കേരളത്തിലും വിലക്കയറ്റം കുറഞ്ഞു; രാജ്യത്ത് വ്യാവസായിക രംഗത്തും വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് പ്രതിസന്ധികള്‍ അകലുന്നുവെന്ന് വ്യക്തമാക്കി സെപ്റ്റംബറില്‍ ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation/CPI Inflation) കുത്തനെ കുറഞ്ഞു. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായാണ് കുറഞ്ഞത്. ജൂലൈയില്‍ ഇത് 7.44 ശതമാനമായിരുന്നു.

ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം (food inflation) ഓഗസ്റ്റിലെ 9.94 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 6.56 ശതമാനത്തിലേക്ക് താഴ്ന്നത് വലിയ നേട്ടമായി. പച്ചക്കറി, ധാന്യം, ഇന്ധനം എന്നിവയുടെ വിലനിലവാരം താഴ്ന്നതും ഗുണം ചെയ്തു. രാജ്യത്ത് നഗരങ്ങളില്‍ 4.65 ശതമാനവും ഗ്രാമങ്ങളില്‍ 5.33 ശതമാനവുമാണ് കഴിഞ്ഞമാസം പണപ്പെരുപ്പമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
എന്തുകൊണ്ട് പണപ്പെരുപ്പം കുറയണം?
പ്രധാനമായും റീട്ടെയില്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. ഇത് 2-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.
റീട്ടെയില്‍ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ പണനയ നിർണയ സമിതിക്ക് (എം.പി.സി) നല്‍കിയിട്ടുള്ള നിര്‍ദേശം. പണപ്പെരുപ്പം പരിധിവിട്ടാല്‍, നിയന്ത്രിക്കാനെന്നോണം എം.പി.സി പലിശനിരക്ക് കൂട്ടും. ഇത് വാണിജ്യ, വ്യവസായ മേഖലയെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും. ഫലത്തില്‍, ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയും ഇടിയും. അതിനാല്‍, പണപ്പെരുപ്പം നിയന്ത്രണ വിധേയമാകേണ്ടത് അനിവാര്യമാണ്.
കേരളത്തിലും കുത്തനെ കുറഞ്ഞു
രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റ തോത് വ്യക്തമാക്കുന്ന സൂചികയാണ് റീട്ടെയില്‍ പണപ്പെരുപ്പം. കേരളത്തില്‍ ഇത് കഴിഞ്ഞമാസം ദേശീയതലത്തേക്കാളും കുറഞ്ഞ് 4.72 ശതമാനത്തിലെത്തി.
കേരളത്തില്‍ ജൂലൈയില്‍ 6.51 ശതമാനവും ഓഗസ്റ്റില്‍ 6.26 ശതമാനവുമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. കഴിഞ്ഞമാസം സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ 4.59 ശതമാനവും നഗരങ്ങളില്‍ 4.93 ശതമാനവുമാണ് പണപ്പെരുപ്പം.
രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നുമാണ് കേരളം. ഛത്തീസ്ഗഡ്, ഡല്‍ഹി, അസാം, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവയാണ് കേരളത്തേക്കാള്‍ കുറഞ്ഞ പണപ്പെരുപ്പമുള്ളവ. 1.98 ശതമാനം മാത്രം പണപ്പെരുപ്പമുള്ള ഛത്തീസ്ഗഡാണ് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനം. ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലാണ്.
വ്യവസായ രംഗത്ത് ഉണര്‍വിന്റെ കാഹളം
പണപ്പെരുപ്പം കുറഞ്ഞതിന് പുറമേ വ്യാവസായിക രംഗത്ത് മികച്ച വളര്‍ച്ചയുണ്ടെന്ന സന്തോഷ വാര്‍ത്തയും ഇന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ടു. വ്യാവസായിക ഉത്പാദന സൂചിക (IIP) വളര്‍ച്ച ഓഗസ്റ്റില്‍ 10.3 ശതമാനമായാണ് വളര്‍ന്നത്. ജൂലൈയില്‍ വളര്‍ച്ച 5.7 ശതമാനമായിരുന്നു; 2022 ഓഗസ്റ്റില്‍ വളര്‍ച്ച നെഗറ്റീവ് 0.7 ശതമാനമായിരുന്നു.
സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായ ഖനനം, മാനുഫാക്ചറിംഗ്, വൈദ്യുതി മേഖലകളുടെ മികച്ച വളര്‍ച്ചയാണ് ഇക്കുറി ഓഗസ്റ്റില്‍ നേട്ടമായത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it