വിഴിഞ്ഞം തുറമുഖം എങ്ങനെ ഇന്ത്യക്കും കേരളത്തിനും ഗെയിം ചേഞ്ചര്‍ ആകാം?

കദേശം 7,500 കിലോമീറ്റര്‍ തീരമേഖല, സ്വകാര്യമേഖലയിലെ ഒന്ന് ഉള്‍പ്പെടെ 13 മേജര്‍ തുറമുഖങ്ങള്‍, 180 ഓളം മൈനര്‍ തുറമുഖങ്ങള്‍, അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിര്‍ണായക സാന്നിദ്ധ്യം ഇങ്ങനെ നിരവധി മികവുകളുണ്ടായിട്ടും ആഗോള ചരക്കുനീക്ക ഭൂപടത്തില്‍ ഇന്നും സ്ഥാനം നേടിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.

ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ചരക്കുനീക്കം പോലും ഇപ്പോഴും നടക്കുന്നത് ശ്രീലങ്കയിലെ കൊളംബോ, സിംഗപ്പൂര്‍, ദുബൈയിലെ ജെബല്‍ അലി എന്നിവയെ ആശ്രയിച്ചാണ്. ശരാശരി 1.5 കോടി ടി.ഇ.യു (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളാണ് ഇന്ത്യയിലെ തുറമുഖങ്ങള്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നത്. കൊളംബോ തുറമുഖം വഴി മാത്രം നടക്കുന്ന ഇന്ത്യയുടെ ചരക്കുനീക്കം പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യുവിന് അടുത്താണ്; സിംഗപ്പൂര്‍, ജെബല്‍ അലി എന്നിവ വഴിയുള്ളത് ഇതിന് പുറമേ.
കേരളത്തില്‍ നിലവില്‍ കൊച്ചിയില്‍ മേജര്‍ തുറമുഖവും അനുബന്ധമായി വല്ലാര്‍പാടത്ത് ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലും (ICTT) പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചരക്കുനീക്കത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിക്കാനായിട്ടില്ല. വെറും 14.5 മീറ്റര്‍ ആഴമേയുള്ളൂ എന്നതും വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ പ്രയാസമാണെന്നതുമാണ് കൊച്ചിയുടെ പ്രധാന തിരിച്ചടി.
വിഴിഞ്ഞം പൊന്‍തൂവലാകും
കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മൊത്തം ചരക്കുനീക്കത്തിന്റെ തലവര തന്നെ മാറ്റിയെഴുതാന്‍ വിഴിഞ്ഞത്ത് സജ്ജമാകുന്ന മേജര്‍ തുറമുഖത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. 18 മീറ്റര്‍ സ്വാഭാവിക ആഴമുണ്ടെന്നത് തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ മുഖ്യ സവിശേഷതയാണ്.
ലോകത്തെ ഏത് വമ്പന്‍ കപ്പലിനും വിഴിഞ്ഞത് അടുക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. 800 മീറ്റര്‍ ബെര്‍ത്ത് വിഴിഞ്ഞം തുറമുഖത്തുണ്ടാകും. കൊച്ചിയില്‍ 600 മീറ്ററാണെന്ന് ഓര്‍ക്കണം. 24,000 ടി.ഇ.യു വരെ കണ്ടെയ്‌നര്‍ കൈകാര്യശേഷിയുള്ള കപ്പല്‍ വിഴിഞ്ഞത്ത് അടുപ്പിക്കാനാകും. നിലവില്‍ ലോകത്തുള്ള മദര്‍ വെസ്സലുകളില്‍ പാതിയിലേറെയും 10,000 ടി.ഇ.യുവിലധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നവയാണ്. ഫലത്തില്‍ കൊളംബോ, സിംഗപ്പൂര്‍, ജെബല്‍ അലി എന്നിവയോട് നേരിട്ട് ഏറ്റുമുട്ടാന്‍ വിഴിഞ്ഞത്തിന് കഴിയും.
നിലവില്‍ ഇന്ത്യയുടെ മൊത്തം ചരക്കുനീക്കത്തിന്റെ 70 ശതമാനവും കടല്‍ വഴിയാണ്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ 75 ശതമാനം വരെ ഇവിടെ കൈകാര്യം ചെയ്യാനാകുമെന്നും അധികൃതര്‍ പറയുന്നു.
അന്താരാഷ്ട്ര കപ്പല്‍ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. 4-ലെയ്‌നുകളുള്ള എന്‍.എച്ച്-66 ദേശീയപാത കണക്റ്റിവിറ്റി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം, നിര്‍ദ്ദിഷ്ട റെയില്‍ ചരക്ക് ഇടനാഴി എന്നിവ വിഴിഞ്ഞം തുറമുഖത്തിന് മുതല്‍ക്കൂട്ടാകും.
വിഴിഞ്ഞത്തിന്റെ നാള്‍വഴി
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് 'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം' സജ്ജമാകുന്നത്. കേരള സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, അദാനി പോര്‍ട്‌സ് എന്നിവ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം ഒരുക്കുന്നത്. അദാനി പോര്‍ട്‌സാണ് നിര്‍മ്മാണച്ചുമതല നിര്‍വഹിക്കുന്നത്.
2024 മേയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മ്മാണച്ചെലവ് 7,700 കോടി രൂപയാണ്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 650 പേര്‍ക്ക് നേരിട്ടും 5,000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും.
ആദ്യഘട്ടത്തില്‍ ഏകദേശം 15 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞത്തിനുണ്ടാവുക. രണ്ടാംഘട്ടത്തില്‍ ഇത് 25 ലക്ഷത്തിലേക്കും മൂന്നാംഘട്ടത്തില്‍ 30 ലക്ഷത്തിലേക്കും ഉയര്‍ത്തും. ആദ്യഘട്ടത്തില്‍ 32 ക്രെയിനുകള്‍ തുറമുഖത്തുണ്ടാകും. ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള ആദ്യ കപ്പല്‍ ഷെന്‍ഹുവ15 ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് എത്തി.
ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പേ തന്നെ വിഴിഞ്ഞത്ത് തുറമുഖം വേണമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ഇതിന് മുന്‍കൈ എടുത്തിരുന്നെങ്കിലും മുന്നോട്ട് പോയില്ല.
2015 ഓഗസ്റ്റില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പിന്നീട് തുറമുഖ നിര്‍മ്മാണത്തിനായി അദാനി പോര്‍ട്‌സുമായി കരാര്‍ ഒപ്പുവച്ചത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
ആയിരം ദിവസത്തിനകം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഓഖി ചുഴലിക്കാറ്റും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തിരിച്ചടിയായി.
ആദ്യ കപ്പലിന് വാട്ടര്‍ സല്യൂട്ട് സ്വീകരണം
വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആദ്യ കപ്പലെന്ന നേട്ടം ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ15ന് സ്വന്തം. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ക്രെയിനുകളും വഹിച്ചാണ് കപ്പലെത്തിയത്. കപ്പലിന് ഔദ്യോഗിക സ്വീകരണം ഞായറാഴ്ച നല്‍കു
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it