പലിശ നിരക്ക് വീണ്ടും വര്‍ധിക്കും; റീപോ റേറ്റ് 50 ബേസിക് പോയിന്റ് വരെ ഉയരാന്‍ സാധ്യത

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മോണിറ്ററി പോളിസി കമ്മിറ്റി യോഗം ആരംഭിച്ചു. ഈ പശ്ചാത്തലത്തില്‍ റിപോ റേറ്റ് (Repo Rate) എത്ര ശതമാനം ഉയര്‍ത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബുധനാഴ്ചവരെയാണ് കമ്മിറ്റി യോഗം ചേരുന്നത്. അതുകൊണ്ട് തന്നെ ബുധനാഴ്ചയായിരിക്കും വിഷയത്തില്‍ ആര്‍ബിഐയുടെ പ്രഖ്യാപനം ഉണ്ടാവുക.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ പോളില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ഥാപനങ്ങളുടെയും വിലയിരുത്തല്‍ റിപോ റേറ്റ് 50 ബേസിസ് പോയിന്റുവരെ ഉയരാം എന്നാണ്. എസ്ബിഐ, ബാര്‍ക്ലെയ്‌സ് ഇന്ത്യ, ക്രിസില്‍, ആര്‍ബിഎല്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് റീപോ റേറ്റ് 50 ബേസിസ് പോയിന്റ് ഉയരുമെന്ന് പ്രവചിച്ചത്. ജൂണോടെ റീപോ റേറ്റ് 6 ശതമാനക്കുക എന്ന ലക്ഷ്യത്തോടെ 60 ബേസിസ് പോയിന്റ് വരെ ഉയര്‍ത്താനുള്ള സാധ്യതകള്‍ തള്ളിക്കളായാനാവില്ല എന്നാണ്‌ ഡോയ്‌ചെയ് ബാങ്ക് (Deutsche Bank) റിസര്‍ച്ചിലെ ചീഫ് ഇക്കണോമിസ്റ്റായ കൗശിക് ദാസ് പറഞ്ഞത്.

ചില്ലറ വിലക്കയറ്റം മെയ് മാസം 7 ശതമാനം ആയിരിക്കുമെന്നാണ് പോളില്‍ പങ്കെടുത്ത 10 സ്ഥാപനങ്ങളില്‍ അഞ്ചിന്റെയും വിലയിരുത്തല്‍. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ മാസമാണ് റിസര്‍വ് ബാങ്ക് റീപോ റേറ്റ് 4 ശതമാനത്തില്‍ നിന്ന് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.4 ശതമാനമാക്കിയത്. 50 ബേസിസ് പോയിന്റ് ഉയരുകയാണെങ്കില്‍ റിപോ റേറ്റ് 4.9 ശതമാനമായി വര്‍ധിക്കും. രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപോ റേറ്റ്. അതുകൊണ്ട് തന്നെ റീപോ നിരക്ക് ഉയരുമ്പോള്‍ ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിക്കും.

തെറ്റായ നിഗമനം

റിസര്‍വ് ബാങ്ക് ഫെഡിന് ' ഒപ്പമോ തൊട്ടു മുന്‍പോ നിരക്കു വര്‍ധിപ്പിക്കും എന്ന് പൊതുവേ കരുതിയിരുന്നു. പക്ഷേ മാര്‍ച്ചിലും ഏപ്രിലിലും ഒന്നും ചെയ്തില്ല. വളര്‍ച്ചയ്ക്കു മുന്‍തൂക്കം നല്‍കുന്നതിനാല്‍ നിരക്കുകൂട്ടുന്നില്ല എന്നാണു ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത്. പക്ഷേ മേയ് ആദ്യം ഫെഡ് യോഗത്തിനു തൊട്ടു മുന്‍പ് എംപിസി യോഗം ചേര്‍ന്നു പലിശ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഒപ്പം വാണിജ്യ ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) നാലില്‍ നിന്നു നാലര ശതമാനമാക്കി.

ഇന്നു തുടങ്ങുന്ന എംപിസി യോഗം നിരക്ക് എത്ര വര്‍ധിപ്പിക്കും എന്ന കാര്യത്തില്‍ പല നിഗമനങ്ങളാണുള്ളത്. 35 ബേസിസ് പോയിന്റ്, 40 ബേസിസ് പോയിന്റ്, 50 ബേസിസ് പോയിന്റ് എന്നിങ്ങനെ. ഭൂരിപക്ഷം പേര്‍ 50 ബേസിസ് പോയിന്റ് വര്‍ധന ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. ഓഗസ്റ്റിലും ഒക്ടോബറിലും കൂടി നിരക്ക് വര്‍ധിപ്പിക്കുമെന്നാണു റേറ്റിംഗ് ഏജന്‍സികളും ബാങ്കുകളും കണക്കാക്കുന്നത്.

രാജ്യത്തു ചില്ലറ വിലക്കയറ്റം 7.8 ശതമാനം വരെ എത്തിയ സാഹചര്യത്തില്‍ ചെറിയ വര്‍ധനകള്‍ പാേരെന്നാണു ഭൂരിപക്ഷം പേരുടെയും വിലയിരുത്തല്‍. ജനുവരി മുതല്‍ ആറു ശതമാനത്തിലധികമാണു ചില്ലറ വിലക്കയറ്റം. സാമ്പത്തിക വളര്‍ച്ച തിരിച്ചു കയറാന്‍ ശ്രമിക്കുമ്പോള്‍ പലിശ കൂട്ടി വളര്‍ച്ചയ്ക്കു തടസം ഉണ്ടാക്കണ്ട എന്നായിരുന്നു ധനമന്ത്രാലയത്തിന്റെ മുന്‍ നിലപാട്. റിസര്‍വ് ബാങ്കും അതനുസരിച്ചു നീങ്ങി. ഇപ്പോള്‍ പെട്ടെന്നു പെട്ടെന്നു നിരക്കു കൂട്ടേണ്ട നിലയിലേക്കു പതിച്ചത് ഈ സമീപനം മൂലമാണ്.

പലിശ പെട്ടെന്നു കൂട്ടുന്നത് ജിഡിപി വളര്‍ച്ചയെ ബാധിക്കും എന്നതു റിസര്‍വ് ബാങ്കിനും അറിയാം. പക്ഷേ വിലക്കയറ്റം അതിലും വലിയ ഭീഷണിയായി വളര്‍ന്നു. അത് ജനങ്ങളുടെ ഉപഭോഗത്തെയും ബാധിച്ചു. വില കൂടിയതോടെ ടൂ വീലര്‍ അടക്കം വാഹനങ്ങളുടെ വിപണിയില്‍ ഇക്കോണമി വിഭാഗം ഉല്‍പന്നങ്ങള്‍ക്കു ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. അതിസമ്പന്നര്‍ വാങ്ങുന്ന ലക്ഷുറി ഇനങ്ങളുടെ വില്‍പന വര്‍ധിക്കുകയും ചെയ്തു. ഈ പ്രവണത കൂടുതല്‍ ശക്തമാകാനേ പലിശ വര്‍ധന ഇടയാക്കൂ. പക്ഷേ പലിശ കൂട്ടുകയല്ലാതെ കേന്ദ്ര ബാങ്കുകള്‍ക്ക് മറ്റ് വഴികളില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it