കേന്ദ്ര ബജറ്റ്: അടിസ്ഥാന സൗകര്യ രംഗത്തേക്ക് പണമൊഴുകുമോ?

രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ നല്ല ദിനങ്ങളിലേക്ക് തിരികെ പോകുന്നതിന് അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്രം ആ ദിശയിലേക്ക് തിരിയുന്നുവെന്നതിന്റെ സൂചന നല്‍കുന്നതാണ് ജനുവരി 29ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാ രാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ.

അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളും നിക്ഷേപവും ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും സമ്പദ് വ്യവസ്ഥയിലേക്ക് പണമൊഴുകയും ചെയ്യുന്നത് സമ്പദ് വ്യവസ്ഥയില്‍ ഉത്തേജനം സൃഷ്ടിക്കും. വരും വര്‍ഷങ്ങളിലെ വളര്‍ച്ചയുടെ അടിസ്ഥാനം അടിസ്ഥാന സൗകര്യ വികസനമാകും. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 11 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഈ വളര്‍ച്ച കൈവരിക്കാന്‍ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം അത്യന്താപേക്ഷിതമാണ്.

അതിനായി ധനമന്ത്രി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്.

അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് 111 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ വേണ്ടി വരുമെന്ന് സര്‍വേ പറയുന്നു. ദേശീയ തലത്തിലെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായിട്ടാണ് ഇത്രയും രൂപ നിക്ഷേപിക്കുക.

രാജ്യത്തിന് അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് സമ്പദ് വ്യവസ്ഥയെ മുട്ടിലിഴയുന്ന അവസ്ഥയില്‍ നിര്‍ത്തും.

റെയില്‍വേ, നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജം, റോഡ് തുടങ്ങിയ പദ്ധതികള്‍ക്കായിട്ടാണ് തുക ചെലവഴിക്കുക. എങ്കിലും സാമൂഹിക ക്ഷേമ മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം, മലിന ജലവും ഖര മാലിന്യവും കൈകാര്യം ചെയ്യല്‍, ശുദ്ധ ജല വിതരണം എന്നിവയില്‍ 202425 വരെയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും പൊതുസ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ടുള്ളവയാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രം പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കായി 4,321 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി 66,600 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യം വയ്ക്കുന്നത്. ടെലികോം, തുറമുഖം, റെയില്‍വേ, ഇക്കോടൂറിസം പദ്ധതികളാണ് ഈ പട്ടികയിലുള്ളത്.

അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം 3.59 ലക്ഷം കോടി രൂപ സ്വരൂപിക്കാനാണ് ഒരുങ്ങുന്നത്. റെയില്‍വേ രംഗത്ത് സര്‍ക്കാര്‍ 'പുതിയ ഇന്ത്യ പുതിയ റെയില്‍വേ' നയം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം, സ്വകാര്യ നിക്ഷേപകരെ റെയില്‍വേയില്‍ അനുവദിച്ചിരുന്നു. നയം പൊതുസ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും 30,000 കോടി രൂപ സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷേപമായി എത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 202021 സാമ്പത്തിക വര്‍ഷം ട്രെയിനുകള്‍ 1.2 ബില്ല്യണ്‍ ടണ്‍ ചരക്കും 8.1 ബില്ല്യണ്‍ യാത്രക്കാരേയും വഹിച്ചു.

തുറമുഖ മേഖലയില്‍ സാഗര്‍ മാല പദ്ധതി നിലവില്‍ നടപ്പിലാക്കുന്നുണ്ട്. അതില്‍ 8,461 കോടി രൂപയുടെ 37 പദ്ധതികളാണ് നടപ്പിലാക്കിയത്.

ഊര്‍ജ്ജ മേഖല 2019 മാര്‍ച്ച് വരെ 3,56,100 മെഗാവാട്ട് ഊര്‍ജ്ജം ഉല്‍പാദിപ്പിച്ചിരുന്നത് 2020 മാര്‍ച്ചില്‍ 3,70,106 മെഗാവാട്ടായി ഉയര്‍ന്നിരുന്നു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുമ്പോള്‍ വൈദ്യുതി ഉപഭോകം വര്‍ദ്ധിക്കുകയും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതികളും ഊര്‍ജ്ജ സംരക്ഷണ പദ്ധതികളും നടപ്പിലാക്കേണ്ടി വരുകയും ചെയ്യുമെന്നതാണ്. ഇതിനായും വലിയ തോതിലുള്ള പണം നിക്ഷേപമായി എത്തും. ഈ വര്‍ഷത്തെ കണക്കുകള്‍ പുറത്ത് വരാന്‍ ഇരിക്കുന്നതേയുള്ളൂ.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറഞ്ഞിരുന്നു. 57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാക്‌സിനേഷന്റെ സഹായത്തോടെ മഹാമാരിയെ തടയുന്നതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുകയും പെട്രോളിയം ഉല്‍പന്നങ്ങളുടേയും ഉപഭോഗം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് കേന്ദ്രം കരുതുന്നു.


Related Articles

Next Story

Videos

Share it