81.76 രൂപയിലേക്കു കയറി ഇന്ത്യന്‍ രൂപ

രൂപ ഇന്നു തിരിച്ചു കയറി. ഡോളര്‍ 33 പൈസ താണ് 81.61 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 81.76 രൂപയിലേക്കു കയറി. രൂപ ഒരവസരത്തില്‍ ഡോളര്‍ 82 രൂപയ്ക്കു മുകളില്‍ കയറുമോ എന്നു തോന്നുന്ന വിധം വിപണി നീങ്ങി. എങ്കിലും റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്നു ഡോളര്‍ 81.93-ല്‍ നിന്ന് 81.6 വരെ താണു. പിന്നീടു കയറി 81.94 രൂപയില്‍ ക്ലോസ് ചെയ്തു. 114- നു മുകളിലായിരുന്നു ഇന്നലെ ഇന്ത്യന്‍ വിപണി പ്രവര്‍ത്തിക്കുമ്പോള്‍ ഡോളര്‍ സൂചിക. പിന്നീടു 112.75 വരെ താണു. ഇന്നു 113.28 ലേക്കു കയറി. ഡോളര്‍ അല്‍പം താഴ്ന്ന നിലവാരത്തില്‍ വ്യാപാരം തുടങ്ങുമെന്നാണു സൂചന. ?

Also Read : രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വില്‍ക്കില്ലെന്ന് ധനകാര്യ മന്ത്രാലയം

ബാങ്ക് ഓഫ് ഇംഗ്ലണ്ട് രക്ഷകരായി

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കടപ്പത്ര വിപണിയെ സ്ഥിരപ്പെടുത്താന്‍ നടപടികള്‍ എടുത്തതാണു ഡോളറിന്റെ കുതിപ്പിനു വിരാമമിട്ടത്., ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ വാങ്ങിവച്ച കടപ്പത്രങ്ങളുടെ വില്‍പന അടുത്തയാഴ്ച തുടങ്ങാനിരുന്നതു നീട്ടിവച്ചതും വിപണിയില്‍ നിന്നു കടപ്പത്രങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതും അതിന്റെ ഭാഗമാണ്. ഇതോടെ ബ്രിട്ടീഷ് കടപ്പത്രങ്ങളുടെ വില്‍പ്പന സമ്മര്‍ദം മാറി, കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം തലേന്ന് അഞ്ചു ശതമാനത്തിനടുത്തായത് ഒരു ശതമാനം ഇടിഞ്ഞു. യുകെയിലെ കടപ്പത്ര വിപണി ഒട്ടൊന്നു ശാന്തമായി.
സര്‍ക്കാരിന്റെ വരുമാനത്തില്‍ 4500 കോടി പൗണ്ടിന്റെ കുറവു വരുത്തുന്ന നികുതിയിളവുകള്‍ പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭ പ്രഖ്യാപിച്ചതോടെയാണു കുഴപ്പങ്ങള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ കമ്മി കുത്തനേ കൂട്ടുന്നതാണു നികുതിയിളവ്. കമ്മി നികത്താന്‍ കൂടുതല്‍ കടപ്പത്രം ഇറക്കുമെന്നു വന്നു.
പലിശ പരിധിയില്ലാതെ കൂടാന്‍ ഇതു കാരണമാകുമെന്നു വിപണി ഭയന്നു. ഇതു സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വിലയിടിച്ചു. അവയിലെ നിക്ഷേപത്തിനു കിട്ടുന്ന ആദായം (yield) അഞ്ചു ശതമാനത്തിനടുത്തു വരുന്ന വിധം വില താണു. ബ്രിട്ടീഷ് പൗണ്ടിന്റെ വില രണ്ടു ദിവസം കൊണ്ട് ഏഴു ശതമാനം ഇടിഞ്ഞു. ഒരു പൗണ്ടിന് 1.03 ഡോളര്‍ വരെയായി. ഇതു തുടര്‍ന്നാല്‍ പൗണ്ട് ഡോളറിനു താഴെയാകുമെന്ന ധാരണ ജനിച്ചു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇടപെടല്‍. ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയുടെ നടപടികള്‍ പ്രഖ്യാപിച്ചതോടെ പൗണ്ട് 1.08 ഡോളറിലേക്കു കയറി. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം ഒരു ശതമാനം കുറഞ്ഞു. ഡോളര്‍ സൂചിക 114.78-ല്‍ നിന്ന് 112.75 ലേക്കു വീണു. ഇതു മറ്റു കറന്‍സികള്‍ക്കും ആശ്വാസമായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it