കോവിഡ് മൂലം കൂടുതല്‍ ജോലി നഷ്ടമാകുന്നത് യുവാക്കള്‍ക്ക്, കാരണമിതാണ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക മേഖലയാകെ ഉലയുമ്പോള്‍ ജോലി നഷ്ടപ്പെടുന്നവരില്‍ കൂടുതലും 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തിലാണ് കോവിഡ് യുവാക്കള്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയതെന്ന കണ്ടെത്തല്‍.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 20 നും 39നും ഇടയില്‍ പ്രായമുള്ള തൊഴിലുള്ള യുവാക്കളുടെ എണ്ണം ഒന്‍പത് ശതമാനം കുറഞ്ഞു. അതേസമയം 40-49 പ്രായമുള്ളവരുടെ എണ്ണത്തില്‍ 4.3 ശതമാനം കുറവേ ഉണ്ടായുള്ളൂവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ട 40 ല്‍ താഴെ പ്രായമുള്ളവരുടെ എണ്ണം 1.96 കോടിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കു മുമ്പു തന്നെ സാമ്പത്തിക മേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വന്ന കുറവ്, പ്രവര്‍ത്തന പരിചയം കുറഞ്ഞ ജീവനക്കാരെ ഒഴിവാക്കാന്‍ കമ്പനികള്‍ തയാറായത്, പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം തടസ്സം നേരിട്ടത് എന്നിവയെല്ലാം യുവാക്കളുടെ പ്രതിസന്ധി കാരണമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബിസിനസ് മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ചുരുങ്ങിയത് 40 ലക്ഷം യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it