ഇന്ത്യയൂടെ വളര്‍ച്ചാനിരക്ക് 1.5 % വരെ കുറയാന്‍ സാധ്യത: ലോക ബാങ്ക്
ഏപ്രില്‍ ഒന്നിന് ആരംഭിച്ച 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കൊവിഡ് 19 മൂലം ഇന്ത്യയൂടെ വളര്‍ച്ചാ നിരക്ക് 1. 5 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്ക്. സാമ്പത്തിക മേഖലയിലെ ബലഹീനതകള്‍ മൂലം രാജ്യത്തെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായ സമയത്ത് വൈറസ് പടര്‍ന്നതോടെ അതിഗുരുതര സ്ഥിതിയാണുണ്ടായിട്ടുള്ളതെന്ന്് 'ദക്ഷിണേഷ്യ സാമ്പത്തിക അപ്ഡേറ്റ്: കോവിഡ് -19 ന്റെ സ്വാധീനം' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ച 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 4.80 - 5.00 ശതമാനമായി കുറയുമെന്നാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്. നടപ്പു വര്‍ഷത്തില്‍ പരമാവധി ഉണ്ടാകാവുന്ന വളര്‍ച്ചാ നിരക്ക് 2.80 ശതമാനമായിരിക്കും. 1991 ലെ ഉദാരവല്‍ക്കരണത്തിനുശേഷം രാജ്യം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാകും ഇത്. ആഗോളതലത്തിലും സാമ്പത്തിക മേഖലയുടെ പുന:സ്ഥാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര നിക്ഷേപത്തിലെ പുനരുജ്ജീവനത്തിന് കാലതാമസമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷണമുണ്ട്.
കൊവിഡ് -19 പൊട്ടിത്തെറി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് മുമ്പുണ്ടായിരുന്ന അപകടസാധ്യതകളെ വലുതാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക കാഴ്ചപ്പാട് ശരിയല്ലെന്ന വിമര്‍ശനവും ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കുവച്ചു. ആഭ്യന്തര ലോക്ക്ഡൗണ്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സാമ്പത്തിക ഫലം ലോക ബാങ്കിന്റെ അടിസ്ഥാന പ്രവചനങ്ങളേക്കാള്‍ മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവന മേഖലയെ കാര്യമായി അത് ബാധിക്കും.ഈ വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യക്ക് കൈക്കൊള്ളാവുന്ന നടപടികളില്‍ പ്രധാനം രോഗത്തിന്റെ വ്യാപനം ലഘൂകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ്. കൂടാതെ എല്ലാവര്‍ക്കും ഭക്ഷണമുണ്ടെന്ന് ഉറപ്പുവരുത്തണം.
രാജ്യം തിരിച്ചുവരവിന് തയ്യാറാകേണ്ടത് വളരെ പ്രധാനമാണ്. അതിനായി താല്‍ക്കാലിക തൊഴില്‍ പദ്ധതികളില്‍, പ്രത്യേകിച്ച് പ്രാദേശിക തലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കണമെന്നും ടിമ്മര്‍ പറഞ്ഞു.രാജ്യത്ത് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് ഇന്ത്യയ്ക്ക് ദോഷകരമാകുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടിലുണ്ട്. അതിഥി തൊഴിലാളികളുടെ തിരിച്ചു വരവ് കോവിഡ് 19 ന്റെ വ്യാപനം കൂടുതല്‍ വേഗതയിലാകുന്നതിന് കാരണമാകും. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലവിലെ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും സുസ്ഥിര പാതയിലേക്ക് കൊണ്ടുവരാനുള്ള അവസരമാണെന്നും ഹാന്‍സ് ടിമ്മര്‍ അഭിപ്രായപ്പെട്ടു.
വെല്ലുവിളി ലഘൂകരിക്കാന്‍ ലോകബാങ്ക് ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ബില്യണ്‍ ഡോളറാണ് ഇന്ത്യയ്ക്കായി ലോക ബാങ്ക് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ പരിരക്ഷാ മേഖലയിലെ അടിയന്തിര സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനായി ആദ്യ ഗഡു നല്‍കി.പരിശോധനാ ഉപകരണങ്ങള്‍ എത്തിക്കുകയെന്നതാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന പരിശോധന ലഭ്യമാക്കുന്നതിനും അധിക ശേഷി ഏര്‍പ്പെടുത്തുന്നുമെന്ന് ലോക ബാങ്കിന്റെ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് ഹാര്‍ട്ട്വിഗ് ഷാഫര്‍ പറഞ്ഞു.
കൊവിഡ്-19 ഇന്ത്യയെ മാത്രമല്ല, ദക്ഷിണേഷ്യയെയും വളരെയധികം ബാധിക്കുമെന്നും ഈ പ്രദേശങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെ നേടിയ നേട്ടങ്ങള്‍ മഹാമാരിയിലൂടെ നഷ്ടപ്പെടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി.ഈ മേഖലയിലെ എട്ട് രാജ്യങ്ങളില്‍ കടുത്ത സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനം നിര്‍ത്തലാവുക , വ്യാപാരം തകരുക, സാമ്പത്തിക, ബാങ്കിംഗ് മേഖലകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുക തുടങ്ങിയവ മൂലമാണിത്.ആരോഗ്യ അടിയന്തരാവസ്ഥ തടയുന്നതിനും ദരിദ്രരും ഏറ്റവും ദുര്‍ബലരുമായവരെ സംരക്ഷിക്കുന്നതിനും, അതിവേഗ സാമ്പത്തിക വീണ്ടെടുക്കലിന് വേദിയൊരുക്കുന്നതിനും ദക്ഷിണേഷ്യന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കണം.
നാല്‍പത് കൊല്ലത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നീങ്ങുന്നത്.ലോകവ്യാപക ലോക്ക്ഡൗണുകള്‍ സാധാരണ ജനജീവിതത്തില്‍ സൃഷ്ടിച്ച നിശ്ചലാവസ്ഥ ഗുരുതരമായി ബാധിച്ചത് തൊഴിലാളികളെയാണ്. വ്യാവസായികസാമ്പത്തിക മേഖലകള്‍ അഭിമുഖീകരിച്ച അനിശ്ചിതാവസ്ഥയില്‍ നിരവധി പേരാണ് തൊഴില്‍രഹിതരായത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ടൂറിസം, വസ്ത്ര വ്യാപാര മേഖലകള്‍ തകര്‍ന്നടിഞ്ഞെന്നും ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും വികാരം വഷളായെന്നും വിദേശ മൂലധനം പിന്‍വലിക്കപ്പെടുന്നതായും ലോക ബാങ്ക് അറിയിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ പൊതു ബാങ്കുകള്‍ക്ക് ഒരു പ്രധാന പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സാമ്പത്തികപിന്തുണയും പ്രത്യേകപരിഗണനയും നല്‍കുന്ന നയങ്ങള്‍ രൂപീകരിച്ച് നടപ്പാക്കേണ്ടതുണ്ട്. മറിച്ചായാല്‍ സാമൂഹിക അസന്തുലിതാവസ്ഥ രൂക്ഷമാവും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline