100 ഡോളറും കടന്ന് ക്രൂഡ് ഓയ്ല്‍ വില, യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് എന്തൊക്കെ?

ആഗോളതലത്തില്‍ ഏവരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് റഷ്യ യുക്രൈനുനേരെ (Russia-Ukraine conflict) സൈനിക നടപടി ആരംഭിച്ചത്. ലോക സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കോവിഡ് മഹാമാരിയില്‍നിന്ന് കരകയറി വരുന്നതിനിടെ, റഷ്യ പ്രഖ്യാപിച്ച ഈ സൈനിക നീക്കം എങ്ങനെയൊക്കെ തങ്ങളെ ബാധിക്കുമെന്നാണ് ഓരോ രാജ്യങ്ങളും നോക്കിക്കാണുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയ്ല്‍ കയറ്റുമതിക്കാരായ റഷ്യയും യുക്രൈനും തമ്മില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ക്രൂഡ് ഓയ്ല്‍ വില കുതിച്ചുയരാന്‍ തുടങ്ങിയിരുന്നു. നിലവില്‍, 2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ ബാരലിന് 102 ഡോളറും കടന്ന് കുതിക്കുകയാണ് ക്രൂഡ് ഓയ്ല്‍ വില. സമാനമായി, അന്താരാഷ്ട്ര സ്വര്‍ണ വിപണിയും മുന്നേറുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ ഔണ്‍സിന് 1943 ഡോളര്‍ എന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ സ്വര്‍ണ വില (Gold Price).

ക്രൂഡ് ഓയ്ല്‍ വില വര്‍ധന എങ്ങനെ ഇന്ത്യയെ ബാധിക്കും
ആഭ്യന്തര റിഫൈനര്‍മാര്‍ സംസ്‌കരിക്കുന്ന ക്രൂഡിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ക്രൂഡ് ഓയ്ല്‍ (Crude Oil) വില വര്‍ധന രാജ്യത്തെ സാരമായി തന്നെ ബാധിക്കും. വില വര്‍ധനവ് വിവിധ വ്യവസായങ്ങള്‍ക്കുള്ള ഇന്‍പുട്ടുകളുടെ വില വര്‍ധിപ്പിക്കുകയും ഗതാഗതം ചെലവേറിയതാക്കുകയും ചെയ്യും. മാര്‍ച്ച് ആദ്യത്തോടെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ, ഇന്ധന വില കുതിച്ചുയര്‍ന്നപ്പോള്‍ 2021 നവംബര്‍ 3 ന് കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിനുശേഷം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില പുതുക്കിയിട്ടില്ല. പിന്നീട് ക്രൂഡ് നവംബര്‍ നിലവാരത്തില്‍ നിന്ന് ഡിസംബറില്‍ കുറയുകയും ജനുവരിയില്‍ കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ബാസ്‌കറ്റ് ക്രൂഡ് ഇറക്കുമതിയുടെ ഫ്രീ ഓണ്‍ ബോര്‍ഡ് വില നവംബറിലെ 80.64 ഡോളറില്‍ നിന്ന് ഡിസംബറില്‍ ബാരലിന് 73.30 ഡോളറായി കുറഞ്ഞ് ജനുവരിയില്‍ 84.87 ഡോളറായുമാണ് ഉയര്‍ന്നത്. ഇന്ധനവില വര്‍ധനവ് ഗതാഗതച്ചെലവിനോടൊപ്പം ചരക്കുനീക്കത്തിന്റെ ചെലവും വര്‍ധിപ്പിക്കും. ചരക്കുനീക്കം വര്‍ധിക്കുന്നതോടെ പച്ചക്കറികള്‍ മുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ വരെയുള്ള എല്ലാറ്റിന്റെയും വില ഉയരാന്‍ കാരണമാകും. ഇത് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ഉയരാന്‍ കാരണമാകും.
കൂടാതെ, ഇത് നിര്‍മാതാക്കളുടെ ചെലവും ഉയര്‍ത്തും വിവിധ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന നിരവധി അസംസ്‌കൃത വസ്തുക്കള്‍ ക്രൂഡില്‍ നിന്ന് എടുക്കുന്നതാണ്. ഇത് പെയിന്റ്, ടയറുകള്‍, പാക്കേജിംഗ്, കേബിളുകള്‍, ഹോസുകള്‍ എന്നിവയുടെ വില കുതിച്ചുയരാന്‍ കാരണമാകും. കൂടാതെ, നാഫ്ത, പെട്രോളിയം കോക്ക്, ഫര്‍ണസ് ഓയില്‍ തുടങ്ങിയ ക്രൂഡ് ഡെറിവേറ്റീവുകള്‍ ഫീഡ്‌സ്റ്റോക്കായി ഉപയോഗിക്കുന്ന യൂണിറ്റുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് കുതിച്ചുയരും. ചെലവുകള്‍ വര്‍ധിക്കുന്നതോടെ നിര്‍മാതാക്കള്‍ വര്‍ധിച്ച ഇന്‍പുട്ട് ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് തുടരും. ഇത് മൊത്തവില സൂചികയില്‍ പ്രതിഫലിക്കും. വീടുകളിലെ അടുക്കളകളില്‍ പോലും റഷ്യ-യുക്രൈന്‍ സംഘര്‍ഷം ബാധിച്ചേക്കും. കാരണം, പാചക വാതകത്തിന്റെ വിലയും വര്‍ധിക്കാനിടയുണ്ട്.
ഇന്ത്യയുടെ ഇറക്കുമതി ബില്‍ വര്‍ധിക്കും
രാജ്യത്ത് സംസ്‌കരിക്കപ്പെടുന്ന അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍, ക്രൂഡ് ഓയ്ല്‍ വില വര്‍ധിക്കുന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ബില്‍ ഉയരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യം 85.54 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഇറക്കുമതി ചെയ്തു, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 121.1 ശതമാനം വര്‍ധന. അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് ഇറക്കുമതിച്ചെലവ് കൂടുതലായി ഉയര്‍ന്നത്.
ഇന്ത്യക്ക് ഗുണകരമാകുന്നതെന്ത്?
ആഗോലതലത്തില്‍ ക്രൂഡ് ഓയ്ല്‍ വില വര്‍ധിക്കുന്നത് ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതി രംഗത്തിന് ഗുണകരമാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 46.3 ബില്യണ്‍ ഡോളറിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്രധാനമായും ഡീസല്‍ കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തേക്കാള്‍ 163 ശതമാനത്തിന്റെ വളര്‍ച്ച. രാജ്യത്തെ 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളിലെ കയറ്റുമതി വരുമാനത്തിന്റെ 15 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it