കോവിഡ്: സമുദ്രോത്പന്ന കയറ്റുമതി ഇടിവ് 7.4 %

കോവിഡ് പ്രതിസന്ധിക്കു മുമ്പു തന്നെ ഡിമാന്‍ഡ് മന്ദീഭവിച്ചിരുന്നതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അളവില്‍ 7.4 ശതമാനം ഇടിവുണ്ടായി. ഡോളര്‍ മൂല്യത്തില്‍ രേഖപ്പെടുത്തിയ താഴ്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.74 ശതമാനം. അതേസമയം, 2018-19 നെക്കാള്‍ അളവില്‍ കുറവുണ്ടെങ്കിലും രൂപയുടെ വിനിമയ മൂല്യം താഴ്ന്നു നിന്നതിനാല്‍ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നേരിയ വര്‍ദ്ധന.

2019-20 ലെ സമുദ്രോത്പന്ന കയറ്റുമതി 46,662.85 കോടി രൂപയുടെ (6.68 ബില്യണ്‍ ഡോളര്‍) 12,89,651 ടണ്ണാണ്. 2018-19ല്‍ 13,9559 ടണ്‍ കയറ്റുമതി ചെയ്ത് 6.72 ബില്യണ്‍ ഡോളര്‍ നേടിയിരുന്നുവെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയര്‍മാന്‍ കെ.എസ് ശ്രീനിവാസ് പറഞ്ഞു. കോവിഡ് വ്യാപിച്ചത് നിരവധി ഓര്‍ഡറുകള്‍ റദ്ദാകാനും പേയ്മെന്റുകളില്‍ കാലതാമസം വരാനും ചരക്ക് നീക്കം കുറയാനും കാരണമായി. പുതിയ ഓര്‍ഡറുകള്‍ നേടുന്നതില്‍ ബുദ്ധിമുട്ട് തുടരുകയാണ്. മത്സ്യബന്ധന ദിനങ്ങള്‍ കുറഞ്ഞതിനാല്‍ പടിഞ്ഞാറന്‍ തീരത്ത് കടല്‍ മീന്‍പിടിത്തം കുറയുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും മുന്നില്‍. ശീതീകരിച്ച മത്സ്യമാണ് രണ്ടാമത്. അമേരിക്കയും ചൈനയുമാണ് കൂടുതല്‍ ഇറക്കുമതി ചെയ്തത്.

ഇക്കഴിഞ്ഞ വര്‍ഷം 6,52,253 ടണ്‍ ചെമ്മീന്‍ കയറ്റുമതി ചെയ്തു. മൂല്യം : 34,152.03 കോടി രൂപ. ആകെ കയറ്റുമതി അളവിന്റെ 50.58 ശതമാനം വരും ഇത്. ഡോളര്‍ വരുമാനത്തിന്റെ 73.21 ശതമാനവും.വര്‍ദ്ധനവ് 6.04 ശതമാനം.ഇന്ത്യയില്‍ നിന്ന് അമേരിക്ക 2,85,904 ടണ്‍ ചെമ്മീന്‍ വാങ്ങി.ചൈന :1,45,710 ടണ്‍.യൂറോപ്യന്‍ യൂണിയന്‍ : 74,035 ടണ്‍. ജപ്പാന്‍ : 38,961 ടണ്‍. ദക്ഷിണ പൂര്‍വേഷ്യ :34,439 ടണ്‍. ഗള്‍ഫ് : 32,645 ടണ്‍.

ശീതീകരിച്ച മത്സ്യങ്ങള്‍ കയറ്റുമതി ചെയത് നേടിയ വരുമാനം : 3,610.01 കോടി രൂപ. ഇതില്‍ കണവ : 70,906 ടണ്‍. വരുമാനം 2,009.79 കോടി രൂപ. പ്രധാന വിപണികളിലെ ഡിമാന്‍ഡ് കുറവ് മറികടന്നാണ് 12,89,651 ടണ്‍ കയറ്റുമതി നേടിയത്. ഗള്‍ഫ് മേഖലയിലേക്കായിരുന്നു അളവില്‍ 50.02 ശതമാനം കയറ്റുമതി, രൂപ മൂല്യത്തില്‍ 53.32 ശതമാനം വരും ഇത്. ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് ഏറ്റവും വലിയ വിദേശ വിപണിയുള്ള രാജ്യം അമേരിക്ക തന്നെ: 3,05,178 ടണ്‍, ആകെ ഡോളര്‍ മൂല്യത്തിന്റെ 38.37 ശതമാനം. പ്രധാനയിനം : വനാമി ചെമ്മീന്‍. ചൈനയിലേക്കായിരുന്നു മൊത്തം കയറ്റുമതിയുടെ 25.55 ശതമാനം : 3,29,479 ടണ്‍. പ്രധാനയിനം: ചെമ്മീന്‍, ശീതീകരിച്ച മത്സ്യങ്ങള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it