വാക്‌സിനേഷന്‍: എന്തൊക്കെ ശ്രദ്ധിക്കണം? രണ്ടാം ഡോസിന് വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ? അറിയാം

കോവിഡ് മഹാമാരി ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഉയര്‍ന്ന തോതിലാണ് രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരമാവധി പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ് ഈ മഹാമാരിയെ ചെറുക്കാനുള്ള ഏക പോംവഴി. ഇതിനുള്ള നടപടികളും രാജ്യത്ത് നടന്നുവരികയാണ്. മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനിടയില്‍ വാക്‌സിനേഷനുമായി പലര്‍ക്കും ഒരുപാട് സംശങ്ങളുമുണ്ട്. അവ എന്താണെന്നും അതിന്റെ യാഥാര്‍ത്ഥ്യങ്ങളുമെന്താണെന്ന് നമുക്ക് നോക്കാം.

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ എങ്ങനെ ?
cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് കോവിഡ് വാക്‌സിന് വേണ്ട രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കോവിന്‍ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്യേണ്ടതാണ്. ഇതിന് ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നയാളുടെ പേര് നല്‍കുക. തുടര്‍ന്ന് ഏത് സെന്ററില്‍നിന്നാണ് വാക്‌സിന്‍ സ്വീകരിക്കുന്നതെന്നും തീയതിയും തെരഞ്ഞെടുക്കുക. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു സ്ലിപ് ലഭിക്കുന്നതാണ്, കൂടാതെ മൊബൈല്‍ നമ്പറിലേക്ക് കണ്‍ഫര്‍മേഷന്‍ സന്ദേശവും ലഭിക്കും.
ഒരു മൊബൈല്‍ നമ്പറില്‍ എത്രപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം ?
ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരും നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ വ്യത്യസ്തമായിരിക്കണം. മൊബൈല്‍ നമ്പര്‍ ഒഴികെ പൊതുവായി മറ്റൊന്നും പാടില്ല.
രജിസ്‌ട്രേഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമോ?
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. വാക്‌സിനേഷന്‍ എടുക്കുന്നത് വരെ ഈ രജിസ്‌ട്രേഷന്‍ രേഖകളില്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ കഴിയുന്നതാണ്.
വാക്‌സിന്‍ എടുക്കാന്‍ പോകുമ്പോള്‍ എന്തൊക്കെ രേഖകള്‍ വേണം?
ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ്. ഇവ രണ്ടുമില്ലെങ്കില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് കാണിച്ച് ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും ഐഡി കാര്‍ഡ് കാണിക്കേണ്ടേതാണ്.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
വാക്‌സിനെടുത്ത ശേഷം 30 മിനുട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തിലെ നിരീക്ഷണ മുറിയില്‍ വിശ്രമിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങയ പ്രതിരോധ മാര്‍ഗങ്ങള്‍ തുടരണം.
വാക്‌സിന്‍ സ്വീകരിക്കേണ്ട ഇടവേള
28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വോക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിനുശേഷം 28 ദിവസം കഴിയുന്ന ദിവസത്തേക്ക് രണ്ടാമത്തെ വാക്‌സിന് ബുക്ക് ചെയ്യേണ്ടതാണ്. ആദ്യഡോസ് സ്വീകരിച്ച വാക്‌സിനേഷന്‍ സെന്ററില്‍ തന്നെയാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് ബുക്ക് ചെയ്യേണ്ടത്.
രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് വീണ്ടും രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ ?
ഇല്ല. രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ സിസ്റ്റം തന്നെ ഷെഡ്യൂള്‍ ചെയ്യുന്നതാണ്.

(കടപ്പാട്: ആരോഗ്യകേരളം)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it