വിദേശ നാണ്യം കുറയും കേരളം മറ്റൊരു പ്രതിസന്ധിയിലേക്കോ?

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോകം മുഴുവന്‍ പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണിലായിരിക്കുമ്പോള്‍ അത് കോടിക്കണക്കിന് വിദേശ ഇന്ത്യക്കാരുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുമോ എന്ന ആശങ്ക ഉയരുന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തിലേറെ വിദേശത്തുനിന്നുള്ള വരുമാനത്തില്‍ നിന്ന് കണ്ടെത്തുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അത് കുറച്ചൊന്നുമാകില്ല ബാധിക്കുക.

എല്ലായിടത്തും നിയന്ത്രണങ്ങള്‍

കേരളത്തിലേക്കുള്ള വിദേശ പണത്തില്‍ ഭൂരിഭാഗവും വരുന്ന യുഎഇ, സൗദി അറേബ്യ, യുഎസ്, കുവൈത്ത്, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം കൊറോണയില്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ്. ഈ രാജ്യങ്ങളിലെ മലയാളികളായ സാധാരണ തൊഴിലാളികള്‍ മുതല്‍ ചെറുകിട സംരംഭകര്‍ വരെ പ്രതിസന്ധി നേരിടുകയാണ്. യുഎഇയില്‍ ഭാഗികമായ ലോക്ക് ഡൗണാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ ഇവന്റുകളൊക്കെ റദ്ദാക്കി, ആളുകളെ നിയന്ത്രിതമായ തോതില്‍ മാത്രം പുറത്തു പോകാനനുവദിച്ച് കൊറോണയെ ചെറുക്കാനുള്ള ശ്രമത്തിലാണ്. വര്‍ക്ക് അറ്റ് ഹോം വ്യാപകമാകുകയും മാളുകളെല്ലാം അടച്ചു പൂട്ടുകയും ചെയ്തതോടെ വ്യാപാര മേഖല സ്തംഭിച്ചിരിക്കുകയാണ്. ഈ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നതും സംരംഭം നടത്തുന്നതും. അതുകൊണ്ടു തന്നെ പലരും ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. കൊറോണയുടെ ആദ്യ നാളുകളില്‍ തന്നെ പല കമ്പനികളും ജീവനക്കാരില്‍ കുറേ പേര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി നാട്ടിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ളവരെ പാര്‍ട്ട് ടൈം ജോലി ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കി. നാട്ടിലേക്ക് പോയവര്‍ക്ക് ശമ്പളം നല്‍കാതെയും പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കിയുമാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനിടയില്‍ പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ക്ക് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്യാനുള്ള അനുമതി ഭരണകൂടം നല്‍കിയതോടു കൂടി ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ സ്ഥിതി പരുങ്ങലിലായി.

മലയാളി സംരംഭകര്‍ക്കും തിരിച്ചടി

മലയാളികളില്‍ 70-80 ശതമാനവും ജോലി തേടി എത്തിയവരാണ്. ബാക്കിയുള്ള 20-30 ശതമാനം മലയാളി സംരംഭകരും പ്രതിസന്ധിയില്‍ തന്നെയാണ്. 'ജീവനക്കാരുടെ ശമ്പളം, താമസ സൗകര്യം, കെട്ടിട വാടക, ലൈസന്‍സ് ഫീ, വൈദ്യുതി, വാട്ടര്‍ ചാര്‍ജ് തുടങ്ങിയ ചെലവുകളിലൊന്നും കുറവു വരുന്നില്ല. വരുമാനം പൂര്‍ണമായും ഇല്ലാതാവുകയും ചെയ്തു', യുഎഇയിലെ ബ്രാവോ അഡൈ്വര്‍ടൈസിംഗ് ഉടമ ഹരീഷ് ചേവിരി പറയുന്നു. ശമ്പളം മുടങ്ങിയതോടെ ശമ്പളക്കാരായ മലയാളികളും വരുമാനം നിലച്ചതോടെ സംരംഭകരും കുടുംബത്തെ നാട്ടിലേക്ക് മടക്കി അയക്കുകയാണ്.
ഗള്‍ഫ് പണത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന മലയാളികളും പണം വരവ് നിലച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നു. കൊറോണയുടെ വ്യാപനം ഇല്ലാതായി ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ടാലും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ഇവര്‍ ബുദ്ധിമുട്ടും. കേരള സമൂഹത്തിന്റെ ചെലവഴിക്കല്‍ ശേഷിയില്‍ വരുന്ന വന്‍ ഇടിവ് വ്യാപാരി സമൂഹത്തെയും പ്രതിസന്ധിയിലാഴ്ത്തും. സാധാരണ നിലയില്‍ തന്നെ ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ടാലും ഒരു വര്‍ഷത്തോളം കഴിഞ്ഞാലേ ബിസിനസ് മേഖല ഉണരുകയുള്ളൂ എന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ധര്‍.

സാധാരണക്കാരിനേക്ക് പണമെത്തണം

വിദേശ പണത്തിന്റെ വരവ് കുറയുന്നതോടെ കേരള വിപണിയെ പിടിച്ചു നിര്‍ത്താന്‍ സാധരണക്കാരന്റെ കൈയിലേക്ക് പണമെത്തിക്കുക എന്നതു മാത്രമാണ് പോംവഴിയെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ മുന്‍ സീനിയര്‍ ഫാക്കല്‍റ്റിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റിയന്റെ അഭിപ്രായം. അതിനായി നികുതി വരുമാനം കുറഞ്ഞ ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവ് കുറയ്ക്കുക എന്നതാണ് പോംവഴി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കുക, പെന്‍ഷന്‍ തുക വെട്ടിക്കുറയ്ക്കുക തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട് ചെലവു കുറയ്ക്കാനെന്ന് അദ്ദേഹം പറയുന്നു. ഗള്‍ഫ് പ്രതിസന്ധി തുടരുകയും പണം വരവില്‍ കുറവുണ്ടാകുകയും ചെയ്താല്‍ വ്യാപാര സമൂഹത്തെ ബാധിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ നികുതി വരവും കുറയ്ക്കും.

തിരിച്ചു പോക്ക് സംശയം

കൊവിഡിനു ശേഷം നിലവിലുള്ള രീതികളില്‍ എല്ലായിടത്തും മാറ്റമുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളടക്കം വിസ നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരും. വിദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ഏറെ കടമ്പകള്‍ കടക്കേണ്ടി വരും. ലേബര്‍ ക്യാംപുകളിലടക്കം കൂട്ടം ചേര്‍ന്നുള്ള താമസം പാടില്ലെന്ന് നിയമം വരുന്നത്, തൊഴിലാളികള്‍ക്ക് സൗജന്യ താമസം നല്‍കുന്ന കമ്പനികള്‍ക്ക് മാത്രമല്ല, ചെറിയ തുകയ്ക്ക് താമസിച്ചു വന്നിരുന്ന ആയിരങ്ങള്‍ക്ക് കൂടി തിരിച്ചടിയാകും. മാത്രമല്ല, കൊറോണ കാലത്തെ വിദേശങ്ങളിലെ ദുരനുഭവങ്ങള്‍ പല പ്രവാസികളെയും നാട്ടില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

തൊഴിലാളി ക്ഷാമം

ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെടാല്‍ ഉടനെ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. വടക്കേയിന്ത്യയില്‍ വിളവെടുപ്പിന്റെ സമയമായതിനാല്‍ പെട്ടെന്നൊരു മടങ്ങി വരവിനും സാധ്യതയില്ല. ചിലപ്പോള്‍ എന്നെന്നേക്കുമായി കേരളം വിടാനും സാധ്യതയുണ്ട്. അവരെ ആശ്രയിച്ച് ജീവിച്ചിരുന്ന വാടക കെട്ടിട ഉടമകള്‍, വ്യാപാരികള്‍, നിര്‍മാണ മേഖല എന്നിവയെല്ലാം ഇതോടെ വലിയ പ്രതിസന്ധിയെയാവും നേരിടുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it