ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി, അടുത്ത വര്‍ഷം ആദ്യം എത്തിയേക്കും.

രാജ്യത്ത് ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലൈയിലാണ് ആര്‍ബിഐ അറിയിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിസിഡി) അവതരിപ്പിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത്. എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് സിബിസിഡി 2021ല്‍ അവതരിപ്പിക്കില്ല.

അടുത്ത സാമ്പത്തിക വര്‍ഷം(2022-23) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പരീഷണാര്‍ത്ഥം സിബിസിഡി പുറത്തിറക്കുമെന്നാണ് വിവരം.എസ്ബിഐ കോണ്‍ക്ലേവില്‍ പങ്കെടുക്കവെ ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ പി. വാസുദേവനാണ് ഇക്കാര്യം അറിയിച്ചത്.
സിബിസിഡിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. എങ്ങനെ നടപ്പാക്കും എന്നതിനെ ആശ്രയിച്ചാകും ഡിജിറ്റല്‍ കറന്‍സിയുടെ പ്രയോജനം. അതുകൊണ്ട് തന്നെ സിബിസിഡി അവതരിപ്പിക്കാന്‍ തിടുക്കം കാണിക്കേണ്ടതില്ലെന്നും വാസുദേവന്‍ പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യനിര്‍ണയ സംവിധാനം, വിതരണം, ഇടനിലക്കാരെ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ആര്‍ബിഐ പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പായി സിബിസിഡി എത്താനാണ് സാധ്യത. അങ്ങനയെങ്കില്‍ നേരിട്ടുള്ള പണമിടപാട് പോലെ ഡിജിറ്റല്‍ കറന്‍സിയും ഉപയോഗിക്കാനാവും. ബാങ്ക് അക്കൗണ്ടോ, യുപിഐ പ്ലാറ്റ്‌ഫോമോ ഇല്ലാതെ റിസര്‍വ് ബാങ്ക് ഒരുക്കുന്ന സംവിധാനത്തിലൂടെ ഇടപാടുകള്‍ നടത്താം.
ഡിജിറ്റല്‍ കറന്‍സി vs ക്രിപ്‌റ്റോ
ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്ന് സര്‍ക്കാര്‍ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സികളെ വേര്‍തിരിക്കുന്ന പ്രധാന ഘടകം അതിൻ്റെ കേന്ദ്രീകൃത വ്യവസ്ഥ തന്നെയാണ്. സര്‍ക്കാരിൻ്റെ കൃത്യമായ ചട്ടക്കൂടിനുള്ളില്‍ നിന്നാവും പ്രവര്‍ത്തനം. നിയപരമായ പരിരക്ഷയും ലഭിക്കും.
ക്രിപ്‌റ്റോ കറന്‍സികള്‍ വികേന്ദ്രീകൃത സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക. ക്രിപ്‌റ്റോ കറന്‍സി കൈവശം വെക്കുന്ന കമ്മ്യൂണിറ്റി മൊത്തമായാണ് അതിനെ നിയന്ത്രിക്കുക. ഡിമാൻ്റിന് അനുസരിച്ച് വിലയില്‍ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകളും സംഭവിക്കും.


Related Articles

Next Story

Videos

Share it