ഇന്ത്യയില്‍ ആദ്യമെത്തുക ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) ആദ്യം എത്തുക ഹോള്‍സെയില്‍ ഇടപാടുകള്‍ക്കെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിബിഡിസി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ അവതരിപ്പിക്കുമെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഹോള്‍സെയില്‍ സിബിഡിസിയുടെ പ്രായോഗികത വിലയിരുത്തിയ ശേഷം മാത്രമേ റീട്ടെയില്‍ സിബിഡിസി ആര്‍ബിഐ പുറത്തിറക്കൂ.
ധനകാര്യസ്ഥാപനങ്ങള്‍ തമ്മില്‍ നടത്തുന്ന ഇടപാടുകള്‍ക്കാവും ഹോള്‍സെയില്‍ സിബിഡിസി ഉപയോഗിക്കുക. റീട്ടെയില്‍ സിബിഡിസി ആണ് സാധാരണ കറന്‍സി പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നവ. നിലവില്‍ സിബിഡിസിയുടെ സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആര്‍ബിഐ പരിശോധിച്ച് വരുകയാണ്. സിബിഡിസിക്കായി ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ട്. കേന്ദ്രം ആക്ട് ഭേദഗതി ചെയ്യുന്നതിന് പിന്നാലെ പരീക്ഷണാര്‍ത്ഥം സിബിഡിസി എത്തുമെന്ന് ആര്‍ബിഐ കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.
ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, ചൈന, റഷ്യ, കസാഖിസ്ഥാന്‍ ഉള്‍പ്പടെയുള്ളവര്‍ സിബിഡിസി അവതരിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 11 രാജ്യങ്ങളിലാണ് നിലവില്‍ സിബിഡിസി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ളത്. ബഹ്‌മാസ്, ജമൈക്ക,ഇക്കഡോര്‍, ഈസ്‌റ്റേണ്‍ കരീബിയന്‍ (8 രാജ്യങ്ങള്‍), സെനഗല്‍, നൈജീരിയ എന്നിവയാണ് ഈ രാജ്യങ്ങള്‍.