രാജ്യത്ത് ചില്ലറ വിലക്കയറ്റത്തില്‍ ആശ്വാസം

ചില്ലറ വിലക്കയറ്റത്തില്‍ ആശ്വാസം. വ്യവസായ ഉല്‍പാദനത്തില്‍ ആശങ്ക. ആഴ്ചയിലെ ആദ്യ ദിവസം പുറത്തുവന്ന സാമ്പത്തിക സൂചകങ്ങള്‍ ഭിന്ന സൂചനകളാണു നല്‍കിയത്. നവംബറിലെ വിലക്കയറ്റം ആറു ശതമാനത്തില്‍ താഴെയായത് വരും മാസങ്ങളിലും തുടരുമോ എന്നാണറിയേണ്ടത്. അതേസമയം വ്യവസായ ഉല്‍പാദനത്തിലെ ഇടിവ് തുടര്‍ന്നാല്‍ രാജ്യം അവിചാരിതമായ മാന്ദ്യത്തിലേക്കു നീങ്ങും. ജനങ്ങളുടെ ഉപഭോഗം കുറയുന്നതാണ് വ്യവസായ ഉല്‍പാദനം കുറയാന്‍ കാരണം. കയറ്റുമതിയിലും കുറവ് വന്നിട്ടുണ്ട്. ഒട്ടും ഭദ്രമല്ല കാര്യങ്ങള്‍ എന്നര്‍ഥം.

അമേരിക്കയിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു രാത്രിയാണു വരിക. വിലക്കയറ്റത്തോതു കുറയുമെന്ന പ്രതീക്ഷയില്‍ യുഎസ് ഓഹരികള്‍ ഇന്നലെ നല്ല കുതിപ്പ് നടത്തി. ഡൗ ജോണ്‍സ് 1.58 ശതമാനവും നാസ്ഡാക് 1.26 ശതമാനവും കയറി. യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.

ഇന്നലെ ഇന്ത്യന്‍ വിപണി മറ്റ് ഏഷ്യന്‍ വിപണികളെ പിന്തുടര്‍ന്ന് നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. എന്നാല്‍ ക്ലോസിംഗ് കാര്യമായ നഷ്ടം ഇല്ലാതെയായിരുന്നു. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡോളര്‍ സൂചികയും ഉയര്‍ന്നു നില്‍ക്കുന്നു. ഏഷ്യന്‍ വിപണികള്‍ രാവിലെ നേട്ടത്തിലാണ്. ചൈനീസ് വിപണികളും ഉയര്‍ന്നാണു വ്യാപാരം തുടങ്ങിയത്.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജി എക്‌സ് നിഫ്റ്റി ഇന്നലെ 18,647-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,620 -ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നല്‍കുന്ന സൂചന.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it