സമ്പദ് വ്യവസ്ഥ തകര്‍ത്ത് വൈറസ് വേട്ട വേണ്ടെന്ന് ചൈനീസ് പ്രസിഡന്റ്

കൊറോണ വൈറസിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ യെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.പണം ഏറെ ചെലവാക്കിയുള്ള കൂടുതല്‍ നിയന്ത്രണ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും പേരു വെളിപ്പെടുത്താത്ത രണ്ട് ഉന്നത വ്യക്തകള്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.

പകര്‍ച്ചവ്യാധിയുടെ തീവ്രതയുമായി ബന്ധപ്പെട്ട് വിവിധ സാമ്പത്തിക വകുപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ വികസന, പരിഷ്‌കരണ കമ്മീഷന്റെ (എന്‍ഡിആര്‍സി) യോഗത്തില്‍ അവലോകനം ചെയ്ത ശേഷം പോളിറ്റ് ബ്യൂറോയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് വൈറസ് പ്രതിരോധിക്കാനുള്ള യത്‌നം സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതായുള്ള നിരീക്ഷണം ഷി ജിന്‍പിംഗ് പ്രകടമാക്കിയത്. കൂടുതല്‍ നിയന്ത്രണപരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വൈറസ് ആദ്യം പിടിപെട്ട വുഹാന്‍ പ്രദേശത്ത് സ്‌കൂളുകളും ഫാക്ടറികളും അടച്ചുപൂട്ടി. റോഡുകളും റെയില്‍വേകളും ബന്ധിച്ചു. പൊതു പരിപാടികള്‍ നിരോധിക്കുകയും റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകള്‍ പൂട്ടിയിടുകയും ചെയ്തു. അത്തരം നടപടികളില്‍ ചിലത് പ്രായോഗികമായി ഫലപ്രദമാകില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വിതച്ചെന്നും ഷി പറഞ്ഞു. എന്നാല്‍, പോളിറ്റ് ബ്യൂറോ യോഗത്തെക്കുറിച്ചുള്ള

ഔദ്യോഗിക റിപ്പോര്‍ട്ടുകളിലൊന്നും ഷിയുടെ ഈ പരാമര്‍ശങ്ങളില്ല.

അതേസമയം, പകര്‍ച്ചവ്യാധി മൂലം സമ്പദ് വ്യവസ്ഥ സമ്മര്‍ദ്ദം നേരിടുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തേണ്ടത് കൂടുതല്‍ പ്രധാനമാണെന്ന് ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് വൈസ് ഗവര്‍ണര്‍ പാന്‍ ഗോങ്ഷെംഗ് പറഞ്ഞു.ഇതിനിടെ സാമ്പത്തിക കാര്യക്ഷമത ഉറപ്പാക്കാന്‍ ചൈന പുതിയ നികുതി നയങ്ങള്‍ പുറത്തിറക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണ വകുപ്പ് കഴിഞ്ഞയാഴ്ച സംസ്ഥാന മാധ്യമങ്ങളോട് 'സാമ്പത്തിക വീണ്ടെടുക്കല്‍' ആശയങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. 'പോസിറ്റീവ് മൂഡ്' ഉപയോഗിച്ച് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ് ലി എഡിറ്റോറിയലിലൂടെ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it