സ്വര്‍ണം വാരിക്കൂട്ടി റിസര്‍വ് ബാങ്ക്; ഒരാഴ്ചയ്ക്കിടെ വാങ്ങിയത് ₹25,000 കോടിയുടെ പൊന്ന്

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഉയര്‍ന്ന തലത്തില്‍ തുടരുന്ന പണപ്പെരുപ്പവും ആഗോള സമ്പദ്‌മേഖലയില്‍ ആശങ്കയുടെ കാര്‍മേഘം വിതച്ചതോടെ, സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ലോക രാജ്യങ്ങള്‍. കേന്ദ്ര ബാങ്കുകള്‍ മുഖേന നിരവധി രാജ്യങ്ങളാണ് അടുത്തകാലത്തായി കരുതല്‍ സ്വര്‍ണശേഖരം വന്‍തോതില്‍ ഉയര്‍ത്തിയത്.
ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന തന്നെ തുടര്‍ച്ചയായി കഴിഞ്ഞ 17 മാസങ്ങളില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി കരുതല്‍ ശേഖരം ഉയര്‍ത്തി. ഏകദേശം 161.07 ബില്യണ്‍ ഡോളര്‍ (13.43 ലക്ഷം കോടി രൂപ) മതിക്കുന്ന സ്വര്‍ണശേഖരമാണ് ചൈനയ്ക്കുള്ളത്. പോളണ്ട് 103 ടണ്ണും സിംഗപ്പൂര്‍ 76 ടണ്ണും ടര്‍ക്കി 61 ടണ്ണും സ്വര്‍ണം കഴിഞ്ഞവര്‍ഷം വാങ്ങിയപ്പോള്‍ ചൈന വാങ്ങിക്കൂട്ടിയത് 225 ടണ്ണാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വര്‍ണശേഖരം ഉയര്‍ത്തി റിസര്‍വ് ബാങ്കും
ഡോളറിന്റെ മൂല്യം വന്‍തോതില്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഒട്ടുമിക്ക കേന്ദ്രബാങ്കുകളും സ്വര്‍ണത്തോട് കൂടുതല്‍ താത്പര്യം കാട്ടുന്നത്. ഡോളറിന്റെ അപ്രമാദിത്തത്തിന് തടയിടുക കൂടിയാണ് ലക്ഷ്യം.
അടുത്തിടെ സിംബാബ്‌വേ പോലും ഡോളറിനെ കൈവിട്ട് സ്വര്‍ണം അധിഷ്ഠിതമായ പുതിയ കറന്‍സിയിലേക്ക് കടന്നിരുന്നു. ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ വിദേശ നാണയശേഖരം (Forex Reserves) ഏപ്രില്‍ 5ന് അവസാനിച്ച ആഴ്ചയില്‍ 298 കോടി ഡോളര്‍ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 64,856 കോടി ഡോളറിലെത്തിയിരുന്നു.
കരുതല്‍ സ്വര്‍ണശേഖരത്തില്‍ 239 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) വര്‍ധനയുണ്ടായതാണ് ഈ കുതിപ്പിന് വഴിയൊരുക്കിയതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 5,456 കോടി ഡോളറിന്റെ കരുതല്‍ സ്വര്‍ണശേഖരമാണ് നിലവില്‍ റിസര്‍വ് ബാങ്കിനുള്ളത്. അതായത്, ഏകദേശം 4.55 ലക്ഷം കോടി രൂപ മൂല്യം.
അമേരിക്കയുടെ സമ്പത്ത്
ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ് (370 ടണ്‍). റഷ്യ (310 ടണ്‍), ഓസ്‌ട്രേലിയ (210 ടണ്‍) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.


അതേസമയം, ഏറ്റവുമധികം കരുതല്‍ സ്വര്‍ണശേഖരമുള്ളത് പക്ഷേ, അമേരിക്കയിലാണ് (8,133 ടണ്‍). 3,353 ടണ്ണുമായി ജര്‍മ്മനിയാണ് രണ്ടാംസ്ഥാനത്ത്. 9-ാം സ്ഥാനത്താണ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണശേഖരം 801 ടണ്ണാണ് (ചിത്രം നോക്കുക).
Related Articles
Next Story
Videos
Share it