ക്രിപ്‌റ്റോ കറന്‍സി നിരോധനം റദ്ദ് ചെയ്ത് സുപ്രീം കോടതി

ക്രിപ്‌റ്റോ കറന്‍സിക്കുള്ള നിരോധനം റദ്ദ് ചെയ്ത് സുപ്രീം കോടതി ഉത്തരവായി. ഇതോടെ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമ തടസമില്ലാതായി.

2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചത്. ഇടപാടുകളുടെ റിസ്‌ക് കണക്കിലെടുത്താണ് ക്രിപ്റ്റോ കറന്‍സികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ആര്‍ബിഐ നല്‍കിയ വിശദീകരണം. പക്ഷേ, നിരോധനം എടുത്തുകളയാമെന്ന് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

ക്രിപ്റ്റോകറന്‍സികളില്‍ ഏറ്റവും മൂല്യമുള്ളത് ബിറ്റ്കോയിനാണ്. 8,815 ഡോളറിലാണ് കറന്‍സിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യണ്‍ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം.വ്യക്തിയുടെയോ സംവിധാനത്തിന്റെയോ നിയന്ത്രണത്തിലുള്ളതല്ലാത്ത കറന്‍സിയാണ് ക്രിപ്റ്റോ കറന്‍സി. ആര്‍ക്കും സെന്‍സര്‍ ചെയ്യാന്‍ കഴിയില്ല എന്നത് തന്നെയാണ് ഇതിന്റെ സവിശേഷത. ഇതൊരു കമ്പ്യൂട്ടര്‍ കോഡ് ആണ്.

ആകെ 21 ബില്യണ്‍ ബിറ്റ് കോയിനാണ് ഉള്ളത്. അതില്‍ മാറ്റം വരുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. ബിറ്റ്കോയിന് 10 ദശലക്ഷം ഉപയോക്താക്കളുണ്ട്. ഇവരില്‍ അഞ്ച് ദശലക്ഷത്തിലധികം പേര്‍ സമ്മതിച്ചാല്‍ മാത്രമേ അതില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കൂ. ബിറ്റ് കോയിനില്‍ മൂല്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ അതിലെ ഉപയോക്താക്കള്‍ക്കെല്ലാം അത് അറിയാന്‍ സാധിക്കും. അതാണ് അതിന്റെ വിശ്വാസ്യത.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it