നാരീശക്തിക്ക് സല്യൂട്ട്; ആരോഗ്യവും ശ്രദ്ധിക്കും

ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ആരോഗ്യസംരംക്ഷണത്തിനും ഊന്നല്‍ നല്‍കി രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 'ലാഖ്പതി ദീദി'പദ്ധതി വിപുലീകരിക്കുമെന്ന് ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പദ്ധതിയുടെ ലക്ഷ്യം 3 കോടി സ്ത്രീകളായി ഉയര്‍ത്തിയതായി ധനമന്ത്രി പറഞ്ഞു. നിലവില്‍ ഒരു കോടിയോളം സ്ത്രീകളാണ് പദ്ധതിക്ക് കീഴിലുള്ളത്. അവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യോഗ്യരായ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ളവര്‍ക്ക് വായ്പ നല്‍കുന്ന പ്രാദേശിക സ്വയം സഹായസംഘങ്ങള്‍ (എസ്.എച്ച്.ജി) പതിമാസ ക്യാമ്പുകള്‍ സ്ഥാപിച്ചതാണ് ലഖ്പതി ദീദി പദ്ധതിയുടെ വിജയത്തിന് കാരണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒമ്പത് കോടി സ്ത്രീകളുള്ള 83 ലക്ഷം സ്വയം സഹായസംഘങ്ങള്‍ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ശാക്തീകരിച്ചതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കാന്‍ സഹായിച്ചതായും ധനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ആരോഗ്യവും

സ്ത്രീകളുടെ ആരോഗ്യം കണക്കിലെടുത്തും ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഒമ്പതിനും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്‌സിനേഷന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സെര്‍വിക്കല്‍ ക്യാന്‍സറിന് ഉപയോഗിക്കുന്ന എച്ച്.പി.വി വാക്‌സിന്‍ നല്‍കിയതിനെ തുടർന്ന് ചില പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങളുയര്‍ന്നിരുന്നു. ആഗോളതലത്തില്‍, സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍ അര്‍ബുദം എന്നിവയ്ക്ക് ശേഷം സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നാലാമത്തെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ബജറ്റില്‍ എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും അംഗനവാടി ജീവനക്കാർക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷയും സര്‍ക്കാര്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

സംരക്ഷണത്തിലും ശ്രദ്ധ

2024 സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമുള്ള ദൗത്യമായ മിഷന്‍ ശക്തി ബജറ്റ് എസ്റ്റിമേറ്റ് 3,144 കോടി രൂപയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 2,326 കോടി രൂപയായി കുറഞ്ഞു. അതേസമയം 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതം 3,146 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഈ ദൗത്യം നിലനിര്‍ത്തുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കും.

സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത പദ്ധതികളുടെ മേഖലയില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 321 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 1,008 കോടി രൂപയായി വര്‍ധിച്ചു. 2025 സാമ്പത്തിക വര്‍ഷത്തിലേക്ക് നോക്കുമ്പോള്‍ 55 കോടി രൂപയോടെ ബജറ്റ് എസ്റ്റിമേറ്റില്‍ നേരിയ കുറവ് കാണാനാകും.

നേട്ടങ്ങളേറെ

വനിതാ സംരംഭകര്‍ക്ക് മുപ്പത് കോടി മുദ്ര യോജന വായ്പകള്‍ ഇതുവരെ നല്‍കിയാതായി ധനമന്ത്രി പറഞ്ഞു. പത്തുവര്‍ഷത്തിനിടെ ഉന്നതവിദ്യാഭ്യാസത്തില്‍ സ്ത്രീ പ്രവേശനം ഇരുപത്തിയെട്ട് ശതമാനം വര്‍ധിച്ചു. എസ്.ടി.ഇ.എം (science, technology, engineering, and mathematics)കോഴ്സുകള്‍്കകായി പ്രവേശിച്ചവരില്‍ നാല്‍പ്പത്തിമൂന്ന് ശതമാനം സ്ത്രീകളാണ്. ഇത് തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നു.

'മുത്തലാഖ്' നിയമവിരുദ്ധമാക്കിയതും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ഉറപ്പാക്കിയതും പി.എം ആവാസ് യോജനയ്ക്ക് കീഴില്‍ ഗ്രാമപ്രദേശങ്ങളില്‍ എഴുപത് ശതമാനത്തിലധികം വീടുകള്‍ സ്ത്രീകളുടെ ഉടമസ്ഥാവകാശത്തില്‍ (ഒറ്റയ്ക്കോ കൂട്ടായോ) നല്‍കാനായതും സത്രീകളുടെ അന്തസ്സ് വര്‍ധിപ്പിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനാണ് നിര്‍മ്മല സീതാരാമന്‍ ഊന്നല്‍ നല്‍കിയത്.

രാവിലെ 11നാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ പരാമര്‍ശിച്ച് തുടങ്ങിയ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. പൊതുതിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ 2024-25ലെക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.

Related Articles
Next Story
Videos
Share it