കേരളത്തിലെ ബിസിനസ് രംഗം എന്നുണരും?

സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. നമുക്കൊപ്പം എത്രകാലമുണ്ടാവുമെന്ന് നിശ്ചയിമില്ലാത്ത കോവിഡിനൊപ്പം ജീവിക്കാന്‍ എല്ലാവരും പഠിച്ചു. യുക്രൈയ്ന്‍ - റഷ്യ സംഘര്‍ഷവും കുതിച്ചുയരുന്ന ക്രൂഡ് ഓയ്ല്‍ വിലയുടെ ചുവടുപിടിച്ച്, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ കഴിയുമ്പോള്‍ വരാനിരിക്കുന്ന ഇന്ധന വില വര്‍ധനവും നാലഞ്ച് മാസങ്ങള്‍ക്കപ്പുറം നാലാം തരംഗം വന്നേക്കുമെന്ന ആശങ്കയും എല്ലാം നിലനില്‍ക്കുമ്പോഴും കേരളത്തിലെ ബിസിനസുകാര്‍ ശുഭപ്രതീക്ഷയില്‍ തന്നെയാണ്. വറുതിയുടെ നാളുകള്‍ അധികകാലം നീളില്ലെന്ന സൂചന ഇപ്പോള്‍ ശക്തമാണ്.

ഗൗരവമായ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് കാരണം കോവിഡ് മാത്രവുമല്ല. ''എട്ടുവര്‍ഷമായി തുടര്‍ച്ചയായി ഓരോ പ്രതിസന്ധികള്‍ കേരളത്തിലുണ്ട് 2015ലെ ഗള്‍ഫ് പ്രതിസന്ധി മുതല്‍ തുടര്‍ന്നിങ്ങോട്ട് വന്ന നോട്ട് നിരോധനം, ജി എസ് ടി നടപ്പാക്കല്‍, രണ്ടുവര്‍ഷങ്ങളില്‍ അടിപ്പിച്ച് വന്ന പ്രളയം, പിന്നെ കോവിഡ്. ഇതെല്ലാം കൊണ്ട് സാമ്പത്തിക രംഗത്ത് ഘടനാപരമായി തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്,'' പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റ് ടിനി ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.

ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും പ്രതീക്ഷയില്‍ തന്നെയാണ് ബിസിനസ് സമൂഹം. തകര്‍ച്ചയുടെ ഏതാണ്ട് അടിത്തട്ടില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ നിന്നും തീര്‍ച്ചയായും തിരിച്ചുകയറ്റം ഉണ്ടാവുകതന്നെ ചെയ്യുമെന്ന് ബിസിനസുകാര്‍ വിശ്വസിക്കുന്നു. അതിന് കാരണങ്ങള്‍ പലതുണ്ട്.

  • മൈനസ് ഗ്രോത്തില്‍ നിന്ന് തിരിച്ചുകയറ്റം എന്തായാലും ഉണ്ടാവുക തന്നെ ചെയ്യും. കാരണം കോവിഡ് വ്യാപനം ചെറുക്കാന്‍ വേണ്ടിയുണ്ടാക്കിയിരുന്ന നിയന്ത്രണങ്ങള്‍ കുറച്ചു. ആളുകള്‍ എല്ലാത്തരത്തിലുമുള്ള യാത്രകള്‍ പുനരാരംഭിച്ചു. കോവിഡ് മൂലം വര്‍ഷങ്ങളായി വിദേശത്തുനിന്ന് നാട്ടിലെത്താന്‍ സാധിക്കാതിരുന്നവര്‍ മാര്‍ച്ച് മുതല്‍ കേരളത്തിലെത്തി തുടങ്ങും. രാജ്യാന്തര വിമാനയാത്രകള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതോടെയാണിത്. മൂന്നുവര്‍ഷമായി നാട്ടിലെത്താത്ത ഇവരുടെ വരവ് കുടുംബങ്ങള്‍ ആഘോഷമാക്കുമ്പോള്‍ വിപണിക്കും അത് ഉത്തേജനമാകും.
  • വരും മാസങ്ങളോടെ രാജ്യാന്തര സഞ്ചാരികളും കേരളത്തിലെത്തിതുടങ്ങും
  • മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ സ്‌കൂള്‍ പരീക്ഷകള്‍ തീരുന്നവിധമാണ് നിലവിലെ ടൈംടേബിളുകള്‍. എന്തായാലും മെയ്മാസത്തോടെ പരീക്ഷക്കാലം തീരും. ഇത് ആഭ്യന്തര ടൂറിസം രംഗത്ത് ഉണര്‍വേകും. വര്‍ഷങ്ങളായി വീടുകളില്‍ അടച്ചിരിക്കുന്ന കുട്ടികളും കുടുംബങ്ങളും പുറത്തേക്ക് ഇറങ്ങി തുടങ്ങും. ഇതിനിടെ 15 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിന്‍ വിതരണം വേഗത്തില്‍ നടക്കുന്നതും വിപണിയില്‍ പ്രതീക്ഷ പകരുന്ന കാര്യമാണ്.
  • കോവിഡ് വന്നതോടെ പഴയ ബിസിനസ് മോഡലുകള്‍ക്ക് പ്രസക്തി നഷ്ടമായി. പകരം പുതിയ രീതികള്‍ വന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും എവിടെയും ബിസിനസ് ചെയ്യാം. കമ്പനികളും ഉപഭോക്താക്കളും ഒരുപോലെ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ച് ശീലമായി. ഇത് പുതുതലമുറ കമ്പനികള്‍ക്ക് അതിരുകളില്ലാതെ വളരാനുള്ള അവസരം സൃഷ്ടിച്ചു. കൂടുതല്‍ കമ്പനികള്‍ ദേശീയ, രാജ്യാന്തരതലത്തിലെ വിപണികളിലെ അവസരങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. മികച്ച അടിത്തറയുള്ള കമ്പനികള്‍ അതിവേഗ വളര്‍ച്ചയും നേടുന്നു.
  • ജനങ്ങളുടെ ക്രയശേഷിയില്‍ കുറവുണ്ടെങ്കിലും ഇത്രയും കാലം അടച്ചിരുന്നതിന്റെ ഫലമായുള്ള പ്രതികാര ചെലവിടല്‍, പലരംഗങ്ങളിലും ഏറിയും കുറഞ്ഞും വരും നാളുകളില്‍ പ്രകടമാകും. വസ്ത്ര വിപണി മുതല്‍ ട്രാവല്‍ രംഗത്തു വരെ ഏപ്രില്‍ മാസം മുതല്‍ ഇത് കണ്ടുതുടങ്ങിയേക്കുമെന്ന പ്രതീക്ഷ ബിസിനസ് സമൂഹത്തിനുണ്ട്.
  • പരമ്പരാഗത ബിസിനസ് മേഖലകളില്‍ തളര്‍ച്ചയുണ്ടായെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ വര്‍ഷം മിന്നുന്ന പ്രകടനമായിരുന്നു. ഏറെ പ്രതീക്ഷയോടെ വരും ദിനങ്ങളില്‍ എല്‍ ഐ സിയുടെ ഐപിഒയും നടക്കുകയാണ്. വലിയൊരു ചലനം തന്നെ ഇതും സൃഷ്ടിച്ചേക്കാം. അതിന്റെ പ്രതിഫലനം മൊത്തം വിപണികളിലുമുണ്ടാകും.
മത്സരം കൂടി, മാര്‍ജിന്‍ കുറഞ്ഞു, ആളുകളുടെ കൈയില്‍ പൈസയുമില്ല
നിലവില്‍ വല്ലാത്തൊരു വിഷമവൃത്തത്തിലാണ് കേരളത്തിലെ ബിസിനസ് രംഗം. കോവിഡ് വന്നതോടെ തൊഴില്‍ നഷ്ടം കൊണ്ടും വരുമാനം കുറഞ്ഞതുകൊണ്ടും ഏറെ പേര്‍ സംരംഭകരായിട്ടുണ്ട്. പല രംഗങ്ങളിലും കാലങ്ങളായി ബിസിനസ് നടത്തുന്നവര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന വിധമാണ് മത്സരം. മത്സരം കൂടിയതോടെ മാര്‍ജിനും കുറഞ്ഞു. അതിനിടെ പരമ്പരാഗത ബിസിനസ് മോഡലുകള്‍ മാറ്റി പുതിയ ഡിജിറ്റല്‍ രീതികളിലേക്കുള്ള മാറ്റവും അതിവേഗത്തിലായി. ''ഏത് രംഗത്തും ബിസിനസ് കൂടുതല്‍ സംഘടിതസ്വഭാവത്തിലുള്ളതായി. നൂതന പ്രവണതകള്‍, പുതിയ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ അവതരിപ്പിച്ച ബിസിനസുകള്‍ക്കൊപ്പമാണ് കസ്റ്റമേഴ്‌സ് ഇപ്പോഴുള്ളത്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും ഏറെ മാറി. വാല്യു നോക്കിമാത്രമാണ് വാങ്ങല്‍. കണ്‍സ്യൂമറുടെ ബിഹേവിയറില്‍ വന്ന മാറ്റം കോവിഡ് മാറുമ്പോള്‍ മാറില്ല. അതുകൊണ്ട് തന്നെ ഈ മാറ്റം ഉള്‍ക്കൊള്ളാത്ത ബിസിനസുകള്‍ നല്ലകാലം കാത്തിരുന്നിട്ട് കാര്യമില്ല. അതേസമയം കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നടക്കുന്ന കാര്യങ്ങള്‍ റീറ്റെയ്ല്‍ രംഗത്തിന് തീര്‍ച്ചയായും ഉണര്‍വ് പകരും. ദേശീയപാതാ വികസനവും ബൈപ്പാസുകളും പാലങ്ങളും എല്ലാം വരുന്നത് ആളുകളെ കൂടുതല്‍ ദൂരം കേരളത്തില്‍ തന്നെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കും. ഇത് ഓട്ടോമൊബീല്‍, റീറ്റെയ്ല്‍, റെസ്‌റ്റോറന്റ് തുടങ്ങി നിരവധി മേഖലകളെ ഉത്തേജിപ്പിക്കും. അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ കാര്യമായ ഉണര്‍വുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ,'' എബിസി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മദനി വിലയിരുത്തുന്നു.

സാധാരണക്കാരുടെ കൈയില്‍ പണമില്ലാത്തതുതന്നെയാണ് ബിസിനസുകളെ ഇപ്പോള്‍ വലയ്ക്കുന്ന ഘടകം. ''വിവാഹാവശ്യത്തിനായി 4-5 ലക്ഷം രൂപയ്ക്ക് വസ്ത്രം വാങ്ങിയിരുന്നവര്‍ കൊറോണ വ്യാപകമായതോടെ പരമാവധി രണ്ടു ലക്ഷം രൂപയുടേത് വാങ്ങിയാലായി എന്ന സ്ഥിതിയില്‍ എത്തിയിരുന്നു. മാത്രമല്ല, വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങിയിരുന്ന ഉപഭോക്താക്കളില്‍ പലരും വിലക്കുറഞ്ഞവയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയും മാര്‍ച്ചും വസ്ത്രക്കടകളെ സംബന്ധിച്ചിടത്തോളം ഓഫ് സീസണ്‍ ആണ്. ഏപ്രിലില്‍ വീണ്ടും വിപണി സജീവമാകും എന്ന പ്രതീക്ഷയിലാണ്,'' ടെക്‌സ്‌റ്റൈയ്ല്‍ രംഗത്തെ സീസണ്‍സിന്റെ സാരഥി രാജേന്ദ്രന്‍ എം പറയുന്നു.

കേരളത്തിലെ സാധാരണക്കാരുടെ കൈയില്‍ അത്യാവശ്യത്തിന് പോലും പണമില്ലാത്തത് എല്ലാ രംഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ടിനി ഫിലിപ്പും നിരീക്ഷിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വിപണിയില്‍ ക്രയശേഷിയുള്ള ഉപഭോക്താക്കളില്ലാത്തതുമാണ് മാനുഫാക്ചറിംഗ് രംഗത്തെ കഷ്ടത്തിലാക്കുന്നത്. ''പാദരക്ഷാ നിര്‍മാണ മേഖലയെടുത്താല്‍ അസംസ്‌കൃത വസ്തുക്കളുടെ വില 60 ശതമാനത്തോളം കൂടിയിട്ടുണ്ട്. അതിന് ആനുപാതികമായ വില വര്‍ധന ഉല്‍പ്പന്നങ്ങള്‍ക്കുമുണ്ടായിട്ടുണ്ട്. പക്ഷേ ഉപഭോക്താവിന് വില വര്‍ധന താങ്ങാന്‍ പറ്റുന്നില്ല. ചെരുപ്പ് വിപണിയെടുത്താല്‍, ആളുകള്‍ ചെരുപ്പ് വാങ്ങുന്നതിന്റെ ഇടവേള കൂട്ടി. ഒപ്പം മുന്‍പ് അവര്‍ 200 രൂപയ്ക്ക് വാങ്ങിയ ചെരുപ്പിന് ഇപ്പോള്‍ വില 280 ആയിട്ടുണ്ടാകും. അത് വാങ്ങാതെ 200 രൂപയുള്ള അല്ലെങ്കില്‍ അതില്‍ താഴെ വിലയുള്ളവ വാങ്ങുന്നു. കമ്പനികളുടെ വില്‍പ്പനയില്‍ 10-15 ശതമാനം ഇടിവുണ്ടായിട്ടുണ്ട്,'' വാക്കറൂ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ നൗഷാദ് വി പറയുന്നു.
താറുമാറായി പക്ഷേ പ്രതീക്ഷയില്‍ തന്നെ
കോവിഡ് മൂലം അങ്ങേയറ്റം തകര്‍ന്നടിഞ്ഞ മേഖലകളിലൊന്നാണ് ടൂറിസം. ''കോവിഡ് വന്നപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അവിടുത്തെ ടൂറിസം മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വേതനം നല്‍കി സഹായിച്ചപ്പോള്‍ ഇവിടെ പിടിച്ചുനില്‍ക്കാന്‍ വായ്പ പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. ഏപ്രില്‍ മുതല്‍ ടൂറിസം മേഖല സജീവമാകുമെന്നാണ് പ്രതീക്ഷ. മികച്ച സീസണ്‍ എന്ന നിലയില്‍ ഒക്ടോബര്‍ മുതലാകും യാത്രക്കാര്‍ കൂടുതലായും എത്തുക. യാത്രികര്‍ വന്നാലും വാഹന ദൗര്‍ലഭ്യം അടക്കം സപ്ലെ ചെയ്‌നില്‍ സംഭവിച്ചിരിക്കുന്ന തകര്‍ച്ച ഈ മേഖലയെ ബാധിക്കുക തന്നെ ചെയ്യും,'' കൊച്ചിയിലെ ട്രാവല്‍ പ്ലാനറിന്റെ സിഇഒ അനീഷ് കുമാര്‍ പി കെ പറയുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചെറിയ തോതില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപനം വന്നുതുടങ്ങിയിട്ടുണ്ട്. ഭവന പദ്ധതികളുമായി ബില്‍ഡര്‍മാര്‍ രംഗത്തുണ്ട്. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഷോപ്പിംഗ് മാളുകളുമായി പ്രമുഖ ഗ്രൂപ്പുകളും രംഗത്തുണ്ട്. വാണിജ്യാവശ്യത്തിനുള്ള കെട്ടിട്ട നിര്‍മാണ രംഗത്തും ഭവന നിര്‍മാണ രംഗത്തും പ്രമുഖ ഗ്രൂപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ സജീവമായുള്ളത്. ''ക്രെഡായ് അംഗങ്ങളല്ലാത്ത ചെറുകിട ബില്‍ഡേഴ്‌സില്‍ 10-20 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ഈ രംഗത്ത് പിടിച്ചുനില്‍ക്കുന്നത്. 50,000 മുതല്‍ ഒരു ലക്ഷം ചതുരശ്രയടി നിര്‍മിച്ച് കൈമാറിയ ബില്‍ഡര്‍മാരെയാണ് ക്രെഡായ് അംഗീകരിക്കുന്നത്. അതിലും കുറവ് നിര്‍മാണം നടത്തിയിരുന്നവരില്‍ ബഹുഭൂരിപക്ഷവും ഈ രംഗം വിടുന്നത് കൂടിയിട്ടുണ്ട്. കേരളത്തില്‍ വീട് വാങ്ങുന്ന പ്രവാസികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്,'' ക്രെഡായ് കേരള കണ്‍വീനര്‍ ജനറല്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു. ബില്‍ഡിംഗ് റൂള്‍ കൂടി പരിഷ്‌കരിച്ചാല്‍ മാത്രമേ ഈ രംഗത്ത് ഉണര്‍വുണ്ടാകൂയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ''ബില്‍ഡിംഗ് റൂള്‍ പരിഷ്‌കരിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് മാത്രമല്ല, മൊത്തം വ്യവസായ മേഖലയ്ക്കും ഉണര്‍വാകും. രജിസ്‌ട്രേഷന്‍ ചാര്‍ജും കേരളത്തില്‍ കൂടുതലാണ്. മറ്റിടങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി 3-5 ശതമാനമായിരിക്കുമ്പോള്‍ ഇവിടെ പത്തുശതമാനമാണ്. നിര്‍മാണമേഖലയിലെ പ്രവണതകള്‍ മനസ്സിലാക്കി അതിന് അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇവിടെ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം,'' രഘുചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കാര്യക്ഷമത ഇല്ലാതായാല്‍ വലിയ വില നല്‍കേണ്ടി വരും
ഏത് വെല്ലുവിളികളിലും മികച്ച അവസരങ്ങളും ഒളിഞ്ഞിരുപ്പുണ്ട്. ആ അവസരങ്ങള്‍ കണ്ടെത്തി മുന്നേറിയ സംരംഭകരെ നമുക്ക് ചുറ്റിലും കാണാനും സാധിക്കും. ഹോള്‍സെയ്ല്‍ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചവര്‍ അതിവേഗം ഡിജിറ്റല്‍ രീതികളുള്‍പ്പെടുത്തി റീറ്റെയ്ല്‍ മേഖലയില്‍ അതും ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തി ബിസിനസ് വേറൊരു ദിശയിലൂടെ തിരിച്ചുവിട്ട് വളര്‍ന്നു. മറ്റ് ചിലരാകട്ടേ പരമ്പരാഗത സൂപ്പര്‍മാര്‍ക്കറ്റ് ശൈലികളെ തന്നെ പൊളിച്ചെഴുതിയ വ്യത്യസ്തമായ രീതികള്‍ ഉള്‍ക്കൊള്ളിച്ച് ആ മേഖലയില്‍ വളര്‍ന്നു. ലക്ഷ്യമിടുന്ന ഉപഭോക്താവിന്റെ മനസ്സ് കീഴ്‌പ്പെടുത്താന്‍ പറ്റുന്നത്ര വ്യത്യസ്തതയുള്ള, കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്കാണ് മാത്രമാണിനി നല്ലകാലം ഉണ്ടാവുക.

ഇതോടൊപ്പം, കേരളത്തിലെ സംരംഭകര്‍ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമല്ല നിലനില്‍ക്കുന്നതും. ഓരോ രംഗത്തെയും ബിസിനസുകാരോട് ചോദിച്ചാലറിയാം അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ ആഴം. നിരത്തുകളില്‍ ആളുകള്‍ നിറയുമ്പോള്‍, സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എല്ലാം സാധാരണനിലയിലായെന്ന് ആശ്വസിക്കാറായില്ല. വിപണിയിലേക്ക് പണം വരാതെ ബിസിനസ് രംഗത്ത് ശരിയായ ഉണര്‍വ് സാധ്യവുമല്ല. സാധ്യമായത്ര തലങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തിയാല്‍ കേരളത്തിലെയും ബിസിനസ് രംഗം ഉണര്‍ന്ന് വളര്‍ച്ചാ ഘട്ടത്തിലേക്ക് പ്രവേശിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it