റേറ്റിംഗിനെ ഭയപ്പെടാതെ പാക്കേജ് വിപുലമാക്കണം: സാമ്പത്തിക വിദഗ്ധര്‍
റേറ്റിംഗ് ഏജന്‍സികളെ ഭയന്ന് സാമ്പത്തിക ഉത്തേജക പാക്കേജ് ചെറുതാക്കാനുള്ള ഇന്ത്യയുടെ നിര്‍ബന്ധ ബുദ്ധി അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍.' മൂഡീസ്,എസ് ആന്‍ഡ് പി, ഫിച്ച് തുടങ്ങിയവര്‍ അവരുടെ ജോലി ചെയ്യട്ടെ; റേറ്റിംഗ് താഴുന്നതിനെയും നിക്ഷേപ ഗ്രേഡ് കുറയുന്നതിനെയും ചൊല്ലിയുള്ള അമിത ഉത്ക്കണ്ഠ മാറ്റിവയ്‌ക്കേണ്ട കാലമാണിത് ' - പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യനുമായ പ്രണബ് സെന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകമാകെ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് റേറ്റിംഗ് താഴുന്നതും നിക്ഷേപ ഗ്രേഡ് കുറയുന്നതും എല്ലാ രാജ്യങ്ങളുടെയും കാര്യത്തില്‍ ഏകദേശം ഒരുപോലെയായിരിക്കവേ ഇന്ത്യ മാത്രം അതില്‍ ആശങ്ക പുലര്‍ത്തേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വായ്പ കിട്ടാനും നിക്ഷേപം വരാനും ഇതു തടസമാകുമെന്ന ഭയത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ സാംഗത്യമില്ല.ജനങ്ങളുടെ ജീവിത മുരടിപ്പകറ്റാനും ഉപജീവന മാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തേണ്ടതുണ്ട്.വളര്‍ച്ചാ പ്രേരണകളെ വേഗത്തില്‍ പുനരുജ്ജീവിപ്പിക്കുകയെന്നതു പ്രാധാന കാര്യമാണ്.
ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷം പൂജ്യം ശതമാനമായി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് താഴ്ത്തിയിരുന്നു. ധനപരമായ അളവുകള്‍ ഭൗതികമായി ദുര്‍ബലമായാല്‍ നിരക്ക് ഇനിയും താഴ്ത്തേണ്ടി വന്നേക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സമാനമായ മുന്നറിയിപ്പ് ഫിച്ച് റേറ്റിംഗ്സും നല്‍കി. 'സാമ്പത്തികവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങളിലൂടെ ശക്തമായി ഉല്‍പാദനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന പരിമിതമായ പ്രതീക്ഷകള്‍ മാത്രമുള്ള വളര്‍ച്ച മാന്ദ്യത്തിന്റെ പശ്ചാത്തലം' ആണ് ഇന്ത്യയിലുള്ളതെന്ന് മൂഡീസ് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.
കൊവിഡ് -19 മൂലമുളള ധനകാര്യ പ്രതിസന്ധികളാണ് ഇന്ത്യയുടെ റേറ്റിംഗ് കുറയാനിടയാക്കിയത്.നവംബറില്‍, മൂഡീസ് ഇന്ത്യയുടെ പരമാധികാര റേറ്റിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്ഥിരതയില്‍ നിന്ന് നെഗറ്റീവ് ആക്കിയതിനു പിന്നാലെയാണിത്. രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് സ്‌കോറായ ബിഎഎ 2 നെഗറ്റീവ് ആണ് മൂഡീസ് ഇന്ത്യയ്ക്ക് നല്‍കുന്നത്. എസ് ആന്‍ഡ് പി , ഫിച്ച് എന്നിവര്‍ 'സ്ഥിരമായ കാഴ്ചപ്പാടോടെയുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡും'. നെഗറ്റീവ് വളര്‍ച്ച മുന്‍കൂട്ടി കാണുന്നു റിസര്‍വ് ബാങ്ക്. ചില വിശകലന വിദഗ്ധര്‍ മൈനസ് 5 ശതമാനം വരെ വളര്‍ച്ചാ തോത് താഴുമെന്ന പക്ഷക്കാരാണ്.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ ഉത്തേജക നടപടികള്‍ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് റേറ്റിംഗ് ഏജന്‍സികള്‍ക്കുമുള്ളത്. 'അതുമൂലം സര്‍ക്കാര്‍ കടം രണ്ടു വര്‍ഷം വരെ ഉയരുമെന്ന് ഞങ്ങള്‍ കരുതുന്നു. പക്ഷേ പകര്‍ച്ചവ്യാധി നിയന്ത്രണത്തിലായാല്‍ സര്‍ക്കാരിന് വീണ്ടും ധനനയം കര്‍ശനമാക്കാം' - ഫിച്ച് റേറ്റിംഗിലെ ഡയറക്ടര്‍ (സോവറിന്‍ റേറ്റിംഗ്‌സ്) തോമസ് റൂക്ക്മാക്കര്‍ പറഞ്ഞു.എന്തായിരുന്നാലും, നിലവിലെ ദുര്‍ബലമായ ഡിമാന്‍ഡും വിതരണ തടസ്സങ്ങളും തുടര്‍ന്നുപോകാന്‍ അനുവദിക്കരുത്.
'സുസ്ഥിര വീക്ഷണത്തോടെയുള്ള ബിഎഎ 3 നെഗറ്റീവ് 'ആയി മൂഡീസ് റേറ്റിംഗ് തരംതാഴ്ത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നോമുറ ചീഫ് ഇന്ത്യ സാമ്പത്തിക ശാസ്ത്രജ്ഞ സോണല്‍ വര്‍മ്മ അഭിപ്രായപ്പെട്ടു. കേന്ദ്ര ധനക്കമ്മി ജിഡിപിയുടെ 7% ആയി ഉയരുമെന്ന് അവര്‍ പ്രവചിക്കുന്നു. ബജറ്റിലെ ലക്ഷ്യം ഇരട്ടി ആക്കത്തില്‍ പാളിപ്പോകുമ്പോള്‍ റേറ്റിംഗ് താഴുക സ്വാഭാവികം.
അയഞ്ഞ മാക്രോ ഇക്കണോമിക് പോളിസി ക്രമീകരണങ്ങളാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ തിരിച്ചുവരവിനും കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധനവിനും കാരണമാകുന്നതെന്ന് 2019 ഡിസംബറില്‍ ഫിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ബാഹ്യ ഫണ്ടിംഗ് സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യത വര്‍ദ്ധിക്കുന്നു ഇതിലൂടെ. ഇപ്പോഴാകട്ടെ ദുര്‍ബലമായ ഡിമാന്‍ഡും വിതരണ തടസ്സങ്ങളും മൂലം പ്രശ്‌നം കൂടുതല്‍ ഗുരുതരമായി- തോമസ് റൂക്ക്മാക്കര്‍ പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപ (ജിഡിപിയുടെ 10 ശതമാനത്തിലധികം) ദുരിതാശ്വാസ പാക്കേജില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിന് മതിയായ ഉത്തേജനം ഇല്ലാതെയുള്ള സപ്ലൈ-സൈഡ് നടപടികളാണുള്ളത്. യഥാര്‍ത്ഥത്തില്‍ ജിഡിപിയുടെ 1% മാത്രമുള്ളതാണ് ആശ്വാസ, ഉത്തേജക നടപടികള്‍.
ഉത്തേജനം സാധ്യമാകുന്നപക്ഷം, പരമാധികാര റേറ്റിംഗിനെക്കുറിച്ച് നയരൂപീകരണ സംവിധാനം ആശങ്ക പുലര്‍ത്തേണ്ടില്ല. റേറ്റിംഗ് ഏജന്‍സികള്‍ വിഡ്ഡികളല്ല. ജിഡിപി നെഗറ്റീവ് വളര്‍ച്ചയോടെ ധനക്കമ്മി പരിമിതപ്പെടുത്തുന്നതിനപ്പുറമായി ഉത്തേജ വഴിയില്‍ വളര്‍ച്ച നേരത്തെ തന്നെ പുനഃസ്ഥാപിക്കപ്പെടുന്നത് മനസിലാക്കാന്‍ അവര്‍ക്കു കഴിയും - പ്രണബ് സെന്‍ നിരീക്ഷിച്ചു. ഗരിബ് കല്യാണ്‍ പാക്കേജിന് കീഴിലുള്ള വരുമാന പിന്തുണ പോലെ ഡിമാന്‍ഡ് സൈഡ് നടപടികള്‍ വളരെ നേരത്തെ വിപുലമായി ക്രമീകരിക്കേണ്ടതായിരുന്നു.ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline