ശ്രീലങ്കയുടെ പ്രതിസന്ധി കേരളത്തിന് തിരിച്ചടിയാകുമോ?

ശ്രീലങ്കയുടെ സാമ്പത്തിക അടിയന്തരാവസ്ഥ കേരളത്തിലെ വ്യാപാരികളെയും കുരുക്കിലാക്കുന്നു. അവശ്യ സാധനങ്ങളുടെ ഇറക്കുമതി നിര്‍ത്തിവച്ചതോടെ കേരളത്തില്‍ നിന്നുള്ള തുണിത്തുരങ്ങളും ഭക്ഷ്യ-ഭക്ഷ്യേതര സാമഗ്രികളുമെല്ലാം നിര്‍ത്തിവച്ചതോടെ വ്യാപാരക്കരാറിലേര്‍പ്പെട്ട നിരവധി ഇടത്തരം സംരംഭകരെപ്പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പല പേമെന്റുകളും മുടങ്ങിക്കിടക്കുന്ന വ്യാപാരികള്‍ക്ക് ഫോറിന്‍ റിസര്‍വുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യത്തെ വിവിധ മേഖലകളിലെ കിട്ടാക്കടത്തെക്കുറിച്ചും ആശങ്കയുണ്ട്.

അടിസ്ഥാന സൗകര്യവികസനവും ടൂറിസവും മറ്റും ലക്ഷ്യമിട്ട് ശ്രീലങ്ക വാങ്ങിക്കൂട്ടിയ കടം തന്നെയാണ് രാജത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്. ചൈനയില്‍ നിന്നാണ് വാങ്ങിയതിലധികവും. 2020 സാമ്പത്തിക വര്‍ഷത്തില്‍ ശ്രീലങ്കയുടെ മൊത്തം കടം 49.2 ബില്യണ്‍ ഡോളറായിരുന്നു. ഇത് രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 57 ശതമാനത്തിന് അടുത്ത് വരും. 2011 മുതല്‍ 2021 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ കടം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്.
കടത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ശ്രീലങ്ക ഇതുവരെ തിരിച്ചടച്ചിട്ടുള്ളത്. ഇതോടെ വിദേശനാണ്യ കരുതല്‍ ശേഖരം ഗണ്യമായി ഇടിഞ്ഞു. കോവിഡ് സാഹചര്യവും അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആദ്യ തരംഗത്തെ രാജ്യം നന്നായി കൈകാര്യം ചെയ്തുവെങ്കിലും, രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാമൂഹിക ജീവിതത്തെയും വളരെയധികം ബാധിച്ചു.
പ്രശ്‌നബാധിത മേഖലകള്‍
കടുത്ത ഭക്ഷ്യക്ഷാമത്തിലാണ് ഇപ്പോള്‍ രാജ്യം. അവശ്യ സാധനങ്ങളുടെ ഇറക്കുമതി നിരോധിച്ചു. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, മഞ്ഞള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ശ്രീലങ്ക എല്ലാ വര്‍ഷവും 7,000 ടണ്‍ മഞ്ഞള്‍ ഇറക്കുമതി ചെയ്തിരുന്നു. അതില്‍ 5,000 ടണ്‍ മഞ്ഞളും ഇന്ത്യയില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഇത് നിര്‍ത്തിവച്ചതോടെ ശ്രീലങ്കയില്‍ മഞ്ഞളിന്റെ വില വര്‍ധിക്കുകയും അത് മറ്റു പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. കൊവിഡ് മൂലം ടൂറിസ്റ്റുകള്‍ വരാത്തതും രാജ്യത്തിന് തിരിച്ചടിയായി.
പെട്ടെന്നുണ്ടായ രാസവള നിരോധനം കര്‍ഷകരുടെ സാമ്പത്തിക അവസ്ഥയെ ബാധിക്കുകയും വിള ഉത്പാദനം കുറയുകയും ചെയ്തു. ഘട്ടം ഘട്ടമായി നടത്താമായിരുന്ന ഈ നിരോധനം എന്നാല്‍ രാജ്യത്തിന് വന്‍ തിരിച്ചടിയായി. ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരാന്‍ കാരണമായി.
ഈ കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുക, ഫോറെക്‌സ് കരുതല്‍ വര്‍ധിപ്പിക്കുക, നിലവിലെ കടങ്ങള്‍ കുറയ്ക്കുക എന്നിവ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
കേരളത്തിലം സംരംഭകരും വലയുന്നു
ഇന്ത്യ- ശ്രീലങ്ക ഫ്രീ ട്രേഡ് എഗ്രിമെന്റിന്റെ പിന്തുണയില്‍ കയറ്റുമതി ചെയ്തിരുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം ശ്രീലങ്ക നിര്‍ത്തിവച്ചത് കേരളത്തിനും വന്‍ തിരിച്ചടിയാകും.
പാലും പാലുല്‍പ്പന്നങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങളും വരെയുള്ളവ വരും ഇതില്‍. ബാര്‍ പൂട്ടലും ആസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ അനുകൂല നടപടികള്‍ കിട്ടാതെയും നിരവധി സംരംഭകരാണ് കേരളത്തില്‍ നിന്നും ശ്രീലങ്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ബാര്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുടങ്ങിയത്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷം പൂജ്യം ലാഭമാണ് ഇവര്‍ക്ക് നേടാനായത്. ഇപ്പോഴുള്ള പ്രതിസന്ധിയും സ്ഥിതി രൂക്ഷമാക്കി.
ഇന്ത്യ- ശ്രീലങ്ക ബൈ- ലാറ്ററല്‍ ട്രേഡ് ഏകദേശം നാല് ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു. എന്നാല്‍ ട്രേഡ് സര്‍പ്ലസിലാണ് ഇന്ത്യ തുടര്‍ന്നിരുന്നത്. ലെറ്റര്‍ ഓഫ് ക്രെഡിറ്റ് വഴി എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന സംരംഭകര്‍ക്ക് എല്‍സി ഡിസ്‌കൗണ്ടിംഗ് ഇല്ലാതെ പ്രതിസന്ധിയിലാകും. ഇത്തരത്തില്‍ നിരവധി സംരംഭകരാണ് കേരളത്തിലുള്ളതെന്ന് ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സാരഥി അഭയ് കുമാര്‍ പറയുന്നു.
'എക്‌സ്റ്റെന്‍ഷന്‍ ഓഫ് കേരള' എന്ന നിലയില്‍ ശ്രീലങ്ക- കേരള കണക്റ്റഡ് ടൂര്‍ ഓപ്പറേഷന്‍സ് ഉണ്ടായിരുന്നത് കോവിഡ് പ്രതിസന്ധിയായതോടെ ഇല്ലാതായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വെറും 50 മിനിട്ടാണ് ശ്രീലങ്കയില്‍ പറന്നിറങ്ങാന്‍ വേണ്ടിയിരുന്നത്, കൊച്ചിയില്‍ നിന്നും പരമാവധി ഒന്നേകാല്‍ മണിക്കൂറും. കൊച്ചിയില്‍ നിന്നും രാവിലെ 9 മണിക്ക് തുടങ്ങുന്ന ഫ്‌ളൈറ്റ് ശ്രീലങ്കയില്‍ 10.10 ഓടെ എത്തുമെന്ന ദൂരക്കുറവ് പോലും ഹൈലൈറ്റ് ചെയ്ത് ഇവിടുത്തെ ടൂറിസ്റ്റ് കമ്പനികള്‍ പാക്കേജുകള്‍ സെറ്റ് ചെയ്തിരുന്നു, എന്നാല്‍ ഇന്നതും പ്രതിസന്ധിയിലായി.
പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍
ശ്രീലങ്കന്‍ ഭൂപ്രകൃതിയുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന കേരളത്തിന് പ്രത്യേകിച്ച് കോവളവും ഫോര്‍ട്ട് കൊച്ചിയുമെല്ലാം ഈ അവസരം മുതലെടുക്കണം.
സഞ്ചാരികളെ സംബന്ധിച്ച് ശ്രീലങ്കന്‍ ഹോട്ടലുകള്‍ക്ക് കേരളത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം ചെലവ് കുറവാണ്. എന്നാല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേകളും റസ്‌റ്റോറന്റുകളും ഹോട്ടലുകളുമെല്ലാം ഈ അവസരം മുതലെടുക്കണം.
കോവിഡ് നിരക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ കൂടി നില്‍ക്കുന്ന സാഹചര്യം ഇപ്പോഴില്ലെങ്കിലും സഞ്ചാരികള്‍ ഏറ്റവുമധികം പറന്നിറങ്ങുന്ന തിരുനനന്തപുരത്തെയും എറണാകുളത്തെയും സ്ഥിതി അത്ര മെച്ചമല്ല. എന്നിരുന്നാലും മരണ നിരക്ക് കുറവാണെന്നത് ഹൈലൈറ്റ് ചെയ്ത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it