ഇന്ത്യയിലേക്കുള്ള പ്രവാസി പണം വരവ് 23% കുറയും
കോവിഡ്-19 മൂലം ഇന്ത്യ നേരിടുന്ന പ്രതിസന്ധി രൂപക്ഷമാക്കിക്കൊണ്ട് രാജ്യത്തേക്കുള്ള പ്രവാസിപ്പണത്തിന്റെ വരവ് 23 ശതമാനം കുറയുമെന്ന നിഗമനവുമായി ലോക ബാങ്ക്. ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും മലയാളികളാണെന്നിരിക്കേ കേരളത്തെ കടുത്ത ആശങ്കയിലാക്കുന്നുണ്ട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇന്ത്യയിലേക്കെത്തുന്ന പ്രവാസിപ്പണം 64 ബില്യണ്‍ ഡോളറായി (4,892 കോടി രൂപ) കുറയും.കഴിഞ്ഞ വര്‍ഷം 83 ബില്യണ്‍ ഡോളറായിരുന്നു വന്നത്. 2019ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ 5.5 ശതമാനം വളര്‍ച്ച ഉണ്ടായ സ്ഥാനത്താണിത്. ഇന്ത്യയിലെ മൊത്തം പ്രവാസി വരുമാനത്തിലെ 19 ശതമാനവും മലയാളികളുടേതാണെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ് 16. 7 ശതമാനം. മൂന്നാം സ്ഥാനത്ത് 15 ശതമാനവുമായി കര്‍ണാടകയാണ്. ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്നത് പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കോവിഡ്-19 വന്നതോടെ വലിയ മാറ്റം ഈ രംഗത്തുണ്ടാകുമെന്ന് ലോക ബാങ്ക് സൂചിപ്പിക്കുന്നു.
വരുമാനം കുറഞ്ഞതും, ഇടത്തരം വരുമാനം ഉള്ളതുമായ രാജ്യങ്ങളിലേക്കുള്ള പ്രവാസിപ്പണം 2019ലെ 554 ബില്യണ്‍ ഡോളറില്‍ നിന്നും ഈ വര്‍ഷം 445 ബില്യണ്‍ ഡോളറായി (ഏകദേശം 19.7 ശതമാനം) കുറയുമെന്നാണ് ലോകബാങ്ക് കണക്കുകൂട്ടുന്നത്. ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് പ്രവാസിപ്പണം. എന്നാല്‍ കോവിഡ്-19 പ്രതിസന്ധി നാട്ടിലേക്ക് പണമയക്കാനുള്ള പ്രവാസികളുടെ ശേഷിയെ സാരമായി ബാധിക്കുമെന്ന് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പ്പാസ് പറഞ്ഞു. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച ആയിരിക്കുമിത്.
ലോകബാങ്കിന്റെ വീക്ഷണത്തില്‍ തദ്ദേശീയ തൊഴിലാളികളെ അപേക്ഷിച്ച് സാമ്പത്തിക പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുന്നതും വേതനം കുറയുന്നതുമടക്കമുള്ള ഭീഷണികള്‍ കൂടുതലായി നേരിടുന്നത് പ്രവാസികളാണ്. 2019ല്‍ 26 മില്യണ്‍ അഭയാര്‍ത്ഥികള്‍ അടക്കം 272 മില്യണ്‍ അന്താരാഷ്ട്ര കുടിയേറ്റങ്ങളാണ് ലോകത്ത് നടന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2007ലെ 11.1 ശതമാനത്തില്‍ നിന്നും 16.9 ശതമാനമായി കൂടിയിരുന്നു, അതേസമയം തദ്ദേശീയര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് അന്ന് 7.3 ശതമാനത്തില്‍ നിന്നും 11.1 ശതമാനമായാണ് വര്‍ധിച്ചത്.
യാത്രാ നിരോധനങ്ങളും അന്താരാഷ്ട്ര വ്യാപാര തടസങ്ങളും ഓഹരി വിലത്തകര്‍ച്ചയും മൂലം ബഹുരാഷ്ട്ര കമ്പനികളുടെ സമ്പത്ത് ഇടിഞ്ഞു. ഇതു മൂലം ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഈ വര്‍ഷം 35 ശതമാനത്തിലധികം കുറയുമെന്നാണ് ലോകബാങ്ക് പറയുന്നത്. ഈ ഘടകങ്ങളെല്ലാം പുറത്തുനിന്നുള്ള വരുമാന സ്രോതസ്സെന്ന നിലയില്‍ പ്രവാസിപ്പണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഒഴുകുന്ന പ്രവാസിപ്പണം 2019ലെ 714 ബില്യണ്‍ ഡോളറില്‍ നിന്നും ഈ വര്‍ഷം 572 ബില്യണ്‍ ഡോളറായി കുറയും. 2008ല്‍ ലോകം സാമ്പത്തിക മാന്ദ്യം നേരിട്ടപ്പോള്‍ പോലും തൊട്ടടുത്ത വര്‍ഷം പ്രവാസിപ്പണത്തില്‍ അഞ്ച് ശതമാനം ഇടിവ് മാത്രമേ ഉണ്ടായുള്ളൂ. ലോക്ഡൗണുകളും യാത്രാ നിരോധനങ്ങളും സാമൂഹിക അകല നിബന്ധനകളും മൂലം ആഗോള സാമ്പത്തിക ലോകം ഏറെക്കുറെ നിശ്ചലമാണ്. 1930ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക മാന്ദ്യത്തെയാണ് നിലവില്‍ ലോകം അഭിമുഖീകരിക്കുന്നതെന്ന് അന്താരാഷ്ട്ര നാണ്യനിധി പറഞ്ഞിരുന്നു.ആഗോള തലത്തിലുള്ള സാമ്പത്തികവളര്‍ച്ചയില്‍ ഈ വര്‍ഷം മൂന്ന് ശതമാനം ഇടിവാണ് ഐഎംഎഫ് പ്രവചിച്ചത്.
പണമയക്കാനുള്ള ചെലവ് കുറയ്ക്കാന്‍ ജി20 രാജ്യങ്ങളുമായും ആഗോള സംഘടനകളുമായും സഹകരിച്ചുള്ള ലോകബാങ്ക് പ്രവര്‍ത്തനം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ സ്വദേശത്തേക്ക് പണമയക്കുന്നതിനുള്ള ശരാശരി ചെലവ് 2020 ആദ്യപാദത്തില്‍ 6.9 ശതമാനമായിരുന്നു. ഇപ്പോള്‍ 6.8 ശതമാനമായി കുറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യ പ്രകാരം ഇത് 3 ശതമാനം ആയി കുറയേണ്ടതുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline