മറ്റ് ഭക്ഷ്യഎണ്ണകളേക്കാള്‍ വന്‍ വിലക്കുറവ്; ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി ഉയര്‍ന്നു
ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി നവംബറില്‍ 29 ശതമാനം ഉയര്‍ന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാം ഓയിലിന്റെ ഉപഭോക്താവായ ഇന്ത്യയുടെ വര്‍ധിച്ച ഇറക്കുമതി ഈ വര്‍ഷത്തെ റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏതാണ്ട് പകുതിയായി കുറഞ്ഞിരിക്കുന്ന മലേഷ്യന്‍ പാം ഓയില്‍ വിലയെ വര്‍ധിപ്പിക്കും.
കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത പാം ഓയില്‍ 1.14 ദശലക്ഷം ടണ്ണിലെത്തി. 2021 നവംബര്‍ വരെ ഇന്ത്യ 539,639 ടണ്‍ പാം ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. മറ്റ് എണ്ണകളെ അപേക്ഷിച്ച് ഇപ്പോള്‍ ഏറ്റവും വില കുറഞ്ഞ എണ്ണയായത്‌കൊണ്ടാണ് പാം ഓയില്‍ ഇറക്കുമതി വര്‍ധിച്ചതെന്ന് ജിജിഎന്‍ റിസര്‍ച്ചിന്റെ മാനേജിംഗ് പാര്‍ട്ണര്‍ രാജേഷ് പട്ടേല്‍ പറഞ്ഞു.
ഡിസംബറിലും പാം ഓയില്‍ ഇറക്കുമതി 1 ദശലക്ഷം ടണ്ണായി തുടരും. എന്നാല്‍ ജനുവരി മുതല്‍ മന്ദഗതിയിലാകാനാണ് സാധ്യതയെന്നും വിദഗ്ദര്‍ പറയുന്നു. ക്രൂഡ് പാം ഓയില്‍ ജനുവരി കയറ്റുമതിക്കായി ഇന്ത്യയില്‍ ചെലവ്, ഇന്‍ഷുറന്‍സ്, ചരക്ക് (സിഐഎഫ്) എന്നിവ ഉള്‍പ്പെടെ ടണ്ണിന് 1,015 ഡോളറാണ് വാഗ്ദാനം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി സാധാരണയായി ശൈത്യകാലത്ത് കുറവാണ്. എന്നാല്‍ ഈ വര്‍ഷം നവംബറിലെ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന വിലക്കുറവ് കാരണം ഇറക്കുമതി ഉയര്‍ന്നു. നവംബറില്‍ സോയ ഓയില്‍ ഇറക്കുമതി 36 ശതമാനം കുറഞ്ഞ് 215,00 ടണ്ണായി. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 10 ശതമാനം ഉയര്‍ന്ന് 160,000 ടണ്ണായി. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പാമോയില്‍ വാങ്ങുന്നത്. അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയ എണ്ണയും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.