കോവിഡ് വര്‍ഷങ്ങളോളം കൂടെയുണ്ടാകും; ഇനി ചെയ്യേണ്ടതെന്ത്?
വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ലോകമൊന്നാകെ കിണഞ്ഞു പരിശ്രമിക്കുകയാണെങ്കിലും കോവിഡ് 19 ഉടനൊന്നും നമ്മെ വിട്ടുപോകില്ലെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറയുന്നത്. പ്രയാസമാണെങ്കിലും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുകയുമാണ് വേണ്ടതെന്ന് പ്രശസ്തമായ ഇന്ത്യാന യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പീഡിയാട്രിക് വിഭാഗം പ്രൊഫസര്‍ ആരോണ്‍ ഇ കാരള്‍, ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
പലര്‍ക്കും അതിനോട് പൊരുത്തപ്പെടാനായിട്ടില്ല. മാറ്റിവെച്ച കായിക മത്സരങ്ങള്‍ പുനരാരംഭിക്കുമെന്നും സ്‌കൂളുകള്‍ പതിവു പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഒഴിവുകാല യാത്രകള്‍ നടത്താനാവുമെന്നും പാര്‍ട്ടികളിലും ഒത്തുകൂടലുകളിലും മുമ്പേയെന്ന പോലെ പങ്കെടുക്കാന്‍ ഉടനെ കഴിയുമെന്നൊക്കെയാണ് അവരുടെ മിഥ്യാധാരണകള്‍.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്...
കോവിഡിനെതിരായ വാക്‌സിന്‍ ഉടനെ ഉണ്ടാകും എന്ന വിശ്വാസമാണ് ആളുകളെ ഇപ്പോഴും നയിക്കുന്നത്. പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് റെംദെസിവിര്‍ ആശ്വാസം നല്‍കുന്നുണ്ട്. പ്ലാസ്മ ചികിത്സയും ആന്റിബോഡി ചികിത്സയും രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. എങ്കിലും മിക്ക കേസുകളിലും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഹോസ്പിറ്റലുകളിലേക്കുള്ള രോഗികളുടെ വന്‍തോതിലുള്ള വരവിനെ ചെറുക്കാന്‍ ഇതുകൊണ്ടൊന്നും ആകുന്നില്ല. രോഗം വന്‍തോതില്‍ വ്യാപകമാകുന്നതിലുള്ള ആശങ്ക മരണം കൂടുന്നു എന്നതില്ലല്ല. മറിച്ച്, ആശുപത്രി കിടക്കകളെല്ലാം കോവിഡ് രോഗികളെ കൊണ്ട് നിറയുമ്പോള്‍ മറ്റുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ സൗകര്യം ഇല്ലാതെ പോകുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും കാന്‍സറും അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ മരണ നിരക്ക് ഉയരുന്നു.
വാക്‌സിനെ കുറിച്ച് അമിത പ്രതീക്ഷയിലാണ് ആളുകള്‍. പലപ്പോഴും വാക്‌സിന്‍ വികസിപ്പിക്കുന്നത് പേരിനും പ്രശസ്തിക്കും വേണ്ടി ചെയ്യുന്ന പ്രചാരണ കോലാഹലങ്ങള്‍ മാത്രമാകുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പലതിനും അംഗീകാരം കിട്ടിയേക്കാം. പക്ഷേ ഒരു ഗെയിം ചേഞ്ചര്‍ ആയി മാറാന്‍ ഈ വാക്‌സിനുകള്‍ക്കാവില്ല.
വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാകും?
എല്ലാ രോഗപ്രതിരോധ സംവിധാനങ്ങളും ഒരുപോലല്ല എന്നു മനസ്സിലാക്കണം. മീസല്‍സ്, റൂബെല്ല തുടങ്ങിയവയ്‌ക്കെതിരായ വാസ്‌കിനുകള്‍ രണ്ടു ഡോസ് എടുത്താല്‍ തന്നെ ജീവിതകാലത്തേക്ക് പ്രതിരോധിക്കാനാകും. അതേസമയം ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ പോലുള്ളവ നിശ്ചിത കാലയളവിലേക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. കോവിഡ് വാക്‌സിന്‍ ഏതു തരത്തിലായിരിക്കുമെന്ന് പറയാനാവില്ല. മിക്കവാറും ഇന്‍ഫ്‌ളുവന്‍സയുടേതിന് സമാനമായ സ്ഥിതിയായിരിക്കാം. എങ്കിലും പ്രതിരോധശേഷി എത്രകാലത്തേക്ക് നീണ്ടുനില്‍ക്കുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.
അതുകൊണ്ടു തന്നെ രോഗപ്രതിരോധ കുത്തിവെപ്പ് നടത്തിയാലും രോഗത്തിനെതിരെ വളരെയേറെ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷം ഏറെക്കാലത്തേക്ക് ലഭ്യമാകും എന്നുറപ്പു വരുത്തുന്നതു വരെ നമ്മള്‍ മാസ്‌കും, സാമൂഹ്യ അകലവും മറ്റു പ്രതിരോധ സംവിധാനങ്ങളും തുടരേണ്ടതുണ്ട്. അധികം പേരും വാക്‌സിനില്‍ അമിത പ്രതീക്ഷ നല്‍കി, സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യതയുണ്ട്. ഇത് രോഗം തീവ്രമായി സമൂഹത്തില്‍ പടരുന്നതിന് കാരണമാകും.
യഥാര്‍ത്ഥ പോരാട്ടം ഇനിയാണ്
എങ്കിലും വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ അത് വളരെ പെട്ടെന്ന് കൂടുതലാളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യമുള്ളവരിലേക്ക് ഏറ്റവുമാദ്യം എന്ന നിലയില്‍ എത്തിക്കണം. വാക്‌സിന്‍ അംഗീകരിച്ചു കഴിയുന്നതോടെയാണ് കോവിഡിനെതിരായ യഥാര്‍ത്ഥ പോരാട്ടം ആരംഭിക്കുന്നത്.
2021 ലെ ആദ്യ പകുതി എന്തായാലും ഇപ്പോഴത്തെ സ്ഥിതി തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇനി ഏതാനും മാസങ്ങള്‍ മാത്രമേ പ്രയാസപ്പെടേണ്ടതുള്ളൂവെന്നും പിന്നീട് ലോകം സാധാരണ നിലയിലേക്ക് പോകും എന്ന കരുതുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും.
ഉടനെ കോവിഡ് വിട്ടൊഴിയും എന്ന പ്രതീക്ഷയില്‍ നമ്മള്‍ സമയവും അവസരങ്ങളും കളയുകയാണ്. ഇത് ഉടനൊന്നും വിട്ടൊഴിയില്ലെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വൈറസിനെ പ്രതിരോധിച്ചു കൊണ്ടു തന്നെ പുതിയ ലോകത്തില്‍ എങ്ങനെ ജീവിക്കണമെന്ന് നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. രോഗികളെയും രോഗവാഹികളെയും തിരിച്ചറിഞ്ഞ ക്വാറന്റൈന്‍ ചെയ്ത് രോഗം കൂടുതല്‍ വ്യാപകമാകുന്നത് തടയണം. സാധാരണക്കാരായ ഭൂരിഭാഗം പേര്‍ക്കും രോഗമെന്ന് പറഞ്ഞ് വീട്ടിലിരിക്കാനാവാത്ത സ്ഥിതിയാണ്. അവരുടെ കുടുംബം പട്ടിണിയിലാകും. അവരെ സഹായിക്കാനുള്ള പദ്ധതികള്‍ ഉണ്ടാവണം. ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള ഇക്കൂട്ടര്‍ തന്നെയാണ് കൂടുതല്‍ ആരോഗ്യപ്രശ്‌നം നേരിടുന്നതും മറ്റുള്ളവരിലേക്ക് പടര്‍ത്തുന്നതും. അവര്‍ക്ക് ആവശ്യമുള്ളത് നല്‍കാനാവണം.
സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും സുരക്ഷിതമായി തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി വികസിപ്പിച്ചെടുക്കേണ്ടതുമുണ്ട്.
മഴയും തണുത്ത കാലാവസ്ഥയും മൂലം മറ്റു പല പകര്‍ച്ച വ്യാധികളും ലോക രാഷ്ട്രങ്ങളില്‍ പൊങ്ങുവരുന്നുണ്ട്. കോവിഡിനൊപ്പം അതിനെതിരെയും പോരാടേണ്ടതായി വരും. 2021 ലും കോവിഡിനെതിരെ പോരാടേണ്ടി വരുമെന്ന ചിന്തയില്‍ തന്നെ പ്രവര്‍ത്തിക്കുക. ഇത് ഒരു മാരത്തണ്‍ ഓട്ടമാണ്, ഹ്രസ്വദൂരത്തിലേക്കുള്ള ഓട്ടമാണെന്ന് കരുതരുത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine