ക്വിന്റ്' വാര്‍ത്താ പോര്‍ട്ടല്‍ ബി.എസ്.ഇ ലിസ്റ്റിംഗിന്

ദി ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ മാതൃ കമ്പനിയായ ക്വിന്റിലിയന്‍ മീഡിയയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു. നിക്ഷേപം, കപ്പല്‍ പൊളിക്കല്‍ തുടങ്ങിയ ബിസിനസുകള്‍ നടത്തുന്ന ഗൗരവ് മെര്‍ക്കന്റൈല്‍സ് ആണ് ക്വിന്റിലിയന്‍ മീഡിയയെ ഏറ്റെടുത്ത് ബി.എസ്.ഇ ലിസ്റ്റിംഗ് നടത്തുന്നത്.

ദി ക്വിന്റ് വാര്‍ത്താ പോര്‍ട്ടല്‍ സ്ഥാപകനായ രാഘവ് ബഹലും ഭാര്യ റിതു കപൂറുമാണ് ക്വിന്റിലിയന്‍ മീഡിയയുടെയും ഗൗരവ് മെര്‍ക്കന്റൈല്‍സിന്റെയും നിലവിലെ മുഖ്യ പ്രൊമോട്ടര്‍മാര്‍.ഗൗരവ് മെര്‍ക്കന്റൈല്‍സിന്റെ പേര് അനുയോജ്യമാം വിധം മാറ്റാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ലിസ്റ്റിംഗ് ലക്ഷ്യമാക്കി 'ക്വിന്റ്' എന്നു ചേര്‍ത്ത് പേരു പരിഷ്‌കരിക്കുമെന്ന സൂചനയാണ് ഈ തീരുമാനത്തിനു പിന്നിലുള്ളതെന്ന നിരീക്ഷകര്‍ പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്ത നെറ്റ്വര്‍ക്ക് 18 ഗ്രൂപ്പ് സ്ഥാപിച്ചതും രാഘവ് ബഹല്‍ ആണ്. 2018 മാര്‍ച്ച് പാദത്തിനുശേഷം ഒരു രൂപ പോലും പ്രവര്‍ത്തന വരുമാനം നേടിയിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഗൗരവ് മെര്‍ക്കന്റൈല്‍സിന്റെ ഓഹരി വില 40 രൂപയില്‍ നിന്ന് ആറ് മടങ്ങ് ഉയര്‍ന്നിരുന്നു. ഇന്ന് 5 ശതമാനത്തോളം വില വര്‍ധിച്ച് 275 രൂപയായി.

ഗൗരവ് മെര്‍ക്കന്റൈല്‍സിന്റെ 66.42 ശതമാനം ഓഹരികള്‍ 42.50 രൂപ നിരക്കില്‍ 5.6 കോടി രൂപയ്ക്ക് അതിന്റെ മുന്‍ പ്രൊമോട്ടര്‍മാരില്‍ നിന്ന് 2018 ല്‍ ആണ് രാഘവ് ബഹലും ഭാര്യ റിതു കപൂറും ചേര്‍ന്നു വാങ്ങാന്‍ കരാറായത്. ഇടപാട് 2019 ജനുവരിയില്‍ പൂര്‍ത്തിയായി. ക്വിന്റ് ന്യൂസ് പോര്‍ട്ടലും ചില അനുബന്ധ വെബ്സൈറ്റുകളും സ്വന്തമാക്കാനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ ദിവസം ഗൗരവ് മെര്‍ക്കന്റൈല്‍സ് ബോര്‍ഡ് അംഗീകാരം നല്‍കി. ക്വിന്റ്, അതിന്റെ ഹിന്ദി പതിപ്പ്, ഹെല്‍ത്ത്-വെല്‍നെസ് സൈറ്റ് എഫ്‌ഐടി എന്നിവ ഇടപാടിന്റെ ഭാഗമാകും. അതേസമയം, അന്താരാഷ്ട്ര കമ്പനിയായ ബ്ലൂംബെര്‍ഗുമായുള്ള സംയുക്ത സംരംഭമായ ബ്ലൂംബര്‍ഗ് ക്വിന്റ് ഏറ്റെടുക്കലില്‍ ഉള്‍പ്പെടുന്നില്ല.

പുതിയ തീരുമാന പ്രകാരം ഗൗരവ് മെര്‍ക്കന്റൈല്‍സിന്റെ ഓഹരി മൂലധനം 2 ദശലക്ഷം ഷെയറുകളില്‍ നിന്ന് 18.5 ദശലക്ഷം ഷെയറുകളായി ഉയരും.മൊത്തം ഓഹരികളുടെ 60 ശതമാനവും ബഹലും കപൂറും വാങ്ങുമ്പോള്‍ കമ്പനി ചെയര്‍മാന്‍ മോഹന്‍ ലാല്‍ ജെയിന് 4.99 ശതമാനം ഓഹരികള്‍ സ്വന്തമാകും. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജെയിനും ക്വിന്റിലിയന്റെ ബോര്‍ഡിലുണ്ട്. വിദഗ്ധ വിശകലനത്തില്‍ 30.6 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവും 12.6 കോടി രൂപയുടെ ഓഹരി മൂല്യവും വരുന്നതാണ് ക്വിന്റ് ഏറ്റെടുക്കല്‍. ഡിജിറ്റല്‍ മീഡിയ ബിസിനസില്‍ ശക്തമായ ചുവടുറപ്പിക്കാന്‍ ഇതിടയാക്കുമെന്നു നിരീക്ഷകര്‍ പറയുന്നു.

സര്‍ക്കാരില്‍ നിന്ന് പ്രക്ഷേപണ ലൈസന്‍സ് വാങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബഹലിന്റെ സംയുക്ത സംരംഭമായ ബ്ലൂംബര്‍ഗ് ക്വിന്റ് ഏപ്രിലില്‍ ടെലിവിഷന്‍ വിഭാഗം അടച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ക്വിന്റ് ഏതാനും ഉദ്യോഗസ്ഥരെ ജോലില്‍ നിന്നു മാറ്റി നിര്‍ത്തിയതും വാര്‍ത്തയായിരുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നികുതി വെട്ടിപ്പ് , കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളുമായി ബാഹലിനെതിരെ അന്വേഷണം നടത്തിവരുന്നുണ്ട്. പിഎംസി ഫിന്‍കോര്‍പ്പിലെ ഓഹരി വ്യാപാരം സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും അന്വേഷണ നടപടി ആരംഭിച്ചിരുന്നു.

ഹാല്‍ദിറാം, എലാര ക്യാപിറ്റലുമായി ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായുള്ള വെസ്‌പെറ ഫണ്ട് എന്നിവയുള്‍പ്പെടെയുള്ള വന്‍ നിക്ഷേപകരെ ഗൗരവ് മെര്‍ക്കന്റൈലിലേക്ക് ആകര്‍ഷിക്കാന്‍ ബഹലിനു കഴിഞ്ഞിരുന്നു. ഹല്‍ദിറാമും എലാരയും നിഷ്‌ക്രിയ പങ്കാളിത്തം വഹിക്കുന്ന പൊതു നിക്ഷേപകരാണെന്ന് ബഹല്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ രംഗത്ത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു ദി ക്വിന്റ്. എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളും ക്വിന്റ്് പ്രസിദ്ധീകരിച്ചിരുന്നു.അതേസമയം, 2.38 കോടി രൂപ ചെലവിട്ട് ബാഹല്‍ ലണ്ടനില്‍ വാങ്ങിയ ആസ്തിയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

താനോ തന്റെ ബിസിനസ് സ്ഥാപനങ്ങളോ ഏതെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുമില്ലെന്നാണ് ആരോപണങ്ങളുയര്‍ന്നപ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമനയച്ച കത്തില്‍ ബഹല്‍ അവകാശപ്പെട്ടത്. കള്ളപ്പണക്കാരെ പിടികൂടാനുള്ള സര്‍ക്കാരിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നിഷ്‌കളങ്കരെ വേട്ടയാടാനുള്ള ഉപകരണമാക്കി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം തന്റെ കത്തില്‍ പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാനുള്ള അവസരങ്ങളെ അത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ കൊണ്ട് സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it