900 കോടി കടന്ന് യു.പി.ഐ ഇടപാടുകള്‍; ചരിത്രത്തിലാദ്യം

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകളില്‍ പുത്തന്‍ റെക്കോഡ്. മേയില്‍ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ആദ്യമായാണ് ഒരുമാസം ഇടപാടുകള്‍ 900 കോടി കടക്കുന്നത്. ഏപ്രിലിലെ 889.81 കോടി ഇടപാടുകളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. മാര്‍ച്ചില്‍ 868.53 കോടിയും ഫെബ്രുവരിയില്‍ 753.34 കോടിയുമായിരുന്നു.

ഇടപാട് മൂല്യത്തിലും റെക്കോഡ്
മേയില്‍ യു.പി.ഐ വഴി കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തുക 14.89 ലക്ഷം കോടി രൂപയാണ്. ഇതും റെക്കോഡാണ്. മാര്‍ച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. ഏപ്രിലില്‍ മൂല്യം 14.07 ലക്ഷം കോടി രൂപയായിരുന്നു.
മികച്ച വളര്‍ച്ച
2022 മേയിലെ ഇടപാടുകളെ അപേക്ഷിച്ച് കഴിഞ്ഞമാസം മൂല്യം 58 ശതമാനവും എണ്ണം 43 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. 2022 മേയില്‍ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.
കഴിഞ്ഞമാസത്തെ അവസാന 10 ദിവസങ്ങളിലായി മാത്രം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന് എന്‍.പി.സി.ഐ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലാകെ 8,376 കോടി ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു; ഇടപാട് മൂല്യം 139 ലക്ഷം കോടി രൂപ. 2021-22ല്‍ ഇടപാടുകള്‍ 4,597 കോടിയും മൂല്യം 84 ലക്ഷം കോടി രൂപയുമായിരുന്നു.

Related Articles

Next Story

Videos

Share it