ഫാസ്റ്റ് ട്രെയിന്‍ ഓടിക്കാനുള്ള ട്രാക്ക് എവിടെ?: കമ്പനികള്‍ , മറുപടിയില്ലാതെ റെയില്‍വെ

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ തയ്യാര്‍. പക്ഷേ, അതിനു പറ്റിയ ട്രാക്ക് ഇന്ത്യന്‍ റെയില്‍വേക്ക് എവിടെയാണുള്ളത്? റെയില്‍വെ ലക്ഷ്യമിടുന്ന 30000 കോടിയുടെ സ്വകാര്യവത്കരണ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളുടെ ചോദ്യത്തിനു കിട്ടിയത് എങ്ങും തൊടാതെയുള്ള മറുപടി.

പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യ സ്വകാര്യ കമ്പനികള്‍ക്കായി റെയില്‍ മേഖല തുറക്കുന്നതിന്റെ ആമുഖമായുള്ള യോഗ്യതാ അഭ്യര്‍ത്ഥനയുടെ നടന്ന ഔദ്യോഗിക പ്രീ-ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 16 കമ്പനികളില്‍ നിന്ന് ഇതുപോലുള്ള ചോദ്യങ്ങള്‍ വന്നെങ്കിലും കാര്യമായ സംശയ ദൂരീകരണമുണ്ടായില്ലെന്നാണ് സൂചന. പ്രതിനിധികളുടെ ഭാഗത്ത് നിന്ന് യോഗ്യത, ലേല നടപടി, ട്രെയിനുകളുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു.

സ്വകാര്യവത്കരണം പരിഗണിക്കുന്ന റൂട്ടുകളിലെ യാത്രാക്കരുടെ കണക്കടക്കമുള്ള വിവരങ്ങള്‍ കമ്പനികള്‍ക്ക് റെയില്‍വെ കൈമാറുമെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാവും കമ്പനികളുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാവുക. കമ്പനികള്‍ക്ക് ട്രെയിനുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യാമെന്നും റെയില്‍വെ വ്യക്തമാക്കിയിരുന്നു.

പദ്ധതി ഫലപ്രദമാകുമ്പോഴേക്കും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനായി ട്രാക്കുകള്‍ നവീകരിക്കാനാകുമെന്നാണ്് റെയില്‍വേ അധികൃതര്‍ വ്യവസായ പ്രതിനിധികളോട് പറഞ്ഞത്. ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കാമോ എന്ന ചോദ്യമുണ്ടായിരുന്നു.അതിനും കൃത്യമായിരുന്നില്ല മറുപടി. ടെന്‍ഡറിന്റെ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന ട്രെയിനുകള്‍ എവിടെനിന്നും കൊണ്ടുവരാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അവരോട് പറഞ്ഞു.

പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് 16 ഓളം കമ്പനികളാണ് രംഗത്തെത്തിയത്. ജിഎംആര്‍ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ് പവര്‍, ഭാരത് ഫോര്‍ജ്, ആര്‍ഐടിഇഎസ്, സിഎഎഫ്, ഗേറ്റ്വേ റെയില്‍, ഹിന്ദ് റെക്ടിഫൈയേര്‍സ് ലിമിറ്റഡ്, വാഗണ്‍ നിര്‍മ്മാതാക്കളായ ടൈറ്റാഗഡ് വാഗണ്‍സ് എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ നിതി ആയോഗിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഏതൊക്കെ കമ്പനികളാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് റെയില്‍വെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it