റഷ്യയിലെ വാഗ്‌നര്‍ കലാപം: കുതിച്ച് ക്രൂഡോയില്‍ വില; ഇന്ത്യക്ക് ആശങ്ക
റഷ്യയില്‍ വാഗ്‌നര്‍ കൂലിപ്പടയാളികള്‍ ആഭ്യന്തര കലാപത്തിന് മുതിര്‍ന്നതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നു. റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയാണ് ഇതിന് വഴിവച്ചത്. ബ്രെന്റ് 0234 ജി.എം.ടിയില്‍ ബാരലിന് 27 സെന്റ് ഉയര്‍ന്ന് 74.12 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് (ഡബ്ല്യു.ടി.ഐ) ബാരലിന് 28 സെന്റ് ഉയര്‍ന്ന് 69.44 ഡോളറിലെത്തി.
ഇന്ത്യയെ ബാധിക്കും
റഷ്യന്‍ ക്രൂഡോയിലിന്റെ വില ഉയരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. നിലവില്‍ ഇന്ത്യ ഏറ്റവുമധികം ക്രൂഡോയില്‍ വാങ്ങുന്നത് (മൊത്തം ഇറക്കുമതിയുടെ 42 ശതമാനത്തോളം) റഷ്യയില്‍ നിന്നാണ്. ഡിസ്‌കൗണ്ട് നിരക്കില്‍ റഷ്യന്‍ എണ്ണ കിട്ടുന്നതിനാലാണ് രാജ്യത്ത് ഇന്ധനവില ഉയര്‍ത്താതെ പിടിച്ചുനിറുത്താന്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ക്ക് കഴിയുന്നതും. എന്നാല്‍, വില നിയന്ത്രണാതീതമായി ഉയര്‍ന്നാല്‍ രാജ്യത്ത് ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരായേക്കും.
ക്രൂഡോയില്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുമെന്നതാണ് ഇതിന് കാരണം. ഏപ്രിലില്‍ ചരക്ക് ചെലവ് ഉള്‍പ്പെടെ ഇന്ത്യന്‍ തീരത്ത് ഇറക്കിയ റഷ്യന്‍ ക്രൂഡിന്റെ ശരാശരി വില ബാരലിന് 68.21 യു.എസ് ഡോളറായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. ഏപ്രിലില്‍ ഇന്ത്യയിലേക്ക് അയച്ച സൗദി അറേബ്യന്‍ ക്രൂഡിന്റെ ശരാശരി വില ബാരലിന് 86.96 ഡോളറും ഇറാഖി എണ്ണയുടെ വില ബാരലിന് 77.77 ഡോളറുമായിരുന്നു.
ആശങ്ക അകലുന്നില്ല
ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് വിലയിരുത്തുന്നതിനാല്‍ എണ്ണ വിലയില്‍ കാര്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നില്ലെന്ന് കണ്‍സള്‍ട്ടന്‍സി റിസ്റ്റാഡ് എനര്‍ജി പറഞ്ഞു. എന്നിരുന്നാലും റഷ്യയിലെ ആഭ്യന്തര അസ്ഥിരത ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് റിസ്റ്റാഡ് കൂട്ടിച്ചേര്‍ത്തു.
വ്‌ലാദിമിര്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിക്കും. ഇത് തൊഴിലാളികളെ പ്രധാന തുറമുഖങ്ങളിലും ഊര്‍ജ്ജ പ്ലാന്റുകളിലും എത്തുന്നതില്‍ നിന്ന് തടയുമെന്നും ഇതോടെ ദശലക്ഷക്കണക്കിന് ബാരല്‍ കയറ്റുമതി നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍.ബി.സി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് അനലിസ്റ്റ് ഹെലിമ ക്രോഫ്റ്റ് പറഞ്ഞു. റഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വിതരണ തടസ്സങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിപണികളില്‍ കൂടിയ നിരക്ക് തുടര്‍ന്നേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് അനലിസ്റ്റുകള്‍ പറഞ്ഞു.