Begin typing your search above and press return to search.
എണ്ണയ്ക്ക് പകരം രൂപ; ഇന്ത്യന്‍ ഓഹരികളിലും ബോണ്ടിലും വന്‍തോതില്‍ നിക്ഷേപമിറക്കാന്‍ റഷ്യ
ഇന്ത്യയുടെ ഓഹരി, കടപ്പത്ര വിപണികളിലും മറ്റ് മേഖലകളിലും വന്‍തോതില്‍ നിക്ഷേപമിറക്കാന്‍ റഷ്യന്‍ കമ്പനികളൊരുങ്ങുന്നു. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ (ക്രൂഡോയില്‍) വാങ്ങുന്നതിന് പകരമായി ഇന്ത്യ നല്‍കുന്നത് രൂപയാണ്. നേരത്തേ ഈ രൂപ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുകയായിരുന്നു റഷ്യന്‍ കമ്പനികള്‍ ചെയ്തിരുന്നത്.
ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് പകരമായി ഈ രൂപയില്‍ തന്നെ മടക്കി പേയ്‌മെന്റും നടത്തിയിരുന്നു. എന്നാല്‍, ഇന്ത്യ-റഷ്യ വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് കുറവായതിനാല്‍ സര്‍പ്ലസായി രൂപ റഷ്യന്‍ കമ്പനികളുടെ പക്കലുണ്ടായിരുന്നു.
അക്കൗണ്ടില്‍ രൂപ കുന്നുകൂടുന്നതിനാല്‍, രൂപയിലുള്ള ഇടപാടിനോട് പിന്നീട് റഷ്യന്‍ കമ്പനികള്‍ വിമുഖത കാട്ടുകയും ചെയ്തു. എന്നാലിപ്പോള്‍, റഷ്യയിലേക്ക് തിരികെക്കൊണ്ടുപോകാതെ ഇന്ത്യയില്‍ തന്നെ രൂപയില്‍ വന്‍തോതില്‍ നിക്ഷേപമിറക്കാനുള്ള അവസരങ്ങളാണ് റഷ്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്നത്.
ഓഹരി വിപണി, സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള കടപ്പത്രങ്ങള്‍ എന്നിവയില്‍ റഷ്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തിയേക്കും. മാത്രമല്ല, ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും വായ്പ നല്‍കാനും റഷ്യന്‍ കമ്പനികള്‍ ഒരുക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നേട്ടമായി റിസര്‍വ് ബാങ്കിന്റെ നിലപാട്
ഇന്ത്യക്ക് എണ്ണ നല്‍കുന്നതുവഴി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ ബാങ്കുകളിലെ വോസ്‌ട്രോ അക്കൗണ്ടുകളിലാണ് (വിദേശ കറന്‍സിയില്‍ തുറക്കുന്ന അക്കൗണ്ട്) റഷ്യന്‍ കമ്പനികള്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടുകയും ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി ഇതിനെ അപേക്ഷിച്ച് കുറഞ്ഞുനില്‍ക്കുന്നതിനാലും വോസ്‌ട്രോ അക്കൗണ്ടില്‍ രൂപ കുന്നുകൂടുകയായിരുന്നു. ഇടപാടുകള്‍ കഴിഞ്ഞുള്ള അധികപ്പണമാണ് ഇത്തരത്തില്‍ സര്‍പ്ലസായി കൂടിക്കിടക്കുന്നത്.
റിസര്‍വ് ബാങ്ക് ഫെമ (FEMA/ Foreign Exchange Management Act) ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയും റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ ഒരുക്കിയതുമാണ് ഇപ്പോള്‍ നേട്ടമായിരിക്കുന്നത്. നേരത്തേ, സര്‍പ്ലസ് രൂപ റഷ്യന്‍ കമ്പനികള്‍ ചൈനീസ് യുവാന്‍, യു.എ.ഇ ദിര്‍ഹം എന്നിവയിലേക്ക് മാറ്റി റഷ്യയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്. ഇനി സര്‍പ്ലസ് രൂപ ഇന്ത്യയില്‍ തന്നെ നിക്ഷേപങ്ങള്‍ക്കും വായ്പ നല്‍കാനും പ്രയോജനപ്പെടുത്താം.
പടിഞ്ഞാറന്‍ ഉപരോധം ഏശില്ല
ഇന്ത്യയും റഷ്യയും തമ്മിലെ എണ്ണ വ്യാപാരം രൂപയിലായതിനാല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഏശില്ല; റഷ്യയുമായി ഡോളറില്‍ ഇടപാടുകള്‍ നടത്തിയാലേ ഉപരോധം ബാധിക്കൂ.
റഷ്യന്‍ കമ്പനികള്‍ രൂപയില്‍ തന്നെയാകും ഇന്ത്യന്‍ ഓഹരി, കടപ്പത്ര വിപണികളില്‍ നിക്ഷേപം നടത്തുകയെന്നതിനാല്‍, ഇതിനും ഉപരോധം ബാധകമാവില്ല.
ഇന്ത്യയും റഷ്യന്‍ എണ്ണയും
റഷ്യന്‍ ക്രൂഡോയിലിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. അമേരിക്ക, യു.എ.ഇ എന്നിവയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാംസ്ഥാനം നേടിയെടുത്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) കണക്കുപ്രകാരം റഷ്യയില്‍ നിന്ന് 32.95 ശതമാനം വളര്‍ച്ചയോടെ 6,144 കോടി ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയത്. അതേസമയം, റഷ്യയിലേക്കുള്ള ഇന്ത്യയുടെ ഉത്പന്ന/സേവന കയറ്റുമതി 426 കോടി ഡോളര്‍ മാത്രമാണ്. അതായത്, ഇന്ത്യക്ക് റഷ്യയുമായുള്ളത് 5,718 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയാണ്.
Next Story
Videos