ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണയുടെ ഒഴുക്ക് സൗദിയേക്കാള്‍ 15 ഡോളര്‍ കുറവില്‍

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള 85-90 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് മുമ്പ് ഇറാക്കും സൗദി അറേബ്യയുമായിരുന്നു ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയില്‍ കയറ്റി അയച്ചിരുന്നതെങ്കില്‍ യുദ്ധാനന്തരം ആ പട്ടം റഷ്യ ചൂടിയെന്ന് മാത്രമല്ല മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടുമില്ല.
യുദ്ധ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണയ്ക്ക് അമേരിക്കയും യൂറോപ്പും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല, റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളറെന്ന കുറഞ്ഞ വിലപരിധി നിശ്ചയിക്കുകയും ചെയ്തു. എണ്ണ വിതരണത്തിലൂടെ റഷ്യ സാമ്പത്തിക വരുമാനം നേടുന്നത് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ വിലക്കിനെ തള്ളി ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങിത്തുടങ്ങുകയായിരുന്നു. റഷ്യയാകട്ടെ ഇന്ത്യക്ക് വന്‍തോതില്‍ ഡിസ്‌കൗണ്ടും തന്നു. ഇതോടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയില്‍ സ്രോതസ്സായി 38-40 ശതമാനം വിഹിതത്തോടെ റഷ്യ മാറിയത്.
വന്‍ ഡിസ്‌കൗണ്ട്
ഓഗസ്റ്റില്‍ ബാരലിന് ശരാശരി 95 ഡോളറായിരുന്നു ക്രൂഡോയിലിന് വിപണിവില. എന്നാല്‍ ഇന്ത്യക്ക് റഷ്യ എണ്ണ നല്‍കിയത് ബാരലിന് 86 ഡോളറിനായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സെപ്റ്റംബറിലാകട്ടെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍വില 81.7 ഡോളറായും കുറഞ്ഞു; 88.22 ഡോളറായിരുന്നു വിപണിവില. ഓഗസ്റ്റില്‍ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് വെട്ടിക്കുറക്കാന്‍ റഷ്യ ശ്രമിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ മറ്റ് രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് റഷ്യ വീണ്ടും ഡിസ്‌കൗണ്ട് കൂട്ടുകയായിരുന്നു.
അതേസമയം, റഷ്യന്‍ എണ്ണയുടെ വിലയില്‍ ചരക്കുനീക്ക (ഷിപ്പിംഗ്), ഇന്‍ഷ്വറന്‍സ് നിരക്കുകള്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. നേരത്തേ ഈ ബാധ്യതകള്‍ റഷ്യന്‍ കമ്പനികള്‍ തന്നെയാണ് വഹിച്ചിരുന്നത്.
സൗദിയേക്കാള്‍ വന്‍ വിലക്കുറവ്
സെപ്റ്റംബറില്‍ 81.7 ഡോളറിന് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കിയപ്പോള്‍ സൗദി അറേബ്യ ഈടാക്കിയ വില 96.16 ഡോളറാണ്. വ്യത്യാസം 14.46 ഡോളര്‍. ഇറാക്ക് ഓരോ ബാരലിനും ഈടാക്കിയത് 83.56 ഡോളറാണ്.
Related Articles
Next Story
Videos
Share it