കുടിയേറ്റ തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കണം; കര്‍ശന നിലപാടില്‍ സുപ്രീം കോടതി
വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് സുപ്രീം കോടതി. 15 ദിവസത്തിനകം കുടിയേറ്റ തൊഴിലാളികളെ വീടുകളില്‍ എത്തിക്കാനുള്ള നടപടി വേണമെന്നും സുപ്രീം കോടതി സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം. മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കണം. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികള്‍ അനുവദിക്കണം.തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളും അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണം. തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി ജൂലൈ എട്ടിനു വീണ്ടും പരിഗണിക്കും. വിലക്കുകള്‍ ലംഘിച്ച് സ്വന്തം വീടുകളില്‍ പോകാന്‍ ശ്രമിച്ചതിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സര്‍ക്കാരുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline