റിസര്‍വ് ബാങ്കിന്റെ അയഞ്ഞ നയം ആപത്ത്: മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ

സാമ്പത്തിക സ്ഥിരതയ്ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള ചില കടുത്ത നടപടികളില്‍ വെള്ളം ചേര്‍ക്കുന്ന റിസര്‍വ് ബാങ്ക് നടപടി രാജ്യത്തിനു ദോഷകരമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ. പണപ്പെരുപ്പത്തിന്റെ നിശ്ചിത ലക്ഷ്യം ദുര്‍ബലമാക്കുന്ന മിച്ച പണലഭ്യതാ നയം മൂലം ഗോള്‍ പോസ്റ്റ് മാറ്റി പ്രതിഷ്ഠിക്കപ്പെടുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സഹിഷ്ണുത മുന്‍നിര്‍ത്തിയുള്ള റിസര്‍വ് ബാങ്ക് നടപടികള്‍ അമിതമായതായി ആചാര്യ ചൂണ്ടിക്കാട്ടി. ഐബിസി (ഇന്‍സോള്‍വെന്‍സി & പാപ്പരത്വ കോഡ്) യുമായി ബന്ധപ്പെട്ട് സമയബന്ധിതമായി യാതൊന്നും ചെയ്യുന്നില്ല. കടം മൊറട്ടോറിയത്തിന്റെ കാലാവധി തീര്‍ന്നശേഷമുള്ള സ്ഥതിയെന്തായിരിക്കും? പേയ്മെന്റുകള്‍ നടക്കാത്ത സമയം കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് ആസ്തി ഗുണനിലവാര അവലോകനം നടത്തുമോ? അതാണ് യഥാര്‍ത്ഥ പരീക്ഷണം.സമ്പദ് വ്യവസ്ഥയുടെ ആസ്തി നിലവാരം ആരോഗ്യകരമായി പരിഷ്‌കരിക്കുന്നതിന് സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമ്മര്‍ദ്ദ പരിശോധന നടത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറാകേണ്ടതുണ്ട്.

വായ്പയെടുക്കുന്നവര്‍ ഹ്രസ്വകാല സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി തളരുന്നതൊഴിവാക്കുന്നതിന് ചില നടപടികളുണ്ടാകേണ്ടത് ആവശ്യമായിരുന്നു.അതിനായി നിബന്ധനകളില്‍ ചിലത് ഒഴിവാക്കി, ചിലത് നേര്‍പ്പിച്ചു.അതേസമയം, മുന്നോട്ടുള്ള സമ്മര്‍ദ്ദത്തെ നേരിടുന്നതിന് ബാങ്കുകള്‍ക്കാവശ്യമായ സമയബന്ധിതമായ മൂലധന ഭദ്രത ഉറപ്പാക്കുന്നില്ല.- ആചാര്യ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പത്തിനെതിരായ കുരിശുയുദ്ധക്കാരനായി അറിയപ്പെടുന്ന ആചാര്യ റിസര്‍വ് ബാങ്ക് കൈക്കൊണ്ടുവരുന്ന ദ്രവ്യത നിലപാടിനെ വിമര്‍ശിച്ചു. എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി)യുടെ നയരൂപീകരണ പ്രക്രിയ അപ്രസക്തമായി മാറുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്തെ മരവിപ്പിക്കല്‍ നടപടികള്‍ക്കു ശേഷം സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാന്‍ മോശം വായ്പകള്‍ തിരിച്ചറിയേണ്ടതുണ്ട്. സമയബന്ധിതമായി പാപ്പരത്ത നടപടികളും വേണ്ടിവരും. വേണ്ടത്ര മൂലധനമുള്ള ബാങ്കുകള്‍ക്ക് മാത്രമേ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയൂ. ധനകാര്യ അച്ചടക്കത്തിന്റെ അഭാവമാണ് പൊതുമേഖലാ ബാങ്കുകളുടെ പുനര്‍ മൂലധനവല്‍ക്കരണത്തിനുള്ള പ്രാധാന പ്രതിബന്ധം.അവ ഖജനാവിന് ഭാരമാകാന്‍ ഇടയായിക്കൂടാ.

2017ലാണ് റിസര്‍വ് ബാങ്കിന്റെ നാലു ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാള്‍ ആചാര്യയെ നിയമിച്ചത്. ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു 45-കാരനായ ആചാര്യ. 2020 ജനുവരി 20 വരെ കാലാവധിയുള്ളപ്പോഴാണ് രാജിവച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേക്ക് പ്രൊഫസറായി പോയത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനശേഖരത്തില്‍നിന്ന് കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെയും ചില ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇടപെട്ടതിന്റെയും പശ്ചാത്തലത്തില്‍ എതിര്‍പ്പു പരസ്യമാക്കിയ ശേഷമാണ് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചതിനു പിന്നാലെ അദ്ദേഹവും രാജി നല്‍കിയത്.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലാണ് മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിക്കു കാരണമായതെന്ന വെളിപ്പെടുത്തല്‍ ഉള്‍പ്പെടുന്ന ആചാര്യയുടെ പുസ്തകം ഈ ആഴ്ച പുറത്തിറങ്ങും. അമിതമായ പണ, വായ്പാ നടപടികളാണ് സമ്പദ്ഘടനയുടെ സ്ഥിരത നഷ്ടപ്പെടും വിധം രാജ്യത്തെ അധഃപതനത്തിലെത്തിച്ചതെന്ന് ആചാര്യ പുസ്തകത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു.

കരുതല്‍ ധനവും അധിക മൂലധനവും ട്രഷറികളിലേക്ക് മാറ്റുന്ന വിധത്തില്‍ കൃത്യമായ തിരുത്തല്‍ നടപടികളുടെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്നും വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരായ നടപടികള്‍ മന്ദഗതിയിലാക്കണമെന്നും കൂടുതല്‍ വായ്പ നല്കാന്‍ സഹായിക്കുന്ന അത്യുദാര നയം സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത റിസര്‍വ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് നയപരമായ വിഷയങ്ങളില്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പുസ്തകത്തിലുണ്ട്.

ശക്തവും വിവേക പൂര്‍ണ്ണവുമായ ബാങ്കിംഗ് സംവിധാനത്തിനുവേണ്ടിയുള്ള ഒരു സംവിധാനം(ആര്‍ബിഐ) ശരിയായ പാതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ ധനപരമായ ലാഭം മാത്രം വച്ചുള്ള പ്രവര്‍ത്തനങ്ങളും ലോബി സമ്മര്‍ദ്ദങ്ങളും കാരണം കാര്യങ്ങളെ പിന്നോട്ട് കൊണ്ടുപോകാന്‍ ഇടയാക്കിയ സര്‍ക്കാരുമായുള്ള തര്‍ക്കത്തെക്കുറിച്ചും ആചാര്യ വിശദീകരിക്കുന്നുണ്ട്. തന്റെ മേലുദ്യോഗസ്ഥനായിരുന്ന ഉര്‍ജിത് പട്ടേലില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് അദ്ദേഹം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ഉര്‍ജിത് പട്ടേല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ വിമുഖത കാട്ടുമ്പോഴാണ് വിരാള്‍ ആചാര്യ ഒട്ടേറെ കാര്യങ്ങള്‍ തുറന്നു പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it