ജപ്പാനും ബ്രിട്ടനും സാമ്പത്തികമാന്ദ്യത്തില്‍; മൂന്നാമത്തെ വലിയ സമ്പദ്ശക്തിയായി ജര്‍മ്മനി

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ജപ്പാനും ബ്രിട്ടനും സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് (Technical Recession) കൂപ്പുകുത്തി. കഴിഞ്ഞ ഡിസംബര്‍ പാദത്തിലും ഇവയുടെ ജി.ഡി.പി വളര്‍ച്ച നെഗറ്റീവായതാണ് കാരണം. തുടര്‍ച്ചയായ രണ്ടുപാദങ്ങളില്‍ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആകുന്നതിനെയാണ് സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെട്ടു എന്ന് പറയുക.
ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ബ്രിട്ടന്റെ ഒക്ടോബര്‍-ഡിസംബര്‍പാദ ജി.ഡി.പി വളര്‍ച്ചാനിരക്ക് നെഗറ്റീവ് 0.3 ശതമാനമാണ്. തൊട്ടുമുമ്പത്തെ പാദമായ ജൂലൈ-സെപ്റ്റംബറില്‍ നെഗറ്റീവ് 0.1 ശതമാനവുമായിരുന്നു വളര്‍ച്ച.
ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ അതിവേഗം നേട്ടത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സുനക്കിന് ജി.ഡി.പിയുടെ ഈ വീഴ്ച വലിയ തിരിച്ചടിയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി തളര്‍ച്ചയുടെ പാതയിലാണ് ബ്രിട്ടീഷ് ജി.ഡി.പി. ഇക്കുറി ഡിസംബര്‍ പാദത്തിലെ വളര്‍ച്ചാനിരക്കാകട്ടെ 2021 ജനുവരി-മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും മോശം നിരക്കുമാണ്. 2024ന്റെ രണ്ടാംപാതിയോടെ മാത്രമേ ബ്രിട്ടീഷ് ജി.ഡി.പി മെച്ചപ്പെടൂ എന്നാണ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. നിലവില്‍ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ബ്രിട്ടന്‍. ഇന്ത്യയാണ് അഞ്ചാംസ്ഥാനത്ത്.
ജപ്പാന്റെ വീഴ്ചയും ജര്‍മ്മനിയുടെ നേട്ടവും
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ശക്തിയായ ജപ്പാനും ഡിസംബര്‍ പാദത്തില്‍ സാങ്കേതിക സാമ്പത്തികമാന്ദ്യത്തിലേക്ക് വീണു. ജൂലൈ-സെപ്റ്റംബറില്‍ നെഗറ്റീവ് 3.3 ശതമാനം, ഒക്ടോബര്‍-ഡിസംബറില്‍ നെഗറ്റീവ് 0.4 ശതമാനം എന്നിങ്ങനെയാണ് ജാപ്പനീസ് ജി.ഡി.പിയുടെ വളര്‍ച്ച.
ഇതോടെ, ജപ്പാനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന സ്ഥാനം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനി സ്വന്തമാക്കി.
അമേരിക്കയാണ് ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തി. രണ്ടാമത് ചൈനയും മൂന്നാമതിപ്പോള്‍ ജര്‍മ്മനിയുമാണ്. 2028-30നകം ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ഇന്ത്യ മൂന്നാമതെത്തും എന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി 7 ശതമാനം വാര്‍ഷിക ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തുന്ന ഇന്ത്യ, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സാമ്പത്തിക ശക്തിയുമാണ് (Fastest growing major economy).

Related Articles

Next Story

Videos

Share it