രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ആര്‍ബിഐ
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 8.6 ശതമാനമായി ചുരുങ്ങി ചരിത്രത്തിലാദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനില്‍ ഇക്കണോമിക് ആക്ടിവിറ്റി ഇന്‍ഡക്‌സ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ മോണിറ്ററി പോളിസി ഡിപ്പാര്‍ട്ട്‌മെന്റിലെ പങ്കജ് കുമാറാണ് സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് വെളിവാക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ രാജ്യം സ്തംഭിച്ചപ്പോള്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 23.9 ശതമാനം വരെ ഇടിഞ്ഞതായി കണക്കുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ രണ്ടാം ത്രൈമാസത്തിലും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് ലേഖനം സമര്‍ത്ഥിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തെ ആകെ കണക്കെടുപ്പില്‍ 9.5 ശതമാനം ഇടിവാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക മാന്ദ്യം ബാധിച്ചുവെങ്കിലും ഇടിവ് ചെറിയ കാലയളവിലേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പതുക്കെ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ 27 മാസങ്ങളിലെ സാമ്പത്തിക സൂചകങ്ങള്‍ നിരീക്ഷിച്ചാണ് ലേഖകന്‍ ഈ നിരീക്ഷണങ്ങളില്‍ എത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പട്ട് സമ്പദ് വ്യവസ്ഥ വീണ്ടും സാമ്പത്തിക മേഖലയില്‍ ഉണര്‍വ് കണ്ടു തുടങ്ങിയിട്ടുണ്ട്.
ജിഡിപി സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തിറങ്ങുന്നതിനു മുമ്പ് സാമ്പത്തിക പ്രവര്‍ത്തന സൂചികകള്‍ ഉപയോഗിച്ചുള്ള വിലയിരുത്തലിലാണ് സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാത്രമേ ജിഡിപി സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്ത് വരികയുള്ളൂ.