്തം എയുഎം ഏതാണ്ട് ആറ് ട്രില്യണ്‍ യുഎസ് ഡോളറാണ്.

ആഗോള ഫണ്ട് ഹൗസുകളുടെ സാരഥികള്‍ക്കൊപ്പം ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് മേധാവികളും മീറ്റില്‍ സംബന്ധിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എമിരറ്റസ് രത്തന്‍ ടാറ്റ, കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ഉദയ് കോട്ടക്, എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ്.

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലിപ് സാംഘ്‌വി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ലക്ഷ്യം വിശ്വാസം ആര്‍ജ്ജിക്കല്‍

ആഗോള നിക്ഷേപകര്‍ ഇന്ത്യയിലെ ചില വിദേശ നിക്ഷേപ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആശങ്കകള്‍ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ മീറ്റും. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആഗോള തലത്തിലെ പെന്‍ഷന്‍, വെല്‍ത്ത് ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം രാജ്യത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടാകും.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ റെക്കോര്‍ഡ് നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്കുണ്ടായിരിക്കുന്നത്. ഏപ്രില്‍ - ആഗസ്ത് കാലയളവില്‍ 35.73 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 13 ശതമാനം വര്‍ധന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it