കേന്ദ്ര ബജറ്റ്: എന്തൊക്കെ പ്രതീക്ഷിക്കാം?

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കാന്‍ ആത്മനിര്‍ഭര്‍ ഭാരത് നയങ്ങളുമായി ഒത്തുചേര്‍ന്ന് പോകുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഫെബ്രുവരി 1-ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തുമെന്ന് പ്രതീക്ഷ.

രാജ്യത്തേക്ക് നിലവാരം കുറഞ്ഞ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചേക്കും. 2020-ലെ സാമ്പത്തിക വര്‍ഷത്തില്‍ 475 ബില്ല്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.

വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടല്ലെന്നും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയ്ക്ക് അത്യന്താപേക്ഷിതമാണ് ഈ നയമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പൊതുവില്‍ രാജ്യത്തേക്കുള്ള ഇറക്കുമതിയെ ലക്ഷ്യമിട്ടല്ല നികുതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പകരം, ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുള്ള ചില മേഖലകളിലെ ഉല്‍പന്നങ്ങളുടെ ഇറക്കുമതിയെ മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൂടാതെ, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വസ്തുക്കളെക്കാള്‍ കൂടുതല്‍ നികുതി അസംസ്‌കൃത വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1,173 വസ്തുക്കളുടെ പട്ടിക സര്‍ക്കാരിന് വ്യാവസായിക രംഗത്തുള്ളവര്‍ നല്‍കിയിരുന്നു. ഇതില്‍ വാഹന ഘടകങ്ങള്‍, എസിയുടെ കംപ്രസര്‍, റഫ്രിജറേറ്ററുകള്‍, സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ എന്നിവ ഈ പട്ടികയില്‍പ്പെടുന്നു. ഇവയില്‍ മിക്കതും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. എന്നാല്‍ തന്നെയും വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ പ്രാദേശിക ഉല്‍പന്നങ്ങള്‍ കൊണ്ട് ഇവയുടെ ദൗര്‍ലഭ്യം ഉണ്ടാകുന്നത് തടയാന്‍ കഴിയുകയും ചെയ്യും.

2019-ലെ സാമ്പത്തിക വര്‍ഷത്തില്‍ ഈ പട്ടികയില്‍പ്പെടുന്ന 12 ബില്ല്യണ്‍ ഡോളറിന്റെ വസ്തുക്കള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 2.3 ശതമാനം വരുമിത്. എന്നാല്‍ ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിയുടെ 17 ശതമാനം ആണിത്.

രാജ്യങ്ങളെ പ്രത്യേകം എടുത്ത് പറഞ്ഞു കൊണ്ടല്ല നികുതി വര്‍ദ്ധിപ്പിക്കുന്നത് എങ്കിലും ചൈനയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. കാരണം, ഇന്ത്യയിലേക്ക് വില കുറഞ്ഞതും ഗുണ നിലവാരം കുറഞ്ഞതുമായ വസ്തുക്കള്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നുമാണ്.

നേരത്തെ വാണിജ്യ, വ്യവസായ മന്ത്രാലയം 300 ഉല്‍പന്നങ്ങളുടെ കസ്റ്റംസ് നികുതി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ചെരുപ്പ്, ഫര്‍ണിച്ചര്‍, ടിവിയുടെ ഘടകങ്ങള്‍, രാസ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. അത്യാവശ്യമല്ലാത്ത ഇറക്കുമതിയായി പരിഗണിക്കപ്പെടുന്നവയാണ് ഇവ.
ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന് കോവിഡും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലെ തടസ്സങ്ങളും സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.

കോവിഡ് മൂലമുള്ള ലോക്ക്ഡൗണും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മന്ദീകരണവും ഏതാനും വര്‍ഷങ്ങളായുള്ള സാമ്പത്തിക മാന്ദ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച അവസ്ഥയില്‍ നിന്നും തിരിച്ചു കയറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖല മുന്‍ വര്‍ഷത്തേക്കാള്‍ 31.9 ശതമാനം കുറവാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയ്ത. സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുമ്പോള്‍ ആനുപാതികമായി സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷേപം ഉണ്ടാകും.

റെയില്‍വേയില്‍ സ്റ്റേഷന്‍ വികസനം, പുതിയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നിക്ഷേപം ഇറക്കുന്നത് റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാകും. സ്വകാര്യ ട്രെയിനുകള്‍ക്കായി വാഗണുകളും കോച്ചുകളും വാങ്ങുകയും നൂതനായ സ്റ്റേഷന്‍ രൂപകല്‍പനയും നിര്‍മ്മാണവും നടത്താന്‍ സ്വകാര്യ മേഖല തയ്യാറാകും. മെട്രോ റെയില്‍ ശൃംഖലയുടെ നിര്‍മ്മാണവും കേന്ദ്രം വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തുടരും.

2022 ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി കാര്‍ഷിക വായ്പ നല്‍കുന്നതിനായി 19 ലക്ഷം കോടി രൂപ മാറ്റിവച്ചേക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം കോടി രൂപയാണ് മാറ്റി വച്ചിരുന്നത്.

കോവിഡ് മഹാമാരി സര്‍ക്കാര്‍ ആശുപത്രികളുടെ പരിതാപകരമായ അവസ്ഥയെ പുറത്തു കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന്, ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ലോകത്ത് ആരോഗ്യ മേഖലയില്‍ ഏറ്റവും കുറവ് ചെലവ് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നുള്ള ഓക്‌സ്ഫാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കായി 67,112 കോടി രൂപയാണ് മാറ്റി വച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 1.5 ശതമാനം മാത്രമാണ്. ആരോഗ്യമേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ സൂചിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി സ്വകാര്യവല്‍ക്കരണം ഈ വര്‍ഷവും ദ്രുതഗതിയില്‍ നടത്തും. അതിന്റെ ഭാഗമായി ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ, സാമൂഹിക മേഖലകളില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍, വരുമാന സ്രോതസ്സുകള്‍ വറ്റിവരണ്ടിരിക്കുന്ന അവസ്ഥയായതിനാല്‍ ചെലവിന് പണം കണ്ടെത്താന്‍ ഓഹരി വില്‍പനയാണ് സര്‍ക്കാരിന് മുന്നിലെ ഒരു മാര്‍ഗം. പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള പുതിയ നയത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. തന്ത്ര പ്രധാനവും അല്ലാത്തതുമായ മേഖലകളിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള റോഡ് മാപ്പാണ് തയ്യാറായിരിക്കുന്നത്. ഇത് അനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് പ്രവേശിക്കുന്നതിനുള്ള നയം കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. തന്ത്ര പ്രധാനമല്ലാത്ത മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറും. തന്ത്ര പ്രധാനമായവയില്‍ സാന്നിദ്ധ്യം കുറയ്ക്കും. ഊര്‍ജ്ജം, വളം, ടെലികോം, പ്രതിരോധം, ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കം 18 മേഖലകളാണ് തന്ത്ര പ്രധാന മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ നയം നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ വിവിധ മന്ത്രാലയങ്ങളില്‍ തുടരുകയാണ്.
ആരോഗ്യ, അടിസ്ഥാന സൗകര്യ മേഖലകളില്‍ കൂടുതലായി നിക്ഷേപിക്കുന്നത് കൂടാതെ ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണം എത്തിക്കാനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ നോക്കുന്നുണ്ടെന്ന് ബജറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികള്‍ക്കും എല്ലാ വീടുകളിലും ശുദ്ധ ജലം എത്തിക്കാനുള്ള പദ്ധതികള്‍ക്കും ഈ വര്‍ഷം കൂടുതല്‍ പണം ലഭിച്ചേക്കും. ഉല്‍പാദനപരമായ പദ്ധതികള്‍ക്കും പ്രാധാന്യം ലഭിക്കും.

ഊര്‍ജ്ജ മേഖലയില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കായുള്ള പദ്ധതികളാണ് പ്രഖ്യാപിക്കുക. ഈ മേഖലയുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. ഊര്‍ജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യവും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തുന്നതിനൊപ്പം വൈദ്യുതി വിതരണ കമ്പനികളുടെ വളര്‍ച്ചയ്ക്കായും കേന്ദ്രം പദ്ധതികള്‍ പ്രഖ്യാപിക്കും.

കര്‍ഷകര്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമുള്ള ഫീഡര്‍ ഗ്രിഡുകളെ വേര്‍തിരിക്കാനുള്ള പദ്ധതിയും അണിയറയില്‍ ഒരുങ്ങുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി മോഷണം തടയാനുള്ള പദ്ധതികളും ഉണ്ടാകും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തുന്ന മേഖലയാണ് ഇത്. സാങ്കേതികവും വാണിജ്യപരവുമായ കാരണങ്ങള്‍ കൊണ്ടാണിത്. വൈദ്യുതി മോഷണം ഒരു തലവേദനയാണ്.

ഓട്ടോമൊബൈല്‍, ടൂറിസം, മാനുഫാക്ചറിങ് മേഖലകളിലും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നാണ് വ്യവസായികള്‍ കരുതുന്നത്.

മരുന്ന് വ്യവസായ രംഗത്തെ ഗവേഷണ, വികസന രംഗത്ത് കൂടുതല്‍ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികളും നികുതിയിളവ് പ്രതീക്ഷിക്കുന്നു.
നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ ഇത് അനിവാര്യമാണ്.

പൊതു മേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ ഏറ്റെടുക്കുന്നതിനായി ബാഡ് ബാങ്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നിര്‍മ്മല സീതാരാമന്‍ നടത്തുമെന്നാണ് ബാങ്കിങ് മേഖലയിലെ നിരീക്ഷകരുടെ അഭിപ്രായം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it