നിര്‍മലാ സീതാരാമന്‍ ആ റെക്കോര്‍ഡ് തകര്‍ക്കുമോ?

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഒരു റെക്കോര്‍ഡിന് ഉടമയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും സമയദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയിരിക്കുന്നത് നിര്‍മല സീതാരാമനാണ്. 2020 ലെ ബജറ്റ് പ്രസംഗം നീണ്ടത് രണ്ടു മണിക്കൂര്‍ 40 മിനിട്ടാണ്.

2019ലും മാരത്തോണ്‍ ബജറ്റ് പ്രസംഗമായിരുന്നു നിര്‍മല സീതാരാമന്റേത്. രണ്ടുമണിക്കൂര്‍ 17 മിനിട്ട്. 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബി ജെ പി ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പത്താമത്തെ ബജറ്റാണ് നാളെ അവതരിപ്പിക്കപ്പെടുന്നത്. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റും.

ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യത്തില്‍ മാത്രമല്ല നിര്‍മല സീതാരാമന്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. 2019ല്‍ ബജറ്റ് രേഖകള്‍ ബ്രീഫ്‌കേസില്‍ കൊണ്ടുവരുന്ന ഏര്‍പ്പാട് നിര്‍ത്തി ബഹി ഖട്ടയിലേക്ക് ചുവടുമാറ്റിയത് നിര്‍മല സീതാരാമനാണ്.

2021ല്‍ പിന്നെയും മാറ്റം വന്നു. കൈയില്‍ പിടിച്ചുവന്ന ടാബ്് ലറ്റ് തുറന്നുവെച്ച് നിര്‍മല സീതാരാമന്‍ ബജറ്റ് വായന തുടങ്ങി. കോവിഡ് കാലമായതിനാല്‍ ബജറ്റ് രേഖകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും വേണ്ടെന്ന് വെച്ചതാണ് ടാബ്് ലറ്റിലേക്കുള്ള മാറ്റത്തിന് കാരണമായത്.

മാത്രമല്ല കഴിഞ്ഞ വര്‍ഷം യൂണിയന്‍ ബജറ്റ് മൊബീല്‍ ആപ്പ് അവതരിപ്പിക്കുകയും ചെയ്തു. ബജറ്റ് രേഖകള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ആപ്പിലൂടെ എളുപ്പത്തില്‍ വായിക്കാനും പ്രിന്റെടുക്കാനും സാധിക്കും.

നരേന്ദ്ര മോദി അധികാരത്തിലേറിയതുമുതല്‍ ബജറ്റ് രേഖകളുടെ അച്ചടി വന്‍തോതില്‍ വെട്ടിക്കുറച്ച് വരികയായിരുന്നു. ഇപ്പോള്‍ എല്ലാം ആപ്പിലായതോടെ പ്രിന്റിംഗ് നാമമാത്രമായി.

സമയത്തിന്റെ കാര്യത്തില്‍ നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗമാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും ബജറ്റ് പ്രസംഗത്തിലെ വാക്കുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലുള്ളത് നരസിംഹറാവു മന്ത്രിസഭയില്‍ 1991ല്‍ മന്‍മോഹന്‍ സിംഗ് നടത്തിയ ബജറ്റ് പ്രസംഗമാണ്. 18,650 വാക്കുകള്‍.

നിര്‍മല സീതാരാമന്റെ 2020 ബജറ്റ് പ്രസംഗത്തില്‍ 13,275 വാക്കുകളാണുണ്ടായിരുന്നത്.


Related Articles

Next Story

Videos

Share it