Begin typing your search above and press return to search.
പണപ്പെരുപ്പം താഴേക്ക്, കേരളത്തിലും വലിയ ആശ്വാസം; പലിശഭാരം കൂടില്ല
രാജ്യത്ത് ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation/CPI Inflation) ഒക്ടോബറില്‍ 5-മാസത്തെ ഏറ്റവും താഴ്ചയായ 4.87 ശതമാനത്തിലെത്തി. അവശ്യവസ്തുക്കളുടെ വിലനിലവാര സൂചികയായ റീട്ടെയില്‍ പണപ്പെരുപ്പം താഴ്ന്നത് സാമ്പത്തിക ലോകത്തിനും സാധാരണക്കാര്‍ക്കും കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും ഒരുപോലെ ആശ്വാസമേകുന്നതാണ്.
Also Read : കടല്‍കടന്ന് നെതര്‍ലന്‍ഡ്‌സിലേക്ക് ഇന്ത്യയുടെ വാഴപ്പഴം; കേരളത്തിലെ കര്‍ഷകര്‍ക്കും നേട്ടം
ധാന്യങ്ങള്‍, ഇറച്ചി, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍, വസ്ത്രം, പാദരക്ഷകള്‍, ഇന്ധനം എന്നിവയുടെ വില സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസം കൂടിയെങ്കിലും ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ സഹായിച്ചത്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 5.02 ശതമാനമായിരുന്നു.
ആശ്വാസ പരിധിയില്‍
റീട്ടെയില്‍ പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം 5 ശതമാനത്തിന് താഴെ എത്തുന്നത്. 2-6 ശതമാനത്തിനകത്ത് തുടരുന്നത് തുടര്‍ച്ചയായ രണ്ടാംമാസവും.
അതേസമയം, പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയോട് (എം.പി.സി/MPC) കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ച്ചയായ 49-ാം മാസമാണ് ഈ പരിധിക്ക് മുകളില്‍ പണപ്പെരുപ്പം തുടരുന്നതെന്ന തിരിച്ചടിയുണ്ട്. എന്നാല്‍, പണപ്പെരുപ്പം 6 ശതമാനം വരെ ഉയര്‍ന്നാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.
കേരളത്തില്‍ വലിയ ആശ്വാസം
രാജ്യത്ത് അവശ്യവസ്തുക്കള്‍ക്ക് ഏറ്റവും വിലക്കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട പണപ്പെരുപ്പക്കണക്ക് വ്യക്തമാക്കുന്നത്. ഒക്ടോബറില്‍ 4.26 ശതമാനമാണ് കേരളത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം.
Also Read : കൊച്ചി എല്‍.എന്‍.ജി പദ്ധതിക്ക് ബ്രിട്ടന്റെ ഉന്നത റേറ്റിംഗ്; പ്രകൃതിവാതക ഹബ്ബാകാന്‍ കേരളം
Also Read : കൊച്ചി എല്‍.എന്‍.ജി പദ്ധതിക്ക് ബ്രിട്ടന്റെ ഉന്നത റേറ്റിംഗ്; പ്രകൃതിവാതക ഹബ്ബാകാന്‍ കേരളം
സെപ്റ്റംബറിലെ 4.72 ശതമാനത്തില്‍ നിന്ന് കുറഞ്ഞു. ജൂലൈയില്‍ 6.51 ശതമാനം, ഓഗസ്റ്റില്‍ 6.26 ശതമാനം എന്നിങ്ങനെ പണപ്പെരുപ്പമാണ് കേരളത്തിലുണ്ടായിരുന്നത്. ഗ്രാമങ്ങളിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 4.59 ശതമാനത്തില്‍ നിന്ന് 4.02 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.93ല്‍ നിന്ന് 4.62 ശതമാനത്തിലേക്കും കുറഞ്ഞുവെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഛത്തീസ്ഗഢ് (2.44%), ഡല്‍ഹി (2.48%), ജമ്മു കശ്മീര്‍ (3.49%), മദ്ധ്യപ്രദേശ് (3.99%), തമിഴ്‌നാട് (4%), ഹിമാചല്‍ (4.05%) എന്നിവ മാത്രമാണ് കേരളത്തേക്കാള്‍ പണപ്പെരുപ്പം കുറവുള്ളവ. ഹരിയാന, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലാണ്.
കൂടുമോ ബാങ്ക് വായ്പകളുടെ പലിശഭാരം?
റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാന മാനദണ്ഡമാക്കുന്നത് റീട്ടെയില്‍ പണപ്പെരുപ്പമാണ്. ഇത് തുടര്‍ച്ചയായി കുറയുന്നത് ആശ്വാസമാണെങ്കിലും വെല്ലുവിളി ഒഴിഞ്ഞിട്ടില്ല. ഭക്ഷ്യ വിലപ്പെരുപ്പം (Food Inflation) കാര്യമായി കുറയാത്തതാണ് പ്രധാന ആശങ്ക. സെപ്റ്റംബറില്‍ 6.62 ശതമാനമായിരുന്ന ഭക്ഷ്യ വിലപ്പെരുപ്പം ഒക്ടോബറില്‍ 6.61 ശതമാനമായി നേരിയതോതിലാണ് കുറഞ്ഞത്.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 5.6 ശതമാനമായിരിക്കും റീട്ടെയില്‍ പണപ്പെരുപ്പമെന്നാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ ധനനയ യോഗത്തില്‍ വിലയിരുത്തിയത്. നവംബറിലും ഡിസംബറിലും പണപ്പെരുപ്പം കൂടിയേക്കാമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. നവംബറിലെ പണപ്പെരുപ്പം കൂടി പുറത്തുവന്ന ശേഷം അടുത്ത ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ സംബന്ധിച്ച തീരുമാനമെടുക്കും.
പലിശനിരക്ക് കൂട്ടാന്‍ സാധ്യത വിരളമാണ്. ഭക്ഷ്യ വിലപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയും മങ്ങി. ഫലത്തില്‍, നിരക്കുകള്‍ നിലനിറുത്താനാണ് സാധ്യതയേറെ. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് അടുത്ത എം.പി.സി യോഗം. 8ന് രാവിലെ ധനനയം പ്രഖ്യാപിക്കും.
Next Story