കേരള എം.പിമാരില്‍ ഏറ്റവും 'ദരിദ്രന്‍' രാധാകൃഷ്ണന്‍; 18 പേര്‍ കോടിപതികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് വിജയിച്ച 20 എം.പിമാരില്‍ 18 പേരും കോടീശ്വരന്‍മാര്‍. ഒരു കോടിയിലധികം ആസ്തിയുള്ളവരാണ് ഇവരെല്ലാം.

തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച ശശി തരൂരും വയാനാടിന്റെ മനസ് കവര്‍ന്ന രാഹുല്‍ ഗാന്ധിയും തൃശൂരിനെ സ്വന്തമാക്കിയ സുരേഷ് ഗോപിയുമാണ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും വലിയ കോടീശ്വരന്‍മാര്‍. ശശി തരൂരിന്റെ മൊത്തം ആസ്തി 56.06 കോടിയും രാഹുല്‍ഗാന്ധിയുടേത് 20.39 കോടിയും സുരേഷ് ഗോപിയുടേത് 18.58 കോടി രൂപയുമാണ്.
ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ച് വിജയിച്ച അടൂര്‍ പ്രകാശാണ് 18.09 കോടി രൂപ ആസ്തിയുമായി ഇവര്‍ക്ക് പിന്നിലുള്ളത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്ന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

രണ്ട് പേര്‍ ലക്ഷപ്രഭുക്കള്‍
രണ്ട് എം.പിമാരുടെ മാത്രം ആസ്തിയാണ് ഒരു കോടി കടക്കാതിരുന്നത്. വടകരയില്‍ നിന്ന് മത്സരിച്ച ഷാഫി പറമ്പിലിന്റെ ആസ്തി 99.34 ലക്ഷവും എല്‍.ഡി.എഫിന്റെ ഏക എം.പി സാന്നിധ്യമായ ആലത്തൂർ മണ്ഡലത്തിൽ നിന്നുള്ള മന്ത്രിയും മുൻ സ്‌പീക്കറുമായ കെ.രാധാകൃഷ്ണന്റെ ആസ്തി 40.14 ലക്ഷവുമാണ്.

കേരളത്തില്‍ നിന്നുള്ള കോടീശ്വരന്‍മാരായ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 2009 മുതല്‍ വര്‍ധിച്ചു വരികയാണ്. ആ വര്‍ഷം ഒമ്പത് സ്ഥാനാര്‍ത്ഥികളായിരുന്നു കോടീശ്വരപട്ടികയിലുണ്ടായിരുന്നതെങ്കില്‍ 2014ലെ തിരഞ്ഞെടുപ്പിലിത് 39 ആയി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 45ലുമെത്തി. ഈ വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 53 സ്ഥാനാര്‍ത്ഥികളാണ് ഒരു കോടിയിലധികം ആസ്തിയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.

മറ്റ് എം.പിമാരുടെ ആസ്തി ഇങ്ങനെ

* കെ ഫ്രാന്‍സിസ് (കോട്ടയം-9.5 കോടി രൂപ)
* കെ.സുധാകരന്‍ (കണ്ണൂര്‍-6.29 കോടി രൂപ)
* കെ.സി വേണുഗോപാല്‍ (ആലപ്പുഴ-3.6 കോടി രൂപ)
* ബെന്നി ബെഹനാന്‍ (ചാലക്കുടി-3.5 കോടി രൂപ)
* ഹൈബി ഈഡന്‍ (എറണാകുളം-3.38 കോടി രൂപ),
* രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍ഗോഡ്-3.2 കോടി രൂപ)
* എന്‍.കെ പ്രേമചന്ദ്രന്‍ (കൊല്ലം-3.11 കോടി രൂപ)
* എം.കെ രാഘവന്‍ (കോഴിക്കോട്-2.49 കോടി രൂപ)
* എം.പി അബ്ദുസമദ് സമദാനി (പൊന്നാനി-2.19 കോടി രൂപ)
* ഡീന്‍ കുര്യാക്കോസ് (ഇടുക്കി-2.07 കോടി രൂപ)
* ഇ.ടി മുഹമ്മദ് ബഷീര്‍ (മലപ്പുറം-2.02 കോടി രൂപ)
* കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര-1.5 കോടി രൂപ)
* ആന്റോ ആന്റണി (പത്തനംതിട്ട-1.24 കോടി രൂപ)
* വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്- 1.24 കോടി രൂപ)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മുന്നണി 20ല്‍ 18 സീറ്റുകളും നേടി ഒന്നാമതെത്തിയപ്പോള്‍ ഓരോ സീറ്റു വീതമാണ് എല്‍.ഡി.എഫും ബി.ജെ.പിയും സ്വന്തമാക്കിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it