സംസ്ഥാന ജീവനക്കാര്‍ക്ക് ശനി 'വര്‍ക് ഫ്രം ഹോം' വേണമെന്നു നിര്‍ദ്ദേശം

സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കണമെന്നും ആവശ്യമെങ്കില്‍ ശനിയാഴ്ച 'വര്‍ക് ഫ്രം ഹോം' അനുവദിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളുമായി വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഓഫീസുകളുടെ പ്രവര്‍ത്തനച്ചെലവും ഇന്ധനച്ചെലവും കുറയ്ക്കാന്‍ ഇതുപകരിക്കുമെന്ന് സി.ഡി.എസ്. ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായുള്ള സമിതി ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഇതിലൂടെ വര്‍ഷം 5265.97 കോടി രൂപ ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാകുംവരെ ശമ്പളത്തിന്റെ 75 ശതമാനം നല്‍കിയാല്‍ മതി.കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍പ്രായം. ഇത് രണ്ടു വര്‍ഷം കൂട്ടിയാല്‍ പെന്‍ഷന്‍ ആനുകൂല്യമായി ഉടന്‍ നല്‍കേണ്ട തുക ലാഭിക്കാം. ഭാവിയില്‍ പെന്‍ഷനു വേണ്ടിവരുന്ന ഭാരിച്ച ബാധ്യതയിലും ആനുപാതിക കുറവുണ്ടാവും.അതേസമയം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പരിഗണിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. മറ്റു ശുപാര്‍ശകള്‍ ധനവകുപ്പ് പരിശോധിച്ച് മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തസ്തികകളുടെ പദവി ഉയര്‍ത്തല്‍ നിര്‍ത്തിവയ്ക്കണം. പുതിയ നിര്‍മാണങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നന്നാക്കലും ഫര്‍ണിച്ചറും വാഹനവും വാങ്ങലും ഉടന്‍ വേണ്ട. പരിശീലനം, ശില്പശാല, സെമിനാര്‍ എന്നിവ ഓണ്‍ലെനില്‍ മാത്രമാകാം. പഠനപര്യടനം,ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കല്‍, വിദേശപര്യടനം, മേളകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ പ്രതിസന്ധി കാലത്ത് ആവശ്യമില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണക്കമ്മിഷനുകള്‍ അവസാനിപ്പിക്കണം. രണ്ടു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന അന്വേഷണക്കമ്മിഷനുകളോട് രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെടണം. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്ര മാനദണ്ഡം അനുസരിച്ച് മാത്രം മതി. പഴക്കംചെന്ന വാഹനങ്ങളും ഫര്‍ണിച്ചറും സുതാര്യ നടപടിക്രമങ്ങളിലൂടെ വിറ്റ് സര്‍ക്കാരിന് മുതല്‍ക്കൂട്ടണം. സദാ ഉപയോഗത്തിലില്ലാത്ത സര്‍ക്കാര്‍ കെട്ടിടങ്ങളും വാഹനങ്ങളും വാടകയ്ക്കു നല്‍കി വരുമാനമുണ്ടാക്കണം.

മലബാര്‍ സിമന്റ്സ്, ട്രാവന്‍കൂര്‍ സിമന്റ്സ്, സിഡ്കോ, കാഡ്കോ മുതലായ ഒരേ സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരുമിച്ചാക്കുന്നത് പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളനുസരിച്ച് കെ.എസ്.ആര്‍.ടി.സി. ഉടന്‍ പുനഃസംഘടിപ്പിക്കണം; മൂന്നു മേഖലകളായി തിരിക്കണം. ഓരോന്നിന്റെയും ചുമതല ജനറല്‍ മാനേജര്‍ക്കു നല്‍കണം. ഡയറക്ടര്‍ ബോര്‍ഡ് വിദഗ്ധരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണം.

വിരമിച്ച ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത് ഒഴിവാക്കണം. ഒരുവര്‍ഷത്തിലേറെ ഒഴിഞ്ഞുകിടക്കുന്നതും അനാവശ്യമായതുമായ തസ്തികകള്‍ നിര്‍ത്തണം. സ്‌കൂളുകളില്‍ ലീവ് വേക്കന്‍സി സമ്പ്രദായം നിര്‍ത്തണം. 20 വര്‍ഷംവരെ ശമ്പളമില്ലാത്ത അവധിയെടുത്ത് സ്‌കൂള്‍, കോളേജ് അധ്യാപകര്‍ എന്‍ട്രന്‍സ് പരിശീലനവും സ്വകാര്യ ട്യൂഷനും വരെ നടത്തുന്നു. വിദേശത്തു പഠിക്കാനോ ദമ്പതിമാര്‍ക്ക് ഒരുമിച്ച് താമസിക്കാനോ വെറും അഞ്ചുവര്‍ഷം മാത്രം ശമ്പളമില്ലാ അവധി അനുവദിക്കണം.

മൂന്നുമുതല്‍ അഞ്ചുവരെ കിലോമീറ്റര്‍ പരിധിയിലുള്ള, ആവശ്യത്തിനു കുട്ടികളില്ലാത്ത സ്‌കൂളുകള്‍ ലയിപ്പിക്കണം. അടിസ്ഥാനസൗകര്യം കൂടുതലുള്ള സ്‌കൂളിലേക്കാണ് മറ്റ് സ്‌കൂളുകളെ ലയിപ്പിക്കേണ്ടത്. മറ്റ് സ്‌കൂളുകളുടെ കെട്ടിടങ്ങളും സ്ഥലവും പൊതുവികസനാവശ്യത്തിന് ഉപയോഗിക്കണം.സ്‌കൂളുകളിലെ ദിവസ വേതനക്കാര്‍ക്ക് അവധിക്കാല ശമ്പളം നല്‍കേണ്ട.ആഴ്ചയില്‍ 16 മണിക്കൂര്‍ ജോലിഭാരമുണ്ടെങ്കിലേ എയ്ഡഡ്, സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ പാടുള്ളൂ.

ഓണ്‍ലൈന്‍ പഠനത്തിന് 30 ശതമാനം മാര്‍ക്ക് ഏര്‍പ്പെടുത്തണം. ഇത് ഭാവിയില്‍ ചെലവുകുറയ്ക്കാന്‍ സഹായിക്കും. സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍വത്കരണത്തിനു മുമ്പാണ് ഇപ്പോഴത്തെ സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചത്. ഇത് പുനഃപരിശോധിക്കണം. അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കണം. സാങ്കേതിക വകുപ്പുകളില്‍ ക്ലാര്‍ക്കുമാരെ കുത്തിനിറയ്ക്കുന്നത് അവസാനിപ്പിക്കണം. പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ എന്‍ജിനിയര്‍മാര്‍ക്കുതന്നെ മിക്കവാറും ചുമതലകള്‍ നിര്‍വഹിക്കാം. ബില്ലുകള്‍ തയ്യാറാക്കാന്‍ എന്‍ജിനിയര്‍മാര്‍ പ്രൈസ് സോഫ്റ്റ്വേര്‍ ഉപയോഗിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it