എന്‍എസ്ഇയുടെ ആധിപത്യം അവസാനിക്കുമോ?

സെബിയുടെ നിര്‍ദ്ദേശങ്ങള്‍ പുതിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നു
എന്‍എസ്ഇയുടെ ആധിപത്യം അവസാനിക്കുമോ?
Published on

ഇന്ത്യയില്‍ പുതിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ട ഉടമസ്ഥാവകാശ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ നിര്‍ദ്ദേശം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) 16 വര്‍ഷത്തെ ആധിപത്യം അവസാനിപ്പിക്കാനും നിക്ഷേപകരുടെ വ്യാപാരച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു.

നിലവില്‍, എന്‍എസ്ഇ, ബിഎസ്ഇ, മെട്രോപൊളിറ്റന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയാണ് ഇന്ത്യയിലെ മൂന്ന് രാജ്യവ്യാപക സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത് എന്‍എസ്ഇയിലാണ്. ബിഎസ്ഇ ഏഷ്യയിലെ ഏറ്റവും പഴയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചാണെങ്കിലും, രാജ്യത്തെ മിക്കവാറും എല്ലാ ഇക്വിറ്റി, ഡെറിവേറ്റീവ് ബിസിനസ്സുകളും ഇപ്പോള്‍ നടക്കുന്നത് എന്‍എസ്ഇയുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലാണ്.

എന്‍എസ്ഇയുടെ മികച്ച സാങ്കേതികവിദ്യ അതിലേക്ക് കൂടുതല്‍ ട്രേഡിംഗ് മാറുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ''രാജ്യത്തു നിലവിലുള്ള എക്‌സ്‌ചേഞ്ചുകളുടെ വിപണിയിലെ സര്‍വാധിപത്യം മാറിക്കൊണ്ടിരിക്കുന്ന വിപണയിലെ ചലനാത്മകതയോട് വേഗത്തില്‍ പ്രതികരിക്കുന്നതിന് തടസ്സമായേക്കാം. ട്രേഡിങ്ങ്, റെക്കോര്‍ഡ് സൂക്ഷിക്കല്‍, മേല്‍നോട്ടം എന്നിവയിലെ കാര്യക്ഷമതയെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം,'' ചര്‍ച്ചകള്‍ക്കായി പുറത്തുവിട്ട ഒരു കുറിപ്പില്‍ സെബി പറഞ്ഞു.

എക്‌സ്‌ചേഞ്ച് ബിസിനസ്സില്‍ എന്‍എസ്ഇ മേധാവിത്വം പുലര്‍ത്തുന്നുണ്ടെങ്കിലും, നിരവധി സാങ്കേതിക തകരാറുകള്‍ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് അപ്രതീക്ഷിത വിപണി തകര്‍ച്ചയ്ക്കും നിക്ഷേപകര്‍ക്ക് നഷ്ടത്തിനും കാരണമാകുന്നു.

പുതുതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളോ ഡിപോസിറ്ററികളോ സ്ഥാപിക്കുന്നതിന് മുന്നോട്ട് വരുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്, സെബി പറഞ്ഞു.

ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുകയാണെങ്കില്‍, പുതിയ ആഭ്യന്തര സ്ഥാപനവുമായുള്ള സംയുക്ത സംരംഭങ്ങളിലൂടെയോ നിലവിലുള്ള സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായി ലയിപ്പിക്കുന്നതിലൂടെയോ വിദേശ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ കഴിയും. ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പുതിയ കമ്പനികള്‍ക്ക് നിലവിലുള്ള എക്‌സ്‌ചേഞ്ചുകള്‍ സ്വന്തമാക്കാനും സാധിക്കും.

ഇത് മത്സരം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ നിക്ഷേപകരുടെ വ്യാപാരച്ചെലവ് കുറയ്ക്കുകയും ചെയ്യും. കൂടുതല്‍ നിക്ഷേപകരെ ഓഹരി മാര്‍ക്കറ്റിലേക്ക് ആകര്‍ഷിക്കാനും ബ്രോക്കര്‍മാര്‍ക്കും മറ്റ് ട്രേഡിംഗ് അംഗങ്ങള്‍ക്കുമുള്ള അംഗത്വവും ക്ലിയറിംഗ് ഫീസും കുറയ്ക്കാനും സഹായിക്കും.

അത്തരമൊരു പുതിയ എക്‌സ്‌ചേഞ്ചിന്റെ അല്ലെങ്കില്‍ ഒരു ഡിപോസിറ്ററിയുടെ പ്രൊമോട്ടര്‍ക്ക് തുടക്കത്തില്‍ അതിന്റെ 100 ശതമാനം ഓഹരികളും കയ്യില്‍ വയ്ക്കാം. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് 51 ശതമാനമോ 26 ശതമാനമോ ആയി കുറക്കാം. ഇന്ത്യയില്‍ ആരംഭിക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നത് ഒരു വിദേശ സ്ഥാപനമാണെങ്കില്‍, തുടക്കത്തില്‍ അവര്‍ക്ക് 49% വരെ കൈവശം വയ്ക്കാം. ഇത് 10 വര്‍ഷത്തിനുള്ളില്‍ 26% അല്ലെങ്കില്‍ 15% ആയി കുറയ്ക്കാന്‍ കഴിയും, സെബി നിര്‍ദ്ദേശിച്ചു.

നിലവില്‍, സെബി മാനദണ്ഡങ്ങള്‍ അനുസരിച്ചു് എക്‌സ്‌ചേഞ്ചുകളുടെ 51% ഓഹരികള്‍ പൊതുജനങ്ങളുടെ കൈവശമായിരിക്കണം. ട്രേഡിംഗ് അംഗങ്ങള്‍, അസോസിയേറ്റുകള്‍, ഏജന്റുമാര്‍ എന്നിവരുടെ മൊത്തം ഓഹരി 49% എന്ന് നിജപ്പെടുത്തിയിരിക്കുന്നു. വിദേശ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ 15% വരെ ഓഹരി കൈവശം വയ്ക്കാന്‍ അനുവാദമുണ്ട്.

പ്രൊമോട്ടര്‍ ഒഴികെയുള്ള ഏതൊരു വ്യക്തിക്കും (ഇന്ത്യക്കാരനോ വിദേശിയോ ആകാം) ഒരു എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ഡിപോസിറ്ററിയില്‍ 25% വരെ ഓഹരി പങ്കാളിത്തം നേടാമെന്ന് സെബിയുടെ പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

കൂടാതെ, എക്‌സ്‌ചേഞ്ചിന്റെയോ ഡിപോസിറ്ററിയുടെയോ 50% ഓഹരികളെങ്കിലും മൂലധന വിപണികളിലോ സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലോ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പരിചയമുള്ള സ്ഥാപനങ്ങളുടെ കൈവശമായിരിക്കണം, സെബി നിര്‍ദ്ദേശിച്ചു.

എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ഡിപോസിറ്ററി ബിസിനസ്സില്‍ രൂപപ്പെടുന്ന മറ്റൊരു പ്രധാന പ്രവണത ഡിസ്ട്രിബ്യൂട്ട് ലെഡ്ജര്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവമാണെന്ന് സെബി പറഞ്ഞു.

ഫെബ്രുവരി അഞ്ചിനകം ഈ നിര്‍ദേശങ്ങളെക്കുറിച്ച് പ്രതികരണങ്ങള്‍ തരണമെന്ന് സെബി ആവശ്യപ്പെട്ടിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com