ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കരുത്: ഐഎംഎ

കേരളത്തിലെ ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കുന്നത് കോവിഡ് രോഗത്തിന്റെ വ്യാപന തോത് നിയന്ത്രണാതീതമാക്കുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. സമൂഹവ്യാപനം നടക്കുന്നുവെന്ന നിഗമനമുള്ളപ്പോള്‍ ഈ നടപടി ഒഴിവാക്കുകയാണു വേണ്ടതെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.

ജീവിതാവശ്യങ്ങള്‍ക്കായി ഇളവുകള്‍ നല്‍കി പുറത്തിറങ്ങിയവര്‍ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്‌ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ സഹോദരര്‍ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടതെന്ന് ഐഎംഎ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒട്ടേറെ പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാന്‍.

ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി ഞങ്ങള്‍ നല്‍കുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഓര്‍മിപ്പിക്കുന്നു. അത്തരമൊരു സാഹചര്യം വന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും- ഐഎംഎ അറിയിച്ചു.

മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവാന്‍ അനുവദിക്കരുത്. ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് തന്നെയാണ് ഐ എം എ യുടെ സുചിന്തിതമായ അഭിപ്രായമെന്നും ഐഎംഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം, സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ മടിക്കേണ്ടതില്ല എന്നാണ് പ്രമുഖ ശിശു രോഗ ചികിത്സാ വിദഗ്ധനും ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മേധാവിയുമായ ഡോ. ടി. ജേക്കബ് ജോണ്‍ ഒരു മാധ്യമത്തോട് അഭിപ്രായപ്പെട്ടത്. വിദേശത്ത് പലയിടങ്ങളിലും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാസ്‌ക് ധരിച്ചാല്‍ ആറടി അകലമൊന്നും വേണ്ട. രണ്ടടി അകലം ധാരാളമാണ്. കുട്ടികളില്‍നിന്നു മുതിര്‍ന്നവരിലേക്ക് കൊവിഡ് 19 പകരുന്നതിന് വലിയ തെളിവുകളൊന്നുമില്ല. കുട്ടികളുടെ ശ്വാസകോശത്തില്‍ പൊതുവെ കൊറോണ വൈറസിന്റെ അളവ് കുറവാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അണുബാധയുണ്ടാവും പക്ഷേ, രോഗികളാവുന്നില്ല എന്നതാണ് ഇതുകൊണ്ട് സംഭവിക്കുന്നത് - ഡോ.ജേക്കബ് ജോണ്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it