അറിഞ്ഞിരിക്കണം, സാമ്പത്തികമായും സാമൂഹികമായും ഏറെ സ്വാധീനിക്കുന്ന TOP 10 TRENDS of 2022 !

ഈ വര്‍ഷം കൃത്യമായി ആസൂത്രണം ചെയ്യാന്‍ ആഗോളതലത്തിലെ ടോപ് 10 ട്രെന്‍ഡുകള്‍ നിങ്ങള്‍ക്കറിയണോ? ഓരോ വര്‍ഷവും, ഗ്ലോബല്‍ ഇന്‍വെസ്റ്ററും ഗ്രന്ഥകാരനുമായ രുചിര്‍ ശര്‍മ, എന്‍ഡിടിവിയിലെ പ്രണോയ് റോയുമായുള്ള സംഭാഷണത്തിലൂടെ ടോപ് ഗ്ലോബല്‍ ട്രെന്‍ഡുകള്‍ അനാവരണം ചെയ്യാറുണ്ട്. അങ്ങേയറ്റം ജനപ്രിയമായൊരു പഠനവും പരിപാടുമാണിത്. സര്‍ക്കാരുകള്‍, കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍ എന്നിവയ്‌ക്കെല്ലാം പുറമേ പൊതുസമൂഹത്തിനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഏറെ സഹായകരമാണ് ഈ നിരീക്ഷണങ്ങള്‍. ഇതാ, ആ ടോപ് 10 പ്രവണതകള്‍.

1. ആഗോളതലത്തില്‍ ജനന നിരക്ക് താഴും
ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ഏറെ സമയം ചെലവിടാന്‍ തുടങ്ങിയിട്ടുപോലും ആഗോളതലത്തിലെ ജനന നിരക്ക് താഴുകയാണ്. ജോലി ചെയ്യാന്‍ പ്രാപ്തിയുള്ളവരുടെ എണ്ണത്തില്‍ വരുന്ന കുറവ് പല രാജ്യങ്ങളിലും ജനസംഖ്യാപരമായ വെല്ലുവിളിക്ക് കാരണമാകും. ചൈനയിലെ ജനനനിരക്ക് പ്രതിവര്‍ഷം -15 ശതമാനമെന്ന നിരക്കിലേക്കാണ് വീഴുന്നത്. ഇതാദ്യമായി ഇന്ത്യയിലെ ജനനനിരക്ക് ആഗോളതലത്തിലെ ശരാശരി ജനനനിരക്കിനേക്കാള്‍ താഴെ പോയി. അമേരിക്ക, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ ജനനനിരക്ക് കുറയുകയാണ്. ഇത് ആഗോളവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
2. ചൈനയുടെ സാമ്പത്തിക ശക്തി അതിന്റെ സമുന്നതിയില്‍
ആഗോള വളര്‍ച്ചയില്‍ ചൈനയുടെ പങ്ക് കുറയുന്നു. അടുത്ത വര്‍ഷം മുതല്‍ ചൈനയുടെ മൊത്തം ജനസംഖ്യയും തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള ജനങ്ങളുടെ എണ്ണവും ചുരുങ്ങാന്‍ തുടങ്ങു. അതുകൊണ്ട് ചൈനയുടെ വളര്‍ച്ച, ഉല്‍പ്പാദനക്ഷമതയില്‍ വരുത്തുന്ന വര്‍ധനയില്‍ നിന്നാകും.
3. ആഗോള കടഭാരം കൂടുന്നു
കടവും ജിഡിപിയുമായുള്ള അനുപാജം 300 ശതമാനത്തിന് മുകളിലുള്ള ലോകരാജ്യങ്ങളുടെ എണ്ണം 25 ആയി. ഇതില്‍ അമേരിക്കയും ചൈനയും ജപ്പാനും എല്ലാം പെടുന്നു. ആശങ്കാജനകമായ കാര്യമാണിത്.
4. വിലക്കയറ്റം ഉയരും; പക്ഷേ ഇരട്ടയക്കത്തില്‍ എത്തില്ല
ഉയര്‍ന്ന കൂലി, കുറഞ്ഞ ഉല്‍പ്പാദനം, ഉയര്‍ന്ന ചെലവ്, ആഗോളവല്‍ക്കരണശൈലിയില്‍ നിന്നുള്ള പിന്‍നടത്തം, സര്‍ക്കാരുകളുടെ ജനപ്രിയ പരിപാടികള്‍ എന്നിവയെല്ലാം തന്നെ വിലകളെ ഉയരങ്ങളിലേക്ക് നയിച്ചു. പക്ഷേ, അദ്ദേഹം പറയുന്നത് ടെക്‌നോളജി രംഗത്തെ മുന്നേറ്റം വിലകളെ ഒരു പരിധി വരെ നിയന്ത്രിച്ചുനിര്‍ത്തുമെന്നാണ്.
5. ഗ്രീന്‍ഫ്‌ളേഷന്‍
നമുക്കെല്ലാം ഹരിതാഭമായൊരു ഭൂമി വേണം. പക്ഷേ അതിനോടൊപ്പം കൂടുതല്‍ ക്രൂഡോയ്‌ലും ലോഹങ്ങളും ധാതുക്കളും വേണം. ഡിമാന്റ് കൂടുകയും സപ്ലെ കുറയുകയും ചെയ്യുന്നതിനാല്‍ ഇവയുടെ വിലയും കൂടുകയാണ്. എന്തിന് സോളാര്‍ പാനലുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും അലൂമിനിയവും കോപ്പറും വേണം.
6. ഉല്‍പ്പാദനക്ഷമത വര്‍ഷങ്ങളോളം ഇടിവിലാകും
സര്‍ക്കാരുകളുടെ ഇടപെടലുകളും നിയന്ത്രണചട്ടങ്ങലും, കാര്യക്ഷമതയില്ലാത്ത കമ്പനികളെ പിന്തുണയ്ക്കല്‍, വര്‍ക്ക് ഫ്രം ഹോം ശൈലി എന്നിവയെല്ലാം ഉല്‍പ്പാദനക്ഷമതയെ കാര്യമായി ബാധിക്കും. പഠനങ്ങള്‍ തെളിയിക്കുന്നത്, വര്‍ക്ക് ഫ്രം ഹോം ശൈലിയില്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഔട്ട്പുട്ട് കുറവാണെന്നതാണ്.
7. ഡാറ്റ പ്രാദേശികവല്‍ക്കരണം
ഇത് കൂടിവരികയാണ്. കൂടിവരുന്ന സംരംക്ഷണവാദം, ഡാറ്റ ദേശീയവല്‍ക്കരണം, കര്‍ശനമായ ചട്ടങ്ങള്‍, പ്രൈവസി പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ പ്രവണതയെ നയിക്കുന്ന ഘടകങ്ങള്‍. മുമ്പ് ഡാറ്റയ്ക്ക് അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലാണിപ്പോള്‍ കൂടുതല്‍ ഡാറ്റ റെഗുലേഷനുകളുള്ളത്.
8. കുമിളകള്‍ പൊട്ടും
ഓഹരി വിപണി പോലെ വലിയൊരു മാര്‍ക്കറ്റിനെ ചൂഴ്ന്നു നില്‍ക്കുന്നതിനെയാണ് ബബ്ള്‍ അഥവാ കുമിള എന്ന് വിശേഷിപ്പിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി, ടെക് ഓഹരികള്‍, ക്ലീന്‍ എനര്‍ജി ഓഹരികള്‍ എന്നിങ്ങളെ സവിശേഷ മേഖലകളെ ചൂഴ്ന്ന് ചെറുകുമിളകളുമുണ്ട്. ഉയര്‍ന്ന വാല്വേഷനും ഓവര്‍ ട്രേഡിംഗും ഇത്തരം മേഖലകളിലെ തകര്‍ച്ചയ്ക്ക് വഴിവെക്കും.

ഉദാഹരണത്തിന് ബിറ്റ് കോയ്ന്‍ 57 ശതമാനവും ഗ്രീന്‍ എനര്‍ജി ഓഹരികള്‍ 53 ശതമാനവും അടുത്തിടെ ഇടിഞ്ഞു. ചെറുകുമിളകള്‍ പൊട്ടാന്‍ തുടങ്ങിയാല്‍ വീഴ്ച 70 ശതമാനം വരെ പോകാം.
9. ചെറുനിക്ഷേപകരുടെ തിരക്കിട്ട ഓട്ടം
അതിസമ്പന്നരും നിക്ഷേപക സ്ഥാപനങ്ങളും വില്‍പ്പനക്കാരാവുമ്പോള്‍, ലോകമെമ്പാടും ചെറുകിട നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും ഉയര്‍ന്ന വാല്വേഷനില്‍ നില്‍ക്കുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. മ്യൂച്വല്‍ ഫണ്ടുകളിലേക്കും വലിയ തോതില്‍ പണം ഒഴുകി വരുകയാണ്. ഇത് പ്രധാനമായും ചെറുകിട നിക്ഷേപകരില്‍ നിന്നാണ്. ചെറുകിട, റീറ്റെയ്ല്‍ നിക്ഷേപകരുടെ എണ്ണം ഇന്ത്യയിലും കുത്തനെ ഉയരുകയാണ്. ഇതില്‍ ആശങ്ക പെടുത്തുന്ന ഘടകങ്ങളില്‍ ഒന്ന് ഇവര്‍ ബഹുഭൂരിപക്ഷവും വാങ്ങിക്കൂട്ടുന്നത് കുറഞ്ഞ മൂല്യമുള്ള ഓഹരികളാണ്.
10. ഫിസിക്കല്‍ ലോകം ഇപ്പോഴും മെറ്റാവേഴ്‌സിനേക്കാള്‍ തിളക്കമുള്ളതാണ്
വെര്‍ച്വല്‍ ലോകവും ടെക്‌നോളജിയും ഇത്രമാത്രം കുതിച്ചുമുന്നേറിയിട്ടും ജനങ്ങള്‍ ഇപ്പോഴും കാര്‍, വീട് പോലുള്ള ഫിസിക്കല്‍ ഗുഡ്‌സ് മോഹിക്കുന്നു. പുത്തന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപം കൂടുമ്പോള്‍ പഴയ സമ്പദ് വ്യവസ്ഥയിലെ നിക്ഷേപം ഇടിയുകയാണ്. ഇവിടെ ഒരു അസന്തുലിതാവസ്ഥയുണ്ട്. ഇവയ്ക്കിടയിലെ വിടവ് കൂടുകയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it